2010-05-21 10:30:07

പുരോഗതിയുടെപേരില്‍
ധാര്‍മ്മികതയെ അവഗണിക്കരുത്


20 മെയ് 2010
പക്വതയാര്‍ന്ന ലൈംഗികത പരസ്പരസ്നേഹത്തിന്‍റെയും കൂട്ടായ തീരുമാനത്തിന്‍റേയും പശ്ചാത്തലമുള്ള ഒരു വൈവാഹിക ബന്ധത്തില്‍നിന്നും വളരുന്നതാണെന്ന്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോവിസ്ക്കി, ആരോഗ്യ പ്രവര്‍ത്തകരുടെ അജപാലന ശ്രദ്ധയ്ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ജനീവയില്‍ അഭിപ്രായപ്പെട്ടു. മെയ് 17 മുതല്‍ 21വരെ ജനീവയില്‍ നടക്കുന്ന 63-ാമത് ലോകാരോഗ്യ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്പ് സിമോവിസ്ക്കി. സഹസ്രാബ്ദ പുരോഗതിയുടെ പേരില്‍ പലേ രാഷ്ട്രങ്ങളിലും നിയമം സാധൂകരിക്കുന്ന ഭ്രൂണഹത്യ, കൃത്രിമ ഗര്‍ഭനിരോധനോപാധികള്‍ എന്നിവയോട് വത്തിക്കാനുള്ള പരിപൂര്‍ണ്ണ വിയോജിപ്പ് അറിയിച്ച പരിശുദ്ധ സിംഹാനത്തിന്‍റെ പ്രതിനിധി, സഹസ്രാബ്ദ പുരോഗതിയുടെ പേരില്‍ ധാര്‍മ്മിക നിയമങ്ങളില്‍ അടിയുറച്ച രീതികള്‍ മാത്രമേ നടപ്പിലാക്കാവൂ എന്ന് രാഷ്ടപ്രതിനിധകളോട് ആര്‍ച്ചുബിഷപ്പ് സിമോവിസ്ക്കി അഭ്യര്‍ത്ഥിച്ചു. പുതു സഹസ്രാബ്ദത്തില്‍ ജനതകളുടെ വികസനം സംബന്ധിച്ച പ്രശ്നങ്ങളില്‍ ജീവനോടുള്ള ആദരവ് സുപ്രധാനമൂല്യമാണെന്ന്, വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാണിച്ചു.
ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ ജനനനിയന്ത്രണം നിയമവത്ക്കരിക്കുന്നുണ്ടെന്നും, ഭരണകൂടങ്ങള്‍ ഗര്‍ഭനിരോധനം പ്രത്സാഹിപ്പിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ആരോപിച്ചു.
സാമ്പത്തികമായി വികസനം നേടിയിട്ടുള്ള രാജ്യങ്ങളില്‍ ജീവന് എതിരായുള്ള നിയമങ്ങള്‍ വ്യാപകമായ തോതിലുണ്ട്. ഇതു മനുഷ്യന്‍റെ ധാര്‍മ്മികതയെ സംബന്ധിച്ച മനോഭാവത്തെയും പെരുമാറ്റത്തെയും മാറ്റിമറിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതെല്ലാം സഹസ്രാബ്ദത്തിന്‍റെ സാംസ്കാരിക പുരോഗതിയാണെന്ന് വ്യാഖ്യനിക്കുന്നത് തെറ്റാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോവിസ്ക്കി ആരോപിച്ചു.
All the contents on this site are copyrighted ©.