2010-05-14 19:49:19

 സാമൂഹ്യഭദ്രതയ്ക്കായുള്ള പരിശ്രമങ്ങള്‍
ഭാവി സ്വര്‍ഗ്ഗീഭദ്രതയുടെ മുന്നാസ്വാദനം


14 മെയ് 2010
പോര്‍ച്ചുഗലില്‍ സാമൂഹ്യ-അജപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികള്‍ക്കുവേണ്ടി നടത്തിയ വചനശുശ്രൂഷയില്‍ ബനഡിക്ട് 16-ാമന്‍ മാര്‍‍പാപ്പ . വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ 10-ാം അദ്ധ്യായത്തില്‍നിന്നും വായിച്ച നല്ല സമറിയാക്കാരന്‍റെ ഉപമ ഉദ്ധരിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു..

“നിങ്ങളും പോയി ഇതുപോലെ ചെയ്യുക.” ലൂക്കാ 10, 37.
അപരന് നമ്മുടെ സഹായം ആവശ്യമായി വരുന്ന അനുദിന ജീവിത സാഹചര്യങ്ങളില്‍, നല്ല സമറിയാക്കാരന്‍റെ മാതൃക സ്വീകരിക്കാന്‍ ക്രിസ്തു നമ്മോടാവശ്യപ്പെടുന്നു. സഹോദരന്‍റെ ആവശ്യം അറിയുന്ന ഒരു ഹൃദയം ഉണ്ടായിരിക്കുക. എവിടെയാണ് സഹായം ആവശ്യമെന്നു മനസ്സിലാക്കി തദനുസാരം പ്രവര്‍ത്തിക്കുന്ന ഒരു ഹൃദയമാണ്, ആവശ്യമറിയുന്ന ഹൃദയം.
അങ്ങിനെയൊരു ഹൃദയത്തോടെയാണ് നല്ല സമറിയാക്കാരന്‍ പ്രവര്‍ത്തിച്ചത്.ക്രിസ്തു നല്ല സമറിയാക്കാരന്‍റെ ഉപമ നമുക്ക് പറഞ്ഞുതരിക മാത്രമല്ല,തന്‍റെ ജീവിതത്തില്‍ കാണിച്ചു തരുന്നു. വേദനിക്കുന്ന മനുഷ്യന്‍റെ പക്കലേയ്ക്ക് ഓടിയെത്തുന്ന നല്ലിടയനാണ് അവിടുന്ന്. മുറിവില്‍ സാന്ത്വന തൈലവും പ്രത്യാശയുടെ വീഞ്ഞും യേശു പകരുന്നു. രക്ഷയുടെ സത്രമാകുന്ന സഭയില്‍ അവിടുന്നു നമുക്കഭയമേകുന്നതും, തന്‍റെ അജഗണത്തെ സഭയിലെ ശുശ്രൂഷകരെ ഏല്പിക്കുന്നതും ക്രിസ്തു തന്നെയാണ്. മനുഷ്യര്‍ക്ക് രക്ഷയുടെ സൗഖ്യം പകരാന്‍ ക്രിസ്തു കലവറയില്ലാതെ ചൊരിഞ്ഞ സ്നേഹം,
നമ്മുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാനും, നല്ല സമറിയാക്കരന്‍റെ ഹൃദയം നമ്മില്‍ വളരുവാനും നീതിയുള്ള സ്നേഹം ഏറെ ഔദാര്യത്തോടെ നാം വളര്‍ത്തിയെടുക്കേണ്ടതാണ്.
ദൈവത്തിന്‍റെ കാരുണ്യമുള്ള സ്നേഹത്തിലേയ്ക്ക് മനുഷ്യകുലത്തെ നയിക്കുവാന്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദിവ്യദര്‍ശനത്താല്‍ പവിത്രീകൃതമായ പോര്‍ച്ചുഗല്‍ മണ്ണില്‍വന്ന് നിങ്ങളെയെല്ലാം കാണുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. പാവങ്ങളായ കുഞ്ഞുങ്ങളുടേയും, വയോവൃദ്ധരുടേയും, ജയിലില്‍ കഴിയുന്നവരുടേയും, അംഗവൈകല്യമുള്ളവരുടേയും, തൊഴില്‍ രഹിതരുടേയും, കുടിയേറ്റക്കാരുടേയും, നീതിയും അന്തസ്സും നിഷേധിക്കപ്പെട്ടവരുടെയും ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന നിങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു.
ദൈവം സ്നേഹമാകുന്നു. ആ സ്നേഹമാണ് നമുക്ക് അസ്തിത്വം നല്കിയത്.ദൈവസ്നേഹം മാംസംധരിച്ച് ഭൂമിയില്‍ മനുഷ്യരോടൊത്തു വസിച്ചു. ദൈവ സ്നേഹം ക്രിസതു നമുക്കു വെളിപ്പെടുത്തിത്തന്നു. മനുഷ്യന്‍റെ പൂര്‍ണ്ണതയുടെയും തജജന്യമായി ദൈവത്തിലേയ്ക്കുള്ള ലോകത്തിന്‍റെ രൂപാന്തരീഭാവത്തിന്‍റെയും അടിസ്ഥാന നിയമം സ്നേഹത്തിന്‍റെ പുതിയ കല്പനയാണെന്ന വാസ്തവം നമ്മെ അവിടുന്ന് പഠിപ്പിക്കുകയുണ്ടായി.
സ്നേഹത്തിന്‍റെ പാത എല്ലാവര്‍ക്കും തുറന്നിട്ടിരിക്കുകയാണെന്നും, വിശ്വവിശാലമായ സാഹോദര്യം സ്ഥാപിക്കുവാനുള്ള മനുഷ്യന്‍റെ പരിശ്രമം നിരര്‍ത്ഥകമല്ലെന്നും, ക്രിസ്തു ദൈവസ്നേഹത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അസന്നിഗ്ദ്ധമായ ഉറപ്പു നല്കുന്നുണ്ട്. അതേ സമയം ഈ സാഹോദര്യം സാമാന്യമായ പരിതഃസ്ഥിതികളിലും സുക്ഷിച്ചു പുലര്‍ത്തേണ്ടതാണെന്ന് അവിടന്ന് അവരെ അനുസ്മരിപ്പിക്കുന്നു. പാപികളായ നമുക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച ക്രിസ്തു, നീതിയും സമാധാനവും ഉപവിയും നിഷേധിക്കപ്പെട്ടവര്‍ക്ക് ലോകത്തിന്‍റെ തിന്മകള്‍ കെട്ടിയേല്പിക്കുന്ന കുരിശുകള്‍ നാമും ചേര്‍ന്നു ചുമക്കണമെന്നും പങ്കുവയ്ക്കണമെന്നും സ്വമാതൃകവഴി പഠിപ്പിക്കുന്നു. അങ്ങിനെ മനുഷ്യകുടുംമ്പത്തിന്‍റെ ജീവിതം കൂടുതല്‍ മാനുഷികമാക്കാനും, ലോകം മുഴുവനും പ്രസ്തുത സ്നേഹസാഹോദര്യത്തില്‍ വളര്‍ത്തുവാനും നാം കൂട്ടായി പ്രയത്നിക്കണം. സഹോദരങ്ങളുടെ സാമൂഹ്യഭദ്രതയ്ക്കായുള്ള ഈ ഭൂമിയിലെ നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഭാവി സ്വര്‍ഗ്ഗീഭദ്രതയുടെ മുന്നാസ്വാദനമാണ്.
Extract from the discourse of Pope to the personnel in socio-pastoral projects in Portugal







All the contents on this site are copyrighted ©.