2010-06-16 20:20:54

കുട്ടികളുടെമേലുള്ള ശാരീരികപീഡനങ്ങള്‍
നിര്‍ത്തലാക്കണമെന്ന്


16 ജൂണ്‍ 2010
അച്ചടക്കത്തിന്‍റെപേരില്‍ കുട്ടികളുടെമേലുള്ള ശാരീരികപീഡനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന്, ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ ജോര്‍ജ്ജ് പ്ലത്തോട്ടം ഡല്‍ഹിയില്‍ പ്രസ്താവിച്ചു. കൂട്ടികളുടെ നേര്‍ക്കുള്ള ശാരിക പീഡനങ്ങള്‍ ആഗോളതലത്തില്‍ മനുഷ്യന്‍റെ ക്രൂരതയുടെ ഒരു പ്രതിഭാസമായി വളര്‍ന്നു വരികയാണെന്ന് സലേഷ്യന്‍ വൈദികനായ ജോര്‍ജ്ജ് പ്ലത്തോട്ടം അഭിപ്രായ്പ്പെട്ടു. അദ്ധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടിയിറക്കിയ ജൂണ്‍ മാസത്തിലെ സി.ബി.സി.ഐ. വാര്‍ത്താബുള്ളറ്റിനിലാണ് അദ്ദേഹം ഇങ്ങിനെ പ്രസ്താവിച്ചത്.
കുട്ടികളുടെ അച്ചടക്കത്തിനും, ഉത്തരവാദിത്തങ്ങള്‍ ശരിയായി നിര്‍വ്വഹിക്കുന്നതിനും, തെറ്റുകള്‍ തിരുത്തുന്നതിനും, സ്വഭാവശുദ്ധിക്കും ശാരീരിക ശിക്ഷകള്‍ അത്യന്താപേക്ഷിമാണെന്നു ചിന്തിക്കുന്ന വരാണ് ഇന്ത്യയിലെ അധികം മാതാപിതാക്കളും അദ്ധ്യപകരുമെന്ന് അദ്ദേഹം പഠനങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കി. വീട്ടില്‍ തുടങ്ങുന്ന പീഡനങ്ങള്‍, സ്കൂളില്‍ അദ്ധ്യാപകര്‍ ഏറ്റെടുക്കുകയാണെന്നും, പീന്നീട് അത് പൊല്ലീസ് തുടങ്ങി അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കുട്ടികളുടെമേല്‍ ചെലുത്തുന്ന ശാരീരിക പീഡനങ്ങളും
അതുവഴിയുണ്ടാകുന്ന മാനസീക പിരിമുറുക്കവും വരുത്തി വയ്ക്കുന്ന വിപരീത ഫലങ്ങള്‍ മുതിര്‍ന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു സംസാരവൈകല്യം, മന്ദത, ലക്ഷൃബോധം നഷ്ടമാകല്‍ തുടങ്ങി അംഗവൈകല്യംവരെയുള്ള പ്രത്യാഘാതങ്ങള്‍ ക്രൂരമായ ശാരീരിക പീഡനങ്ങളുടെ ഫലമായി കുട്ടികള്‍ ഇന്ത്യയില്‍ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാന്യമായി വളരാനുള്ള അവരുടെ അടിസ്ഥാനാവകാശങ്ങളുടെ നിഷേധമാണ് കുട്ടികളുടെ മേലുള്ള ശാരീരിക പീഡനങ്ങളെന്നും, അതുവഴി അവരുടെ സ്വാഭാവികമായ വളര്‍ച്ചയെയും മനുഷ്യാന്തസ്സിനെയും തകര്‍്ക്കുകയാണെന്നും സിബിസിഐ സെക്രട്ടറി കുറ്റപ്പെടുത്തി. ഭാരതത്തിലെ ഏതാനും സംസ്ഥാനങ്ങള്‍ നിയമപരമായി കുട്ടികളുടെ ശാരീരിക പീഡനം തടഞ്ഞിട്ടുണ്ടെങ്കിലും ദേശീയ തലത്തില്‍ നിയമ നടപിടികളൊന്നും എടുത്തിട്ടില്ലെന്നും ഫാദര്‍ പ്ളത്തോട്ടം ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.