2010-05-10 18:57:17

പാപ്പായുടെ പ്രത്യാശ പകരുന്ന
പോര്‍ച്ചുഗല്‍ തീര്‍ത്ഥാടനം


10 മെയ് 2010
പോര്‍ച്ചുഗല്‍ രാജ്യം ഇപ്പോ‌ള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രത്യാശയും ആത്മീയ ഉണര്‍വും ജനങ്ങള്‍ക്കു നല്കുമെന്ന്, കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പ്, ലിസ്ബണിലെ പേറ്റ്ട്രിയാര്‍ക്ക് പ്രസ്താവിച്ചു. മെയ് 11-ാം തിയതി ചൊവ്വാഴ്ച മുതല്‍
14-ാം തിയതി വെള്ളിയാഴ്ചവരെ നീണ്ടു നില്ക്കുന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പ് ഇങ്ങനെ പറഞ്ഞത്. ആഗോളവത്ക്കരണത്തിന്‍റെ പ്രത്യാഘാതങ്ങളും സാമ്പത്തിക പ്രതിസന്ധിയും പോര്‍ച്ചുഗല്‍ നേരിടുന്നതിന്‍റെ വെളിച്ചത്തില്‍ ഗവണ്‍മെന്‍റ് കാര്‍ക്കശ്യ നിയമങ്ങള്‍ മുന്നോട്ടു വയ്ക്കുമ്പോഴും, മനുഷ്യയാതനകള്‍ക്കും ക്ലേശങ്ങള്‍ക്കും ഒരു ആത്മീയവശംമുണ്ടെന്ന് കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പ് പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബനില്‍ പ്രസ്താവിച്ചു. രാജ്യം നേരിടുന്ന സാമൂഹ്യവും സാംസ്കാരികവുമായ മാറ്റങ്ങളിലും മൂല്യച്ഛുതിയിലും മാര്‍പാപ്പയുടെ സന്ദര്‍ശനം ഏറെ കരുത്തു പകരുന്നതും നവീകരണപാത തെളിയിക്കുന്നതുമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോളവത്ക്കരണത്തിന്‍റെ പ്രത്യാഘാതങ്ങള്‍ എല്ലാ രാജ്യങ്ങളും നേരിടുന്നതുപോലെയാണ് പോര്‍ച്ചുഗലും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നതെന്നും, ഭൗതിയയാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം മനുഷ്യന് വെളിച്ചവും ശക്തിയും നല്കാന്‍ കരുത്തുള്ള ആത്മീയ തലത്തിലേയ്ക്ക് പ്രത്യാശയോടെ നീങ്ങാന്‍ മാര്‍പാപ്പയുടെ ഈ സന്ദര്‍ശനം കരുത്തു നല്കുമെന്ന് കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പ് എടുത്തു പറഞ്ഞു. 2000-മാണ്ടില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനുശേഷം പോര്‍ച്ചുഗലിലെത്തുന്ന, മൂന്നാമത്തെ മാ‍ര്‍പാപ്പയാണ് ബനഡിക്ട് 16-ാന്‍. 4 ദിവസം നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തില്‍ ലിസ്ബണ്‍, ഫാത്തിമാ, ഒപ്പോര്‍ത്തോ എന്നീ പ്രധാന പട്ടണങ്ങല്‍ സന്ദര്‍ശിക്കുന്ന 83 വയസ്സുള്ള മാര്‍പാപ്പ, 17 പ്രധാന സംഭവങ്ങളിലായി 11 പ്രസംഗങ്ങള്‍ നടത്തും. 1917-ല്‍ ജെസിന്താ, ഫ്രാന്‍സീസ്ക്കോ, ലൂസിയാ എന്നീ മൂന്ന് ഇടയക്കുട്ടികള്‍ക്ക് പിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട ഫാത്തിമയാണ് പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ മുഖ്യവേദി. മെയ് പതിമൂന്നാം തിയതി ഫാത്തിമാ നാഥയുടെ തിരുനാള്‍ദിനത്തില്‍ തീര്‍ത്ഥാടന ദേവാലയത്തിനു പുറത്തുള്ള ചത്വരത്തില്‍ മാര്‍പാപ്പ സമൂഹബലിയര്‍പ്പിക്കും. 90 ശതമാനം കത്തോലിക്കരുള്ള പോര്‍ച്ചുഗലില്‍ പാപ്പായുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കര്‍ദ്ദിനാള്‍ അറിയിച്ചു. 11-ാം തിയതി ചൊവ്വാഴ്ച ഇറ്റലിയിലെ സമയം രാവിലെ 8.50ന് പുറപ്പെടുന്ന മാര്‍പാപ്പ, പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണില്‍ പ്രാദേശിക സമയം രാവിലെ
11-ന് എത്തിച്ചേരും. 14-ാം തിയതി വെള്ളിയാഴ്ച വൈകുന്നരം ഇറ്റലിയിലെ സമയം 7 മണിക്ക് മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തും.







All the contents on this site are copyrighted ©.