2010-06-09 17:31:43

മാര്‍പാപ്പയ്ക്കൊപ്പമുള്ള
വൈദികവത്സര സമാപനപരിപാടികള്‍


 ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രഖ്യപിച്ച ആഗോള പൗരോഹിത്യ വത്സരത്തിന്‍റെ സമാപനപരിപാടികള്‍ റോമില്‍ ആരംഭിച്ചു.
ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി എത്തിയിട്ടുള്ള 10,000-ത്തോളം വരുന്ന വൈദികരുടെ കൂട്ടായ്മ ഈ സമ്മേനത്തിന്‍റെ സവിശേഷതയും ആഗോളസഭയിലെ ആദ്യ സംഭവവുമാണ്. സംഘാടനത്തിന്‍റെ സൗകര്യാര്‍ത്ഥം മൂന്നുവേദികളിലായിട്ടാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. റോമിലെ ലാറ്ററന്‍ ബസിലിക്ക, റോമന്‍ ചുവരിനു വെളിയിലുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്ക, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരം എന്നിവയാണവ. ജൂണ്‍ 9-ാം തിയതി ബുധനാഴ്ച രാവിലെ റോമന്‍ ചുവരിനുപുറത്തുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്കായില്‍ രാവിലെ 9 മണിക്ക് ജര്‍മ്മനിയിലെ കൊളോണ്‍ രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജൊവാക്കിം മെയ്സ്നര്‍ നയിച്ച , അനുരഞ്ജനവും പ്രേഷിതദൗത്യവും എന്ന ധ്യാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. റോമിലെ ലാറ്ററന്‍ ബസിലിക്കായില്‍ സമ്മേളിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയും ധ്യാനത്തിന്‍റെ തല്‍സമയ സംപ്രേക്ഷണം നടത്തപ്പെട്ടു. ധ്യാനത്തെത്തുടര്‍ന്ന് ആര്‍ച്ചുബിഷപ്പ് മെയ്സ്നറുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലി വിശുദ്ധ പൗലോസിന്‍റെ ബസിലിക്കായില്‍ അര്‍പ്പിക്കപ്പെട്ടപ്പോള്‍, വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മാവുരോ പിയെച്ചെന്‍സായുടെ കാര്‍മ്മികത്വത്തിലുള്ള സമൂഹബലി ലാറ്ററന്‍ ബസിലിക്കായിലും അര്‍പ്പിക്കപ്പെട്ടു. വ്യാഴാചത്തെ മറ്റു പരിപാടികള്‍ വൈകുന്നേരം 4 മണിമുതല്‍ 7-മണിവരെ വത്തിക്കാനിലുള്ള പോള്‍ ആറാമന്‍ പാപ്പയുടെ നാമഥേയത്തിലുള്ള ഹാളില്‍ ആയിരുന്നു. ജെര്‍മ്മനിയില്‍നിന്നുള്ള ഫോക്കലോര്‍ സംഘടയും, ആഗോള കരിസ്മാറ്റിക് പ്രസ്താനവും മറ്റു സഭാസംഘടകളുടെയും നേതൃത്വത്തിലുള്ള വൈദികര്‍ ഇന്ന്, എന്ന ശീര്‍ഷകത്തിലുള്ള ദൃശ്യ-ശ്രാവ്യവിരുന്നായിരുന്നു പോള്‍ ആറാമന്‍ ശാലയില്‍ നടന്നത്. വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്റ്റ്, കര്‍ദ്ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസ് നയിച്ച സായാഹ്നപ്രാര്‍ത്ഥനയോടെയാണ് ആദ്യദിനത്തെ ആഗോള വൈദികസമ്മേളനം സമാപിച്ചത്.
ജൂണ്‍ 10, 11 വെള്ളി ശനി ദിവസങ്ങളിലുള്ള പരിപാടികള്‍ മാര്‍പാപ്പയോടൊപ്പമുള്ളതാണെന്നുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധേയമാകുന്നു.







All the contents on this site are copyrighted ©.