2010-05-17 15:12:31

പാപ്പായുടെ പോര്‍ച്ചഗലിലെ ഇടയസന്ദര്‍ശനം വന്‍വിജയമെന്ന്, ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി


 
പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ പോര്‍ച്ചുഗല്‍ പരിപാടി പ്രതീക്ഷിച്ചതില്‍ വളരെ മടങ്ങ് വിജയകരമായിരുന്നെന്ന് പരിശുദ്ധ സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസ് മേധാവി ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി. പാപ്പായുടെ സന്ദര്‍ശനസംഘത്തിലുണ്ടായിരുന്ന വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ അദ്ദേഹം വെള്ളിയാഴ്ച വത്തിക്കാന്‍ റേഡിയോട് സംസാരിക്കവെയാണ് അത് പറഞ്ഞത്. ആഴമായ ആദ്ധ്യാത്മികതയും, സജീവത്വവും കൈമുതലായുള്ള പോര്‍ച്ചുഗലിലെ സഭ നല്‍കിയ സ്നേഹാര്‍ദ്രവും, ഊഷ്മളവുമായ സ്വാഗതം പാപ്പായ്ക്ക് വളരെ സന്തോഷദായകമായിരുന്നു. പാപ്പാ വളരെ മരിയന്‍തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടണ്ട്. വ്യഴാഴ്ച ഫാത്തിമായില്‍ നടത്തിയത് അതിന്‍െറ പരകോടിയാണെന്ന് പറയാം. അവിടത്തെ അപ്പസ്തോലികസന്ദര്‍ശനത്തിന്‍െറ സംഘാടകര്‍ ഇത്രവലിയ ജനക്കൂട്ടത്തെ പാപ്പായുടെ പരിപാടികളില്‍ പ്രതീക്ഷിച്ചില്ല, അദ്ദേഹം പ്രസ്താവിച്ചു. ഫാത്തിമാനാഥയും, അവളുടെ ദര്‍ശനം ലഭിച്ച ലൂസിയും യസീന്തായും ഫ്രാന്‍സീസും ഇക്കാലത്തെ അടയാളങ്ങളെയും, ആനുകാലിക വന്‍പ്രതിസന്ധികളെയും വിശ്വാസവെളിച്ചത്തില്‍ വായിച്ചുഗ്രഹിക്കാന്‍ നമ്മെ പ്രബോധിപ്പിക്കുന്നു. ഇപ്പോഴും ദൈവപരിപാലന ദൃശ്യമാണ്. ഏതു സാഹചര്യത്തിലെയും മാനവകുലത്തിന്‍െറ ഉത്തരവാദിത്വത്തെ വിസ്മരിക്കാനോ, അവഗണിക്കാനോ ആവില്ല. പലപ്പോഴും പാപവും, യുദ്ധങ്ങളും, ഇതര പ്രതികൂലസാഹചര്യങ്ങളും മാനവകുലത്തെ അന്തര്‍മുഖമാക്കുകയാണ്. അവയുടെ മദ്ധ്യത്തിലും പ്രാര്‍ത്ഥനയും, പരിത്യാഗവും അതില്‍ നിന്ന് ഉരുത്തിരിയുന്ന മാനസാന്തരവും നന്മയുടെ പാത തുറക്കുന്നു. അതാണ് ഫാത്തിമായുടെ പ്രവാചകദൗത്യം ഇനിയും അവസാനിച്ചിട്ടില്ല എന്ന പാപ്പായുടെ പ്രസ്താവം വിവക്ഷിക്കുന്നത്, ഫാദര്‍ ലൊംബാര്‍ദി വിശദീകരിച്ചു.







All the contents on this site are copyrighted ©.