2010-05-27 20:16:30

ക്രിസ്തുവിനോടു അനുരഞ്ജിതരാക്കുന്ന
ട്യൂറിനിലെ തിരുക്കച്ച


ചാട്ടവാറടിയേറ്റ, മുള്‍ക്കിരീടമണിഞ്ഞ, വലംപാര്‍ശം മുറിപ്പെട്ട, കുരിശില്‍ തറയ്ക്കപ്പെട്ട, ഒരു മനുഷ്യന്‍റെ അത്ഭുതാവഹമായ പ്രതിച്ഛായയാണ് ട്യൂറിനിലെ തിരുക്കച്ചയില്‍ പ്രതിബിംബിക്കുന്നതെന്ന്,
കര്‍ദ്ദിനാള്‍ സെവറീനോ പൊളേത്തോ ട്യൂറിന്‍ ആര്‍ച്ചുബിഷപ്പ് പറഞ്ഞു.
ഏപ്രില്‍ 10 മുതല്‍ മെയ് 23 വരെ നീണ്ടുനിന്ന, യേശുവിന്‍റെ മൃതശരീരം പൊതിഞ്ഞതെന്ന് വിശ്വസിച്ചുപോരുന്ന തിരുക്കച്ചയുടെ പ്രദര്‍ശനത്തിന്‍റെ സമാപന ശുശ്രൂഷയിലാണ് ട്യൂറിന്‍ ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ പൊളേത്തോ ഇങ്ങനെ പ്രവസ്താവിച്ചത്. ഒരാത്മീയ മങ്ങലും ആശയക്കുഴപ്പങ്ങളുമുള്ള ഇന്നത്തെ ലോകത്തില്‍, സുവിശേഷം വെളിപ്പെടുത്തുന്ന തിരുക്കച്ച,
ജനങ്ങളില്‍ വിശ്വാസ തീക്ഷണതയും, വചനത്തോടും ക്രിസ്തുവിനോടും അനുരഞ്ജിതരായി ജീവിതം മുന്നാട്ടു നയിക്കുവാനുള്ള കരുത്തും നല്കുമെന്ന് തന്‍റെ സമാപന പ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ പൊളേത്തോ പറഞ്ഞു
ഇറ്റലിയിലെ ട്യൂറിന്‍ പട്ടണത്തിലുള്ള സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് കത്തീദ്രലില്‍ പ്രദര്‍ശിപ്പിച്ച തിരുക്കച്ച, ദര്‍ശിച്ചു വണങ്ങുവാന്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയടക്കം ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി 21 ലക്ഷത്തോളം സന്ദര്‍ശകര്‍ ഇപ്രാവശ്യം എത്തിച്ചേര്‍ന്നതായി കണക്കുകള്‍ വെളിപ്പെടുത്തി.
14 അടി നീളവും 3 അടി വീതിയുമുള്ള തിരുക്കച്ചയില്‍ ക്രിസ്തുവിന്‍റെ ഛായയോടു സാമ്യമുള്ള ഒരാള്‍രൂപം, അവ്യക്തമായി പതിഞ്ഞിരിക്കുന്നു.
സുവിശേഷങ്ങള്‍ വിവരിക്കുന്ന ക്രിസ്തുവിന്‍റെ തിരുമുറിവുകളുടെ പ്രതിഛായകള്‍ ഇതില്‍ കാണുമ്പോള്‍, നൂറ്റാണ്ടകള്‍ പഴക്കമുള്ള ഈ തിരുക്കച്ച, യേശുവിന്‍റെ തിരുശരീരം പൊതിഞ്ഞതാണെന്ന വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോഴും ശാസ്ത്രീയ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കപ്പെട്ടിരിക്കുന്ന തിരുക്കച്ചയുടെ പ്രാമാണ്യത വത്തിക്കാന്‍ ഇനിയും അംഗീകരിച്ചിട്ടില്ല
 All the contents on this site are copyrighted ©.