2010-06-23 19:38:17

അഭയാര്‍ത്ഥികളോടുള്ള നിലപാട് പ്രതികൂലമെന്ന്
പരിശുദ്ധ സിംഹാസനത്തിന്‍റെ നിരീക്ഷകന്‍


23 ജൂണ്‍ 2010
ആഗോള തലത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സംരക്ഷണം നല്കേണ്ടതാണെന്ന്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, ഐക്യരാഷ്ട്ര സംഘടനയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകന്‍ അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 22-ാം തിയതി ചെവ്വാഴ്ച, ഐക്യരാഷ്ട്രസംഘടയുടെ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഉന്നതതല കമ്മിഷന്‍റെ ജനീവയില്‍ നടന്ന
48-ാമത് സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്പ് തൊമാസി. ലോകത്ത് നിലവിലുള്ള രാഷ്ടീയ നിലപാടുകള്‍ മാനുഷിക പരിഗണനയര്‍ഹിക്കുന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പ്രതികൂലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സംഘടനയുടെ
2009-ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് 400 ലക്ഷത്തില്‍പ്പരം അഭയാര്‍ത്ഥികള്‍ ലോകത്തിന്‍റെ വിവിധി ഭാഗങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഏറെ ക്ലേശങ്ങളില്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
വര്‍ദ്ധിച്ചു വരുന്ന ആഗോള അഭയാര്‍ത്ഥി പ്രതിഭാസത്തെ നേരിടേണ്ടത്, അവരെ പ്രഭവസ്ഥാനങ്ങളിലേയ്ക്ക് തിരികെ അയച്ചുകൊണ്ടല്ല,
മറിച്ച് സുരക്ഷിതത്വവും മനുഷ്യാന്തസ്സും അവകാശങ്ങളും പരിഗണിച്ചുകൊണ്ട് അതാതു രാജ്യങ്ങള്‍ അവര്‍ക്കുവേണ്ടി സംരക്ഷണപദ്ധതികള്‍ എത്രയും വേഗം ആരംഭിച്ചുകൊണ്ടാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോടഭ്യര്‍ത്ഥിച്ചു. ജൂണ്‍ 20-ാം തിയതി ഐക്യരാഷ്ട്ര സംഘടനയാഘോഷിച്ച ലോക അഭയാര്‍ത്ഥി ദിനത്തെ തുടര്‍ന്നാണ് ജനീവയിലെ യുഎന്‍ കേന്ദ്രത്തില്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഉന്നതതല കമ്മിഷന്‍ യോഗംചേര്‍ന്നത്.All the contents on this site are copyrighted ©.