2010-05-28 09:41:19

കുടിയേറ്റക്കാര്‍ക്ക്
മനുഷ്യാവകാശ നിയമങ്ങളുടെ
സംരക്ഷണം


27 മെയ് 2010
അന്തര്‍ദേശിയ സംഘടനകളുടേയും രാജ്യങ്ങളുടേയും സഭയുടേയും പ്രത്യേക താല്പര്യം അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും എപ്പോഴും ഉണ്ടായിരിക്കണമെന്ന്, ഈശോ സഭയുടെ ആഗോള-അഭയാര്‍ത്ഥി ശുശ്രൂഷാ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍, ഫാദര്‍ പീറ്റര്‍ ബല്ലേയിസ് അഭിപ്രായപ്പെട്ടു.
കുടിയേറ്റക്കാരുടെയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മെയ് 26-ാം തിയതി റോമില്‍ ആരംഭിച്ച
19-ാം സംമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്ന ഫാദര്‍ ബില്ലേയിസ്. സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍കൊണ്ട് സുരക്ഷിതമല്ലാത്ത അവസ്ഥയില്‍ എത്തിനില്ക്കുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റക്കാരോട് മനുഷ്യാവകാശ സംരക്ഷണ നിയമങ്ങളുടെയും
ജീവകാരുണ്യപ്രവര്‍ത്തനത്തിന്‍റെയും കാഴ്ചപ്പാടുകളില്‍ ശ്രദ്ധപതിക്കേണ്ടതും സഹായിക്കേണ്ടതുമാണെന്ന് അദ്ദേഹം സമ്മേളനത്തിലവതരിപ്പിച്ച പ്രബന്ധത്തില്‍ പരാമര്‍ശിച്ചു.
കുടിയേറ്റപ്രതിഭാസം മാനവമൈത്രിക്ക് പുതിയൊരു വെല്ലുവിളിയാണെന്നും, വംശത്തിന്‍റെയും മതത്തിന്‍റെയും, സാമൂഹ്യ-രാഷ്ട്രീയ വിഭാഗികതയുടേയും, യുദ്ധങ്ങളുടേയും, വിവിധ തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളുടെയും, സാമ്പത്തികക്കെടുതിയുടേയും പ്രതിസന്ധികളില്‍പ്പെട്ട് സ്വന്തം നാടും വീടും വിട്ടിറങ്ങുവാന്‍ നിര്‍ബന്ധിതരായവര്‍ക്ക് മനുഷ്യാവകായ നിയമങ്ങളുടെ പിന്‍ബലം സഹായകമാകേണ്ടതാണെന്ന് ഈശോ സഭാ വൈദികനായ ഫാദര്‍ ബല്ലേയിസ് ശുപാര്‍ശചെയ്തു. ഇവരുടെ മനുഷികമായ ആവശ്യങ്ങളിലേയ്ക്ക് കടക്കുമ്പോള്‍, ഭക്ഷണം പാര്‍പ്പിടം ആരോഗ്യസംരക്ഷണം എന്നിവയോടൊപ്പം, ചൂഷണം, വിവേചനം, തടവിലാക്കല്‍, നാടുകടത്തല്‍ എന്നീ വിഷമതളിലും കുടിയേറ്റക്കാരായവരോട് പ്രത്യേക പരിഗണനയുണ്ടായിരിക്കണമെന്ന്, ഫാദര്‍ പീറ്റര്‍ ബല്ലേയിസ് സമ്മേളനത്തോടാഹ്വാനം ചെയ്തു.
മെയ് 26-ന് ആരംഭിച്ച സമ്മേളനം 28-ന് സമാപിക്കും.







All the contents on this site are copyrighted ©.