2010-06-04 20:14:53

മാര്‍പാപ്പയുടെ സൈപ്രസ്സ് സന്ദര്‍ശനം


4 ജൂണ്‍ 2010
ബനഡിക്ട് 16-മന്‍ മാര്‍പാപ്പയുടെ ഇറ്റലിക്കു പുറത്തേയ്ക്കുള്ള 16-ാമത് അപ്പസ്തോലിക തീര്‍ത്ഥാടനമാണ് മദ്ധ്യധരണി ആഴിയിലെ ദ്വീപുരാജ്യമായ സൈപ്രസ്സിലേയ്ക്കുള്ളത്. യൂറോപ്പിലെ വളരെ പൗരാണികമായ ക്രിസ്തുമത കേന്ദ്രമാണ് സൈപ്രസ്സെങ്കിലും, ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഈ മണ്ണിലെത്തുന്നത്. വിശുദ്ധ പൗലോസ് അപ്പസ്തോലാണ് അവിടെ വിശ്വാസത്തിന്‍റെ വിളക്കു തെളിച്ചത്. അപ്പസ്തോലന്‍റെ സഹയാത്രികനും ദ്വീപില്‍ സുവിശേഷപ്രഘോഷണം നടത്തിയിട്ടുമുള്ള വിശുദ്ധ ബാര്‍നബാസിനെ അവിടത്തെ സഭാസ്ഥപകനായി കണക്കാക്കുന്നു. ഒക്ടോബര്‍ മാസത്തില്‍ റോമില്‍ നടക്കുവാന്‍ പോകുന്ന മദ്ധ്യപൂര്‍വ്വപ്രദേശങ്ങള്‍ക്കുവേണ്ടിയുള്ള മെത്രാന്മാരുടെ പ്രഥമ സിനഡിനിന്‍റെ കര്‍മ്മരേഖ Instrumentum Laboris മാര്‍പാപ്പ തന്‍റെ സന്ദര്‍ശനമദ്ധ്യേ പ്രകാശനംചെയ്യുന്നത് ഈ അപ്പസ്തോലിക തീര്‍ത്ഥാടനത്തിന് ഒരു ചരിത്രമാനം നല്കുന്നു.
ജൂണ്‍ 4-ാം തിയതി വെള്ളിയാഴ്ച രാവിലെ ഇററലിയിലെ പ്രാദേശിക സമയും രാവിലെ 9 മണിക്ക് മാര്‍പാപ്പ വത്തിക്കാന്‍ തോട്ടത്തിലുള്ള വിശുദ്ധ ഡമാസോയുടെ ചത്വരത്തില്‍നിന്നും ഹെലികോപ്റ്റരില്‍ 35 കിലോമീറ്റര്‍ സഞ്ചരിച്ച് റോമിലെ ലിയൊനാര്‍ദോ വീന്‍ചി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. അവിടെനിന്നും അല്‍ ഇത്താലിയായുടെ 320 എയര്‍ ബസ്സ് വിമാനത്തിലാണ് മാര്‍പാപ്പ, രാവിലെ ഇറ്റലിയിലെ പ്രാദേശിക സമയം 9.20-ന് സൈപ്രസ്സിലെ പാഫോസിലേയ്ക്ക് യാത്രപുറപ്പെട്ടത്. യാത്രാമദ്ധ്യേ വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുമായി മാര്‍പാപ്പ അഭിമുഖസംഭാഷണം നടത്തി. മൂന്നര മണിക്കൂര്‍കൊണ്ട് 2100 കിലോ മീററര്‍ സഞ്ചരിച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് മാര്‍പാപ്പായുടെ വിമാനം സൈപ്രസ്സിലെ പാഫോസ് അന്തര്‍ദേശിയ വിമാനത്താവളത്തില്‍ ഇറങ്ങി.
പാഫോസ് അന്തര്‍ദേശീയ വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങ്
പാഫോസ് എയര്‍പ്പോര്‍ട്ടിന്‍റെ നാലമത്തെ റണ്‍വെയില്‍ നിറുത്തുന്ന പാപ്പായുടെ വിമാനത്തിലേയ്ക്ക് സ്ഥാനികമര്യാദക്രമത്തില്‍ സൈപ്രസ്സിലെ പരിശുദ്ധ സിംഹാസനത്തിന്‍റ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് അന്തോണിയോ ഫ്രാങ്കോ നടന്നു ചെന്ന് വിമാനത്തിന്‍റെ പടികളിറങ്ങി വരുന്ന മാര്‍പാപ്പയെ സ്വീകരിച്ച് മുന്നോട്ടു നീങ്ങി സൈപ്രസ്സ് പ്രസിഡന്‍റ്, ദിമിത്രിസ് ക്രിസ്തോഫിയാസിനോടൊപ്പം, പൗരപ്രമുഖര്‍, സൈപ്രസ്സിലെ സഭാതലവന്മാര്‍ എന്നിവര്‍ ചേര്‍ന്ന് ടെര്‍മിനലിനു സമീപമുള്ള സ്വീകരണ വേദിയിലേയ്ക്കാനയിച്ചു. സൈനീകോപചാരങ്ങള്‍ക്കുശേഷം വേദിയിലെത്തിയ മാര്‍പാപ്പയെ, ആദ്യം വത്തിക്കാന്‍റേയും തുടര്‍ന്ന് സൈപ്രസ്സിന്‍റേയും ദേശീയ ഗാനാലാപനങ്ങളോടെ വരവേറ്റു.
സൈപ്രസ്സ് പ്രസിഡന്‍റ് ദിമിത്രിസ് മാര്‍പാപ്പയ്ക്ക് സ്വാഗതമാശംസിച്ചതിനെ തുടര്‍ന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ സൈപ്രസ്സിലെ പ്രഥമ പ്രഭാഷണവും മറുപടി പ്രസംഗവും നടത്തി.
 







All the contents on this site are copyrighted ©.