2010-06-10 16:25:17

സഭയിലുള്ള കൂട്ടായ്മ
പൗരോഹിത്യത്തിന്‍റെ ഉറപ്പ്


10 ജൂണ്‍ 2010
സഭയിലുള്ള കൂട്ടായ്മയാണ് പൗരോഹിത്യത്തിന് ഉറപ്പും നിസ്വാര്‍ത്ഥ സമര്‍പ്പണവും നല്കുന്നതെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവിച്ചു. ആഗോള വൈദികവത്സര സമാപനപരിപാടികളുടെ രണ്ടാം ദിവസമായ ജൂണ്‍ 9-ാം തിയതി, ബുധനാഴ്ച, വൈകുന്നേരം, വത്തിക്കാനിലെ പോള്‍ ആറാമന്‍ പാപ്പായുടെ നാമധേയത്തിലുള്ള ഹാളില്‍ സമ്മേളിച്ച ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വൈദികരെ, വൈദികര്‍ ഇന്ന്, എന്ന പരിപാടിയിലേയ്ക്കു സ്വാഗതംചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍ ബര്‍ത്തോണേ.
വൈദിക കൂട്ടായ്മയുടെ മുന്നില്‍ താന്‍ നില്കുന്നത് മാര്‍പാപ്പയുടെ സ്നേഹവും ആശംസയും ആശീര്‍വ്വാദവും നേര്‍ന്നുകൊണ്ടാണെന്നും, വൈദികന്‍ കൂട്ടായ്മയുടെ ഒരു വ്യക്തിയാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ആഹ്വാനംചെയ്തു. കൂട്ടായ്മയുടെ നിശ്വാസം, സഭയാകുന്ന ശരീരത്തിന് ജീവന്‍ പകരുന്നു. കൂട്ടായ്മയുടെ ഘടനയാണ് ഒരു വൈദികനെ മെത്രാന്‍റെ പൗരോഹിത്യത്തില്‍ പങ്കാളിയാക്കുന്നതും അത് വീണ്ടും അല്മായരുമായി പങ്കുവയ്ക്കുന്നതുമെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വൈദികരെ ഓര്‍പ്പിച്ചു.
ക്രിസ്തുവിന്‍റെ ആഗമനത്താല്‍ സമാരംഭിക്കുകയും നിരന്തരമായി പഠിപ്പിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്ത വചനം, പുതുയുഗത്തിലും വളര്‍ത്തിയെടുക്കാന്‍ ഇന്നത്തെ ലോകത്തിനും സഭയ്ക്കും പുതുയുഗത്തിന്‍റെ പ്രവാചകന്മാരായ വൈദികരെ ആവശ്യമാണെന്നും, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, പോള്‍ ആറാമന്‍ ഹാളില്‍ നിറഞ്ഞുനിന്ന വൈദിക കൂട്ടായ്മയോട് ഉത്ബോധിപ്പിച്ചു. തുടര്‍ന്നു നടന്ന വൈദികരുടെ പങ്കുവയ്ക്കലിന്‍റെയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെയുള്ള കൂട്ടായ്മയുടെ ആഘോഷങ്ങളെയും തുടര്‍ന്ന്, വൈദികര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസ് നയിച്ച സായാഹ്ന പ്രാര്‍ത്ഥനയായിരുന്നു.







All the contents on this site are copyrighted ©.