2010-05-12 19:25:43

ജീവിതത്തിന്‍റെ ഉപ്പ്
ഉറകെട്ടുപോകാതിരിക്കട്ടെയെന്ന്
മാര്‍പാപ്പാ ലിസ്ബണില്‍


11 മെയ് 2010
ലിസ്ബണിലെ കൊട്ടാര-മൈതാനത്തില്‍ ബനഡിക്ടാ 16-ാമന്‍ മാര്‍പാപ്പാ സമൂഹബലിയര്‍പ്പിച്ചു. മാര്‍പാപ്പയുടെ പോര്‍ച്ചുഗല്‍ തീര്‍ത്ഥാടനത്തിന്‍റെ ആദ്യത്തെ പ്രധാനപ്പെട്ട പൊതുപിരിപാടിയായിരുന്നു ലിസ്ബണിലെ കൊട്ടാര മൈതാനത്തെ സമൂഹദിവ്യബലി. നഗരകവാടത്തിനു വെളിയിലായി താഗോസ് നദീതീരത്താണ് ലിസ്ബണിലെ ഏറെ വിശാലമായ Paco di Lisbona എന്നറിയപ്പെടുന്ന കൊട്ടാരമൈതാനം. ശാന്തമായൊഴുകുന്ന താഗോസ് നദിയും, നദിയുടെ മറുകരയില്‍ ഉയര്‍ന്നു നില്ക്കുന്ന ക്രിസ്തു രാജന്‍റെ ബൃഹത്തായ പ്രതിമയും അതിനോടു ചേര്‍ന്നുള്ള മനോഹരമായ കൊച്ചുപ്രാര്‍ത്ഥനാലവും സായാഹ്നത്തിന്‍റെ തെളിഞ്ഞ ആകാശവും അതിനു മുന്നില്‍ ആധുനീകരീതിയില്‍ അതിമനോഹരമായി സജ്ജമാക്കിയ താല്ക്കാലിക വേദിക്ക് മാറ്റുകൂട്ടി.
കൊട്ടാര മൈതാനം എന്ന പേരിനു കാരണം, പണ്ട് ഇവിടെയാണ് പോര്‍ച്ചുഗല്‍ രാജാവിന്‍റെ റിബെയിരാ കൊട്ടാരം സ്ഥിതിചെയ്തിരുന്നത്.
1755-ല്‍ ഉണ്ടായ ലിസ്ബണിലെ മഹാഭൂകമ്പവും, അതേ തുടര്‍ന്നുണ്ടായ സുനാമിയും അഗ്നിബാധയും ഈ മൈതാനമുള്‍പ്പെടെ ലിസ്ബണ്‍ നഗരത്തെ പൂര്‍ണ്ണമായി നശിപ്പിച്ചു. പോര്‍ച്ചുഗല്‍ രാജ്യത്തെ ആകമാനം ബാധിച്ച ആ പ്രകൃതി ക്ഷോഭത്തില്‍ പതിനായിരക്കണക്കിനാളുകള്‍ മരിച്ചിരുന്നു.
കെടുതിയെ തുടര്‍ന്നു നടത്തിയ പുനര്‍നിര്‍മ്മാണത്തില്‍ കൊട്ടാരമൊഴികെ മറ്റെല്ലാം നവീകരിക്കപ്പെട്ടു. സമചതുരാകൃതിയിലുള്ള വലിയ മൈതാനവും വാണിജ്യകേന്ദ്രവും ലിസ്ബണ്‍ പട്ടണത്തിന്‍റെ കേന്ദ്രഭാഗമായി വളര്‍ന്നുവന്നു.
പോര്‍ച്ചുഗലിന്‍റെ ചരിത്രത്തിലെ പലേ സുപ്രധാന സംഭങ്ങള്‍ക്കും കൊട്ടാര മൈതാനം സാക്ഷൃംവഹിച്ചിട്ടുണ്ട്. പോര്‍ച്ചുഗലിന്‍റെ ഒടുവിലത്തെ രാജാവായിരുന്ന മാനുവല്‍ രണ്ടാമന്‍റെ മുന്‍ഗാമി കാര്‍ലോസ് ഒന്നാമന്‍ 1908-ല്‍ വധിക്കപ്പെട്ടതും ഈ മൈതാനത്തുവച്ചാണ്.

മാര്‍പാപ്പ കൊട്ടാരമൈതാനത്തെ ബലിവേദിയിലേയ്ക്ക്.
ലിസ്ബണിലെ അപ്പസ്തോലിക്‍ നൂണ്‍ഷ്യേച്ചറില്‍നിന്നും പ്രത്യേക കവചിത വാഹനത്തില്‍ 4 കിലോമീറ്റര്‍ യാത്രചെയ്ത്, കൊട്ടാര മൈതാനത്തേയ്ക്കണഞ്ഞ പാപ്പായെ, തിങ്ങിക്കൂടിയ ആബാലവൃന്ദം ജനങ്ങള്‍ ഹസ്താരവത്താല്‍ ആര്‍ത്തിരമ്പി സ്വീകരിച്ചു. വീവാ ഊ പാപ്പേ, എന്ന് പോര്‍ച്ചുഗീസ് ഭാഷയില്‍ ജയഭേരി മുഴക്കിയും പേപ്പല്‍ പതാകവീശിയും ജനങ്ങള്‍ മാര്‍പാപ്പയെ ആവേശത്തോടെ വരവേറ്റു. പോര്‍ച്ചുഗലിലെ വത്തിക്കാന്‍റെ പ്രതിനിധി, ...........
പോര്‍ച്ചുഗല്‍ രാജ്യത്തിലെ പാത്രിയാര്‍ക്കീസും ലിസ്ബണിന്‍റെ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ ഹൊസ്സേ ഡിക്രൂസ് പോളിക്കാര്‍പ്പും മെത്രാന്മാരും വൈദികരും സന്യസ്ഥരും മാര്‍പാപ്പയോടൊപ്പം സഹകാര്‍മ്മികരായിരുന്നു.

ദിവ്യബലിമദ്ധ്യേ മാര്‍പാപ്പാ വചനപ്രഘോഷണം നടത്തി.
“ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍.” – മത്തായി 28, 19.
ലിസ്ബണ്‍ നഗരത്തെ സംബന്ധിച്ചിടത്തോളം കര്‍ത്താവിന്‍റെ ഈ വാക്കുകള്‍ക്ക് പ്രത്യേക അര്‍ത്ഥമാണുള്ളത്. കാരണം ഇവിടെനിന്നാണ് തലമുറകളായി പ്രേഷിതവര്യന്മാരായ മെത്രാന്മാരും, വൈദികരും, സന്യസ്തരും, അല്മായരും, യുവതീയുവാക്കളും കര്‍ത്താവിന്‍റെ വിളിയോട് പ്രത്യുത്തരിച്ചുകൊണ്ട്, ലോകത്തിന്‍റെ നാനാദിശകളിലേയ്ക്കും സുവിശേഷപ്രഘോഷണത്തിനായി ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. വിശ്വസപ്രഘോഷണ ദൗത്യത്തില്‍ ലോകത്ത് പോര്‍ച്ചുഗലിന് മഹത്തായൊരു പാരമ്പര്യമാണുള്ളത്. “ഞാന്‍ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കു”മെന്ന കര്‍ത്താവിന്‍റെ വാക്കുകളില്‍ പരിപൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചുകൊണ്ട് പ്രതികൂല സാഹചര്യങ്ങളിലും സാഹസികമായി ഇറങ്ങിപ്പുറപ്പെട്ടത്.

അതുകൊണ്ടുതന്നെ ഇന്ന് പോര്‍ച്ചുഗലിന് വിശ്വാസ പ്രഘോഷണ രംഗത്ത് ആഗോളതലത്തില്‍ പോര്‍ച്ചുഗല്‍ നല്കിയിട്ടുള്ള നിസ്തുല സേവനത്തിന്‍റെ ഫലമായി ലോകത്തിന്‍റെ അഞ്ചു ഭൂഖണ്ഡങ്ങളിലും പോര്‍ച്ചുഗീസ് മിഷണറിമാര്‍ തുടക്കമിട്ട പ്രാദേശിക സഭകള്‍ ഇന്നും നിലനില്ക്കുന്നു.
യൂറോപ്പ്യന്‍ യൂണിയനില്‍ പോര്‍ച്ചുഗലിന് സാംസ്കാരികമായും ആത്മീയമായും പ്രത്യേകമായൊരു സ്ഥാനമാണുള്ളത്. നിരാശരും ക്ഷീണതരുമായി എമാവൂസിലേയ്ക്കുപോയ ശിഷ്യന്മാര്‍ക്ക് ഈശോ സമീപസ്ഥനായതുപോലെ, “ഞാന്‍ നിങ്ങളോടൊപ്പമുണ്ട്,” എന്ന അവിടുത്തെ വാക്കുകള്‍ക്കനുസാരം, അവിടുന്ന് ഇന്ന് നിങ്ങളുടെ കൂടെയുണ്ട്.
കഴിഞ്ഞ കാലത്ത് നിങ്ങള്‍ മറ്റു ജനതകളുടെ സുവിശേഷവത്ക്കരണത്തിനായി പുറപ്പെട്ടപ്പോഴും ആ പുറപ്പാടൊരിക്കലും നീങ്ങളുടെ വിശ്വാസത്തെയോ നിങ്ങള്‍ ആയിരുന്ന അവസ്ഥയെയോ മാറ്റിമറിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തില്ല. മറിച്ച്, ക്രിസ്തീയ വിജ്ഞാനംകൊണ്ട് നിങ്ങളുടെ അനുഭവങ്ങളും സവിശേഷ ഗുണഗണങ്ങളും മറ്റുള്ളവരുമായി പങ്കുവച്ചു.
മറ്റുള്ളവരുടെ സംസ്കാരത്തനിമയോട് തുറവികാണിച്ചപ്പോഴും നിങ്ങളില്‍ത്തന്നെ മാറ്റമില്ലാതെ നിലനിന്നത്, ബലഹീനതയായി തോന്നാമെങ്കിലും നിങ്ങളുടെ ശക്തിയാണത്. ഇന്ന് സാംസ്കാരികവും മതപരവുമായ നിങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് യൂറോപ്പിയന്‍ യൂണിയനില്‍ നിങ്ങളുടേതായ പങ്കുവഹിക്കുന്നുണ്ട്.
എമ്മാവൂസിലേയ്ക്ക് ഓടിപ്പോയ ശിഷ്യന്മാരുടെ പക്കലേയ്ക്ക് ഈശോ ചെന്നതുപോലെ, ഇന്ന് ഈശോ തന്‍റെ വാഗ്ദാനവുമായി നമ്മുടെ കൂടെയുണ്ട്, “ഞാന്‍ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കും, യുഗാന്ത്യംവരെ.”

അപ്പസ്തോലന്മാരില്‍നിന്നും വ്യത്യസ്തമാണെങ്കിലും നമുക്കും ഉത്ഥിതതനായ കര്‍ത്താവിന്‍റെ യഥാര്‍ത്ഥവും വ്യക്തിപരവുമായ അനുഭവങ്ങള്‍ ഉണ്ട്. നൂറ്റാണ്ടുകളുടെ അകലം താണ്ടി ഉത്ഥിതന്‍ സഭയിലും ലോകത്തിലും ജീവിക്കുന്നു, നമ്മുടെ ലോകത്ത് നിറഞ്ഞുനില്ക്കുന്നു. ഇതു നമ്മുടെ വലിയ സന്തോഷമാണ്. നിര്‍ഗ്ഗളിക്കുന്ന സഭാപാരമ്പര്യത്തിന്‍റെ നിര്‍ത്ധരിയില്‍, ക്രിസ്തു രണാടായിരമാണ്ടുകള്‍ക്കപ്പുറമല്ല, നമ്മുടെ മദ്ധ്യേയാണ്. അവിടുന്ന് സത്യം നമുക്ക് വെളിപ്പെടുത്തി തരുന്നു. അങ്ങനെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്നുതരുന്നു, ഭാവിയുടെ പാതകാട്ടിത്തരുന്നു.
വചനത്തിലും വിശ്വാസസമൂഹത്തിലും, എല്ലാറ്റിലും ഉപരിയായി പരിശുദ്ധ കുര്‍ബ്ബാനയിലും അവിടുന്ന് സന്നിഹിതനാണ്, നമ്മോടൊത്തു വസിക്കുന്നു.
ഇവിടുത്തെ പട്ടണ കവാടങ്ങള്‍ നിങ്ങളെനിക്കായ് തുറന്നു തന്നു.
ഈ തീരത്തുനിന്നു പുറപ്പെട്ടു പോകുന്നവര്‍ക്ക്, ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കും, ലിസ്ബണ്‍ നഗരം, സുഹൃത്തും, തീരവും തുറമുഖവും അഭയകേന്ദ്രവുമാണ്. അതുപോലെ ഇന്ന് നിങ്ങള്‍ എന്നിലര്‍പ്പിക്കുന്ന പ്രത്യാശപോലെ, നിങ്ങളുടെ മാനുഷികമായ എല്ലാ ആശകളും പ്രത്യാശകളും ദൈവത്തിലര്‍പ്പിക്കാനാവട്ടെ. ഇന്നത്തെ അജപാലന പ്രാമുഖ്യം ഇതാണ്, ഓരോ ക്രൈസ്തവനും ഈ ലോകത്തില്‍ കുടുംബത്തിന്‍റെയും, സംസ്കാരത്തിന്‍റെയും, സാമ്പത്തികതയുടെയും രാഷ്ട്രീയവുമായ ചുറ്റുപാടകളിലും തങ്ങളുടെ ജീവിതത്തിലൂടെ സുവിശേഷത്തിന്‍റെ പ്രഭ പരത്താന്‍ ഇടയാവട്ടെ. വിശ്വാസ ജീവിതത്തിന്‍റെ ‘ഉപ്പ്, ഉറകെട്ടു പോവാനിടയാവരുത്’.
 All the contents on this site are copyrighted ©.