2010-06-10 16:47:26

ഫാദര്‍ ആന്‍റെണി പിന്‍ഹേയിരോ ഒസിഡി
റോമില്‍ അന്തരിച്ചു.


 9 ജൂണ്‍ 2010
കര്‍മ്മലീത്താ നിഷ്പാദുക സഭ, മഞ്ഞുമ്മല്‍ പ്രോവിന്‍സിലെ അംഗവും കനോന്‍ നിയമപണ്ഡിതനുമായ ഫാദര്‍ ആന്‍റെണി പിന്‍ഹേയിരോ, ദൈവദാസരായ ഫാദര്‍ സക്കറിയാസ്, ഫാദര്‍ ഔറോലിയന്‍, ഏലീശ്വാമ്മ എന്നിവരുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ എന്ന നിലയില്‍ റോമില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ജൂണ്‍ 7-ാം തിയതി തിങ്കളാഴ്ച രാത്രി ആകസ്മികമായി മരണമടഞ്ഞത്. കര്‍മ്മലീത്താ സഭയുടെ, റോമിലുള്ള കോര്‍സോ ഇറ്റാലിയായിലെ ജനറലേറ്റില്‍വച്ചാണ് ഡയബെറ്റിക്സ് രോഗകാരണങ്ങളാല്‍ ഫാദര്‍ ആന്‍റെണി രാത്രി വിശ്രമത്തിനിടയില്‍ മരണമടഞ്ഞത്. കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാവിന്‍റെ ഇടവകയില്‍ 1949-ല്‍ ജനിച്ച ഫാദര്‍ ആന്‍റെണി പിന്‍ഹെയിരോ,
1968-ല്‍ കര്‍മ്മലീത്താ നിഷ്പാദുക സഭയിലെ മഞ്ഞുമ്മല്‍ പ്രോവിന്‍സില്‍ സന്യാസവ്രതമെടുത്തു, 1975-ല്‍ വരാപ്പുഴ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോസഫ് കേളന്തറയില്‍നിന്നും പൗരോഹിത്യ പട്ടംസ്വീകരിച്ചു.
മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സമൂഹ്യശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു കനോനാ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള ഫാദര്‍ ആന്‍റെണി മികവുറ്റ അദ്ധ്യപകന്‍, ആത്മീയഗുരു, വചനപ്രഘോഷകന്‍ എന്നീ നിലകളില്‍ കേരളസഭയ്ക്ക് നിസ്തുല സേവനമാണ് നല്കിയിട്ടുള്ളത്.

ആലുവ പൊന്‍ന്തിഫിക്കല്‍ സെമിനാരി, കര്‍മ്മലീത്താസഭയുടെ ദൈവശാസ്ത്ര പഠന കേന്ദ്രമായ കളമശ്ശേരിയിലെ ജ്യോതിര്‍ ഭവന്‍ എന്നിവിടങ്ങളില്‍ കാനോന നിയമ വിഷയത്തിന്‍റെ പ്രഫസറായും, വരാപ്പുഴാ അതിരൂപതയുടെയും
ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും
കനോന നിയമോപദേഷ്ഠാവായും സേവനമുഷ്ഠിക്കുമ്പോഴാണ്,
കര്‍മ്മലീത്താ സഭ അദ്ദേഹത്തെ നാമകരണ നടപിടികള്‍ക്കുള്ള പോസ്റ്റുലേറ്ററായി നിയമിച്ചത്. മഞ്ഞുമ്മല്‍ പ്രോവിന്‍സിന്‍റെ കൗണ്‍സിലറായും ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളുടെ റെക്ടറായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഫാദര്‍ ആന്‍റെണി പിന്‍ഹേരോയുടെ ഭൗതീകാവശിഷ്ടങ്ങള്‍ ഇറ്റലിയിലെ ഔദ്യോഗിക നടപിടികള്‍ക്കു ശേഷം, നാട്ടില്‍ മഞ്ഞുമ്മല്‍ ആശ്രമദേവാലയത്തില്‍ സംസ്കരിക്കും, അന്തിമോപചാരശുശ്രൂഷയുടെ ദിവസവും സമയവും ഔദ്യോഗിക നടപിടികള്‍ക്കുശേഷം അറിയിക്കുന്നതാണ്.
Holy Mass offered for the deceased at Chiesa Santa Teresa,
37, Corso di Italia







All the contents on this site are copyrighted ©.