2010-05-18 16:59:41

തായിലാന്‍റിലെ സംഘര്‍ഷപരിഹരണത്തിന് സഭാമാദ്ധ്യസ്ഥ്യം സഹായകമാകുമെന്ന്, ആര്‍ച്ചുബിഷപ്പ് ളൂയിസ് കമ്മിനിയേറന്‍.


തായിലാന്‍റിലെ സംഘര്‍ഷപരിഹരണത്തിന് സഭാമാദ്ധ്യസ്ഥ്യം സഹായകമാകുമെന്ന് അവിടത്തെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍െറ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ളൂയിസ് കമ്മിനിയേറന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇന്ന് ആ നാട് എത്തിനില്‍ക്കുന്ന സാഹചര്യം വളരെ സ്ഫോടനാത്മകമാണെന്ന് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍സംഘത്തിന്‍െറ മുഖപത്രമായ ഫീദസിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. നാട്ടിലെ ജനങ്ങള്‍ക്ക് പരസ്പരവിശ്വാസവും, ധാരണയും കൈമോശം വന്നിരിക്കുന്നു. അദ്ദേഹം തുടര്‍ന്നു- ആരോപണവും പ്രത്യാരോപണവും നടത്തി അവര്‍ ശത്രുതയുടെ വിത്ത് വിതയ്ക്കുകയാണ്. സംവാദവേദി തുറന്ന് ഇന്നത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് സഭാനേതൃത്വത്തിന് സാധിക്കും. നാട് ഒരു ആഭ്യന്തരയുദ്ധത്തിന്‍െറ വക്കിലാണ്. അത് സംഭവിക്കുകയാണെങ്കില്‍ എല്ലാം ഛിന്നഭിന്നമാക്കപ്പെടും. ഒരു മാസം മുന്‍പ് നടന്ന ബുദ്ധ- ക്രൈസ്തവ- മുസ്ലിം നേതാക്കന്മാരുടെ സമ്മേളനം അനുരഞനശ്രമങ്ങള്‍ക്ക് പിന്‍തുണ വാഗ്ദാനം ചെയ്യുകയുണാടായി. സംവാദത്തിന്‍െറ പ്രാധാന്യം ഉയര്‍ത്തിക്കാട്ടികൊണ്ട് തന്നെ മറ്റൊരു കാര്യം കൂടി പറയേണ്ടിയിരിക്കുന്നു.. ആയുധങ്ങള്‍ താഴെ വച്ച് അക്രമമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുകയാണത്. സംഘര്‍ത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരുകൂട്ടരും തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ മുറുകെ പിടിക്കുകയാണെങ്കില്‍ നാം ഒരിടത്തും എത്തുകയില്ല. ഈ പ്രത്യേകസാഹചര്യത്തില്‍ മതനേതാക്കന്മാരുടെ സംഭാവന വളരെ നിര്‍ണ്ണായകമായിരിക്കും. അതിനാലാണ് അതിന് ഞങ്ങള്‍ സന്നദ്ധത കാട്ടുന്നത്. ഇന്നത്തെ പരിതോവസ്ഥയില്‍ രാഷ്ട്രീയ നേതാക്കമാരെക്കാള്‍ ജനങ്ങള്‍ വിശ്വസിക്കുകയും, ആശ്രയിക്കകയും, ആദരിക്കുകയും ചെയ്യുന്നത് മതനേതാക്കമാരെയാണ്, ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു.
 All the contents on this site are copyrighted ©.