2010-05-19 18:55:10

ക്രിസ്തുവിന്‍റെ നിത്യസ്മരണ
പൗരോഹിത്യ ജീവിതത്തില്‍ പ്രചോദനം


19 മെയ് 2010
ലോകത്തിന്‍റെയും സഭയുടെയും നവീകരണത്തിന് പൗരോഹിത്യ ജീവിതനവീകരണം കാലികമായ ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് മാവുരോ പിയച്ചേന്‍സാ വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി റോമില്‍ പ്രസ്താവിച്ചു. 18-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാന്‍റെ ദിനപത്രം, ഒസര്‍വത്തോരേ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. ഈ ജൂണ്‍ 9, 10, 11 തിയതികളില്‍ റോമില്‍ നടക്കുവാന്‍പോകുന്ന വൈദിക-വത്സര-സമാപന പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് പിയച്ചേന്‍സാ.
ചരിത്രത്തില്‍ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍, പ്രേഷിത ഊര്‍ജ്ജത്തിന്‍റ സ്രോതസ്സായ പരിശുദ്ധാത്മാവാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്ക് വൈദീകവത്സരം ആചരിക്കുവാനുള്ള പ്രചോദനം നല്കിയതെന്ന് ആര്‍ച്ചുബിഷപ്പ് അഭിമുഖത്തില്‍ പറഞ്ഞു. പൗരോഹിത്യ ജീവിതത്തില്‍ മാതൃകയാക്കാവുന്ന വിശുദ്ധ മരിയ ജോണ്‍ വിയാനിയുടെ ചരമത്തിന്‍റെ
150-ാം വാര്‍ഷികത്തില്‍ വൈദികവത്സരമായി ആഘോഷിച്ചത് പ്രതീകാത്മകമാണെന്ന് അദ്ദേഹം വിശദീകരിച്ചു. കത്തോലിക്കാ സഭയില്‍ പൗരോഹിത്യത്തിന്‍റ അനന്യതയ്ക്കോ, തനിമയ്ക്കോ മൂന്നാം സഹസ്രാബ്ദത്തില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നും, ക്രിസ്തുവാണ് വൈദികരുടെ മാതൃകയെന്നും പറഞ്ഞ അദ്ദേഹം, നല്ലയിടയനായ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തില്‍നിന്നും കടഞ്ഞെടുത്തിട്ടുള്ളതാണ് പൗരോഹിത്യമെന്ന് പ്രസ്താവിച്ചു. ‘ഞാന്‍ ജീവിക്കുന്നു, എന്നാല്‍ ഞാനല്ല, എന്നില്‍ യേശു ജീവിക്കുന്നു,’ എന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ ഓരോ വൈദികനും എപ്പോഴും ഓര്‍ക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിന്‍റെ നിത്യസ്മരണയായിരിക്കണം പൗരോഹിത്യ ജീവിതത്തില്‍ പ്രചോദനമാകേണ്ടതെന്നും, ‘ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍,’ എന്നു കല്പിച്ച അവിടത്തെ വചനത്തിന്‍റെയും, പ്രവൃത്തികളുടെയും ധ്യാനാത്മകമായ നിത്യസ്മരണ വൈദിക ജീവിതത്തെ അജപാലന മേഖലയില്‍ ഓജസ്സുറ്റതാക്കുമെന്ന്, ആര്‍ച്ചുബിഷപ്പ് പിയച്ചെന്‍സാ അഭിമുഖത്തില്‍ പ്രസ്താവിച്ചു.
 All the contents on this site are copyrighted ©.