2010-05-14 20:10:53

ക്രിസ്തുവിന്‍റെ ചാരത്താകുമ്പോള്‍
ഹൃദയങ്ങള്‍ ഊഷ്മളമാകും


പോര്‍ച്ചുഗലിന്‍റെ ആത്മീയ ഹൃദമായ ഫാത്തിമാ തീര്‍ത്ഥാടനകേന്ദ്രത്തില്‍നിന്നുകൊണ്ട് ഇവിടത്തെ മെത്രാന്മാരെ അഭിസംബോധനചെയ്യുന്നത് ഒരു ദൈവനിയോഗമായിട്ട് ഞാന്‍ കാണുന്നു.
ദൈവികസത്യങ്ങള്‍ തേടിയും, അവ തങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും കൂടുതല്‍ ആഴപ്പെടുത്തുവാനാഗ്രഹിച്ചും, ഇന്നിവിടെ എത്തിയിരിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കൊപ്പം, ഒരു എളിയ വിശ്വാസ തീര്‍ത്ഥാടകനായി ഞാനും നിങ്ങളുടെ മദ്ധ്യേനില്ക്കുകയാണ്.
ഇവിടെ എത്തിയിരിക്കുന്ന അനേകായിരം തീര്‍ത്ഥാടകരിലും സഭാദ്ധ്യക്ഷന്മാരിലും, ശുശ്രൂഷകരിലും പത്രോസിന്‍റെ എളിയ പിന്‍ഗാമിയായ എന്നില്‍ ആത്മവിശ്വാസവും സ്നേഹവും വളര്‍ത്തിയ പരിശുദ്ധ ഫാത്തിമാ നാഥയോട് എണ്ണിയാല്‍ തീരാത്ത കടപ്പാടാണുള്ളത്. നിങ്ങളുടെ ഈ വിശ്വാസം ക്ഷയിക്കാതിരിക്കട്ടെ എന്നു ഞാന്‍ ക്രിസ്തു നാഥനോടൊപ്പം പ്രാര്‍ത്ഥിക്കുന്നു, നിങ്ങളും തിരികെ നിങ്ങളുടെ സഹോദരങ്ങളെ ശക്തിപ്പെടുത്തുക.

ഇന്നത്തെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുയര്‍ന്നു വരുന്ന പ്രതിസന്ധികള്‍ക്കികടയിലും, നിത്യരക്ഷയല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ നിങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടും ബോദ്ധ്യത്തോടുകൂടെ തരുന്ന പിന്‍തുണയാല്‍ ഞാന്‍ എറെ സമാശ്വസിപ്പിക്കപ്പെടുകയാണ്. പ്രത്യേകിച്ച് ഇവിടത്തെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ഒര്‍ത്തേഗാ,
ഞാന്‍ പോര്‍ച്ചുഗലില്‍ വന്ന നിമിഷം മുതല്‍, എല്ലാക്കാര്യങ്ങളിലും പരിശുദ്ധ സിഹാസനത്തോട്, പോര്‍ച്ചുഗലിലെ എല്ലാമെത്രാന്മാരുടെയും പേരില്‍‍‍ കാണിക്കുന്ന വിശ്വസ്തതയ്ക്കും കൂട്ടായ സഹകരണത്തിനും നന്ദിപറയുന്നു.

നമുക്കു ചുറ്റും ഇക്കാലഘട്ടത്തില്‍ ഉയര്‍ന്നു വരുന്ന സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങള്‍ നവമായൊരു പ്രേഷിതചൈതന്യം നമ്മില്‍നിന്നും ആവശ്യപ്പെടുന്നുണ്ട്. വിശ്വാസത്തിന്‍റെ നിശ്ശബ്ദത ഇന്നു പടര്‍ന്നിരിക്കുന്ന, മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും, രാഷ്ടീയ നേതാക്കള്‍ക്കിടയിലും, ചിന്തകര്‍ക്കിടയിലും, ദൈവത്തോടും ആത്മീയതയോടും ഒരവജ്ഞ വ്യാപിച്ചിരിക്കുന്ന, ഇന്നത്തെ ആഗോള-സാമൂഹ്യ സാഹചര്യത്തില്‍, യഥാര്‍ത്ഥത്തിലുള്ള ക്രിസ്തു-സാക്ഷികളെ നമുക്കാവശ്യമാണ്.
ക്രിസ്തീയ പ്രചോദനങ്ങള്‍ക്ക് മറവിരിയിട്ട്, ആത്മീയതയോട് അവജ്ഞ കാണിക്കുന്ന ഭൗതികവാദികള്‍ ഇന്ന് നമ്മുടെ ഇടയില്‍ത്തന്നെ ധാരാളമുണ്ട്. എന്നിരുന്നാലും സഭയുടെ പ്രബോധനാധികാരത്തില്‍ അടിയുറച്ചു വിശ്വസിച്ച്, കത്തോലിക്കാ ദര്‍ശനത്തില്‍ ജീവിച്ചുകൊണ്ട്, ഉള്‍ക്കാഴ്ചയുള്ള പ്രചോദനങ്ങള്‍ സഭയ്ക്കു നല്ക്കുന്ന സ്ത്രീ പുരുഷന്മാര്‍ ധാരാളമുണ്ടെന്നുള്ളത് അഭിമാനകരവും ആശ്വാസ ദായകവുമാണ്.

ഈ പൗരോഹിത്യ വര്‍ഷത്തില്‍ വൈദികര്‍ അവരുടെ ജീവിതങ്ങള്‍ നവീകരിക്കുകയും, തങ്ങളുടെ പിതൃ-സ്ഥാനികരായ മെത്രാന്മാരുമായുള്ള ബന്ധം ബലപ്പെടുത്തുകയും വേണം. അധികാരം സേവനമായിക്കണ്ടു കൊണ്ട്, ജനങ്ങളിലേയ്ക്ക് ചൊരിയുന്ന അജപാലനശുശ്രൂഷയുടെ ദര്‍ശനം, പ്രത്യേകമായി വൈദികരിലേയ്ക്കും തിരിക്കേണ്ടതുണ്ട്. മെത്രാന്‍മാരുടെ അജപാലന ശ്രദ്ധയില്‍ വൈദികര്‍ രണ്ടാം സ്ഥാനത്തല്ല, ഒന്നാം സ്ഥാനത്തുതന്നെ നില്ക്കേണ്ടതാണ്. എവിടെയായിരുന്നാലും മൊത്തമായുള്ള അജപാലന ശുശ്രൂഷയില്‍ സാഹോദര്യത്തോടും ഒരുമയോടുംകൂടെ പ്രാദേശിക മെത്രാനോടും സഭയോടും ചേര്‍ന്നുനിന്ന് വൈദികര്‍ അവരുടെ ശുശ്രൂഷാ ജീവിതം നയിക്കേണ്ടതാണ്. ഒരോ വൈദികനും വിളിക്കപ്പെട്ടിരിക്കുന്നത് സ്വന്തമായും തന്നിഷ്ടംപോലെയും പ്രവര്‍ത്തിക്കുവാനല്ല. മറിച്ച് സഭയെ ഭരിക്കുന്ന മെത്രാന്മാരോടും മറ്റു സഹവൈദികരോടും ഒത്തുചേര്‍ന്ന് ശുശ്രൂഷചെയ്യുവാനാണ്. ഇതൊരു നവദര്‍ശനമല്ല, ആദിമ സഭയുടെ മാതൃകയിതാണ്. അതു നാം പുനഃരാവിഷ്ക്കരിക്കണം. എമ്മാവൂസിലെ ശിഷ്യന്മാരെപ്പോലെ ക്രിസ്തുവിന്‍റെ ചാരത്തു നടക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ ഊഷ്മളമാവുകയും, അവിടത്തോടൊപ്പം അപ്പം മുറിച്ച് പങ്കുവയ്ക്കുമ്പോള്‍, നമ്മുടെ ഹൃദയങ്ങള്‍ യഥാര്‍ത്ഥമായ സ്നേഹത്താല്‍ ജ്വലിക്കുകയും ചെയ്തു. ഈ ക്രിസ്തു സാമീപ്യമായിരിക്കും നമ്മുടെയും ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നതും, ലോകത്ത് വിശ്വപ്രകാശമായ ക്രിസ്തുവിന്‍റെ പ്രകാശധാര പരത്താന്‍ നമ്മെ കരുത്തുറ്റവരാക്കുകയും ചെയ്യുന്നത്.

നമുക്കു ചുറ്റും ഉയര്‍ന്നു വരുന്ന പുതിയ സാമൂഹ്യ ആവശ്യങ്ങളോട് ക്രിസ്തുവിന്‍റെ കാരുണ്യത്തോടും, ആര്‍ദ്രമായ സ്നേഹത്തോടുംകൂടെ പ്രതികരിക്കുന്നതിന് ക്രിയാത്മകയായി നമ്മെ കരുപ്പിടിപ്പിക്കാം.
നവമായ ദാരിദ്ര്യത്തിന്‍റെ മുഖങ്ങള്‍- ദൈവത്തില്‍ വിശ്വാസമില്ലായ്മ, ജീവിതത്തില്‍ അര്‍ത്ഥമില്ലായ്മ, പ്രത്യശയില്ലായ്മ, എന്നിവ ഇന്നത്തെ ലോകത്തെ ഗ്രസിക്കുന്ന, എന്നാല്‍ നവമായ പ്രതിവിധികള്‍ കണ്ടെത്തേണ്ട സഭയുടെ വെല്ലുവിളികളാണ്.
Extract from the discourse of Pope to all the Bishops of PortugalAll the contents on this site are copyrighted ©.