2010-06-02 19:38:10

കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുടെ
കണ്‍വെന്‍ഷന്‍


2 ജൂണ്‍ 2010
അമേരിക്കയിലെ ന്യൂ ഓര്‍ലാന്‍സില്‍ നടക്കുന്ന ആഗോള കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന് മാര്‍പാപ്പ സന്ദേശം നല്കി. ജൂണ്‍ 2-ാം തിയതി ബുധനാഴ്ച ആരംഭിച്ച കണ്‍വെന്‍ഷനില്‍ അച്ചടി മാധ്യമ രംഗത്തും ദൃശ്യ-ശ്രാവ്യമാധ്യമരംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ ദേശീയ കത്തോലിക്കാ പ്രതിനിധികളാണ് ന്യൂ ഓര്‍ളിയാന്‍സില്‍ സമ്മേളിച്ചിരിക്കുന്നത്.
സുവിശേഷ പ്രഘോഷണത്തിന് ആധുനിക അക്ക-സാങ്കേതിക വിദ്യ,
Spreading the Good News byte by byte എന്ന പ്രമേയവുമായിട്ടാണ് ജൂണ്‍ 4, വെള്ളിയാഴ്ചവരെ നീളുന്ന സമ്മേളനം നടക്കുന്നത്. പ്രഘോഷണ ദൗത്യവും, പ്രഘോഷിക്കുന്ന വചനവും ഫലവത്താകുവാന്‍, മാധ്യമങ്ങളിലൂടെ അവ ജനഹൃദയങ്ങളെ സ്പര്‍ശിക്കണമെന്നും, അതിനായി ക്രിസ്തുവിന്‍റെ കൃപയുടെ മൂല്യങ്ങള്‍ വിശ്വാസത്തില്‍ ജീവിക്കുകയും സാക്ഷൃപ്പെടുത്തുകയും ചെയ്യുന്ന സമൂഹങ്ങളിലേയ്ക്കും വ്യക്തികളിലേയ്ക്കും, ജനങ്ങളെ ആധുനിക മാധ്യമ സഹായത്തോടെ നയിക്കണമെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ ആഹ്വാനംചെയ്തു. ആഗോളതലത്തില്‍ ഒരുമിച്ചു കൂടുന്ന ഈ ദിനങ്ങള്‍ പങ്കുവയ്ക്കലിന്‍റേയും നവീകരണത്തിന്‍റെയും അനുഭവത്തിലൂടെ, നവചൈതന്യത്തോടെ സുവിശേഷം പ്രഘോഷിക്കുവാനുള്ള കരുത്തു നല്കട്ടെയെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പ്രത്യാശിച്ചു. കാലഘട്ടത്തിന്‍റേതായ വെല്ലുവിളികള്‍ ഉയരുമ്പോളും, ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, യുഗാന്ത്യം വരെയ്ക്കും, എന്ന ക്രിസ്തുവിന്‍റെ അവസാനവാഗ്ദാനം ഉള്‍ക്കൊണ്ട്, പതറാതെ മുന്നോട്ടു ചരിക്കണമെന്ന് മാര്‍പാപ്പ സമ്മേളനത്തെ അനുസ്മരിപ്പികയും, അവര്‍ക്ക് തന്‍റെ അപ്പസ്തേലിക ആശിര്‍വ്വാദം നല്കുകയും ചെയ്തു.







All the contents on this site are copyrighted ©.