2010-05-10 11:05:33

റിപ്പബ്ളിക്ക് ഓഫ് ജോര്‍ജിയായുടെ പ്രസിഡന്‍റ് മൈക്കല്‍ സാക്കാഷൂലി വത്തിക്കാനിലെത്തി പാപ്പായെ സന്ദര്‍ശിച്ചു.


റിപ്പബ്ളിക്ക് ഓഫ് ജോര്‍ജിയായുടെ പ്രസിഡന്‍റ് മൈക്കല്‍ സാക്കാഷൂലി വെള്ളിയാഴ്ച വത്തിക്കാനിലെത്തി പോപ്പ് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹം വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണെയെയും, വിദേശബന്ധക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് ഡൊമിനിക്ക് മംബേര്‍ത്തിയെയും സന്ദര്‍ശിച്ച് സംഭാഷണം നടത്തി. വിവിധ ഉഭയകക്ഷിപ്രശ്നങ്ങളും, ജോര്‍ജിയായിലെ ജനങ്ങളുടെ ജീവിതബന്ധിയായ കാര്യങ്ങളും ചര്‍ച്ചാവിഷയമാക്കാന്‍ കൂടിക്കാഴ്ച അവര്‍ക്ക് അവസരമേകി. കാരിത്താസ് ഇന്‍റര്‍നാഷനല്‍ സംഘടനയുടെ ജോര്‍ജിയായിലെ ഘടകം അവിടത്തെ ജനതയ്ക്ക് നല്‍കുന്ന സേവനത്തെ പ്രസിഡന്‍റ് കൃതജ്ഞതയോടെ അനുസ്മരിച്ചു. പൊതുനന്മ ഉന്നംവച്ചുള്ള വിവിധ മതാനുയായികളുടെ ജോര്‍ജിയായിലെ സമാധാനപൂര്‍വ്വകമായ സഹജീവനം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതിന്‍െറ ആവശ്യകത സംഭാഷണവേളയില്‍ പരാമര്‍ശവിഷയമായി. ബന്ധപ്പെട്ട പാര്‍ട്ടികള്‍ തമ്മിലുള്ള സംവാദത്തിലൂടെയും, ചര്‍ച്ചകളിലൂടെയും ആ നാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. പാപ്പായും, ജോര്‍ജിയായിലെ പ്രസിഡന്‍റും തമ്മിലുള്ള കുടിക്കാഴ്ചയെ അധികരിച്ച പരിശുദ്ധ സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസിന്‍െറ ഒരു വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്.







All the contents on this site are copyrighted ©.