2010-06-05 19:49:22

സൈപ്രസ്സില്‍ മാര്‍പാപ്പയ്ക്കൊപ്പം
സഭൈക്യ പ്രാര്‍ത്ഥനാ ശുശ്രൂഷ


5 ജൂണ്‍ 2010
പാഫോസിലുള്ള വിശുദ്ധ ആഗിയാ ക്രിസൊപ്പൊളിത്തീസിന്‍റെ ദേവാലയം
1987 മുതല്‍ അന്നത്തെ ഓര്‍ത്തഡോക്സ് മെത്രാന്‍റെ താല്പര്യപ്രകാരം ഇതര ക്രൈസ്തവ സഭകള്‍ക്കായും തുറന്നു കൊടുക്കപ്പെട്ടതാണ്. ഇന്നത്തെ ദേവാലയത്തിനു മുന്നില്‍ നാലാം നൂറ്റാണ്ടില്‍ അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യന്‍ ബസിലിക്കായുടെ അവശിഷ്ടങ്ങള്‍ ഈ ദേവാലയത്തിന്‍റെ മുന്നില്‍ നിലനില്ക്കുന്നുണ്ട്.
ദേവാലയ കവാടത്തില്‍വച്ച് ഇടവക വികാരി ഫാദര്‍ ഏലിയാസ് പാപ്പായെ സ്വീകരിച്ചാനയിച്ചു. ഏറെ പുരാതനവും ജനങ്ങള്‍ വിശ്വാസപൂര്‍വ്വം സമീപിക്കുന്നതുമായ പൗലോസിന്‍റെ ഓര്‍മ്മയ്ക്കായുള്ള സ്തംഭം മുന്നില്‍ ഉയര്‍ന്നു നില്ക്കുന്നതു നോക്കി കണ്ടുകൊണ്ടും പാഫോസിലെ ആഗിയാ ദേവാലയാങ്കണത്തില്‍ സമ്മേളിച്ച ആയിരക്കണക്കിന് വിശ്വാസികളെ അഭിവാദ്യംചെയ്തുകൊണ്ടും മാര്‍പാപ്പാ ദേവാലയത്തിന്‍റെ പഴയ കവാടത്തിലൂടെ പ്രവേശിച്ചു. അള്‍ത്താരയിലുള്ള ക്രിസ്തുവിന്‍റെ പുരാതന പൗരസ്ത്യശൈലിയിലുള്ള ഛായാ-ചിത്രത്തിനുമുന്നില്‍ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാ ശിശ്രൂഷയ്ക്കായി ജനങ്ങള്‍ സമ്മേളിച്ചിരിക്കുന്ന പുതിയ കവാടത്തിനു മുന്നിലൊരുക്കിയിട്ടുള്ള വേദിയിലേയ്ക്കു നീങ്ങി.

സൈപ്രസ്സിലെ ഓര്‍ത്തഡോക്സ് സഭാ തലവന്‍ ആര്‍ച്ചുബിഷപ്പ് ക്രിസോസ്റ്റം രണ്ടാമന്‍ മാര്‍പാപ്പായ്ക്ക് സ്വാഗതമാശംസിച്ചതിനെ തുടര്‍ന്ന്, അപ്പസ്തോല നടപടി പുസ്തകത്തില്‍നിന്നും സൈപ്രസ്സിലേയ്ക്കുള്ള പൗലോസ് അപ്പസ്തോലന്‍റേയും സഹയാത്രികനായിരുന്ന വിശുദ്ധ ബാര്‍ണ്ണബാസിന്‍റേയും സന്ദര്‍ശന വിവരണം വായിച്ചു. അപ്പസ്തോല നടപിടി 13-ാം അദ്ധ്യായം 1-12 വരെ വാക്യങ്ങള്‍. വിശുദ്ധ ഗ്രന്ഥ പാരായണത്തെ അധികരിച്ച് മാര്‍പാപ്പ പ്രഭാഷണം നടത്തി. തുടര്‍ന്ന് എല്ലാവരുംചേര്‍ന്ന് മാര്‍പാപ്പയോടൊപ്പം –‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ദേശീയ ഭാഷയായ ഗ്രീക്കില്‍ ചൊല്ലിയത് ഹൃദയസ്പര്‍ശിയായിരുന്നു. സമാപനമായി ഒരു പുരാതന ബൈസാന്‍റൈന്‍ ഗാനം ആലപിക്കപ്പെട്ടു. പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കുശേഷം മാര്‍പാപ്പ പാഫോസിലെ ലത്തീന്‍ കത്തോലിക്കാ സമൂഹം ആരംഭിക്കുവാന്‍ പോകുന്ന വൃദ്ധമന്ദരിത്തിന്‍റെ ഫലകം ആശീര്‍വ്വദിച്ചു നല്കി. വേദിയില്‍നിന്നും ഇറങ്ങുന്നതിനു മുന്‍പ്, പാഫോസിന്‍റെ മേയര്‍ മാര്‍പാപ്പയ്ക്ക് സ്നേഹോപഹാരം നല്കി ആദരിച്ചു.







All the contents on this site are copyrighted ©.