2010-05-08 12:21:45

 കുവെയിറ്റ് രാഷ്ട്രത്തലവന്‍ വത്തിക്കാനില്‍.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കുവെയിറ്റിന്‍െറ രാഷ്ട്രതലവന്‍ ഷെയ്ക്ക് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിന്‍ അല്‍ സബാഹിന് വ്യാഴാഴ്ച വത്തിക്കാനില്‍ ഒരു കൂടിക്കാഴ്ച അനുവദിച്ചു. തദനന്തരം അദ്ദേഹം വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയെയും, വിദേശബന്ധകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംബെര്‍ത്തിയെയും സന്ദര്‍ശിച്ചു. സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടന്ന ആ കൂടിക്കാഴ്ചകളില്‍ പരിശുദ്ധ സിംഹാസനത്തിനും കുവെയിറ്റിനും ഔല്‍സുക്യമുള്ള വിഷയങ്ങള്‍ പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വപ്രദേശത്തെ സമാധാനവും, മതാന്തരസംഭാഷണവും പരിപോഷിപ്പിക്കണ്ടതിന്‍െറ ആവശ്യകതയെയും പറ്റി അവര്‍ സംസാരിച്ചു. നൂനപക്ഷമായ ക്രൈസ്തവര്‍ ആ നാടിന്‍െറ ക്ഷേമത്തിനായി നല്‍കുന്ന സംഭാവനയും, ആ സമൂഹത്തിന്‍െറ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിക്കപ്പെടണ്ടതിന്‍െറ ആവശ്യകതയും തദവസരത്തില്‍ ചര്‍ച്ചാവിഷയമായി. പാപ്പായും, കുവെയിറ്റ് പ്രസിഡന്‍റും തമ്മിലുള്ള കുടിക്കാഴ്ചയെ അധികരിച്ച പരിശുദ്ധ സിംഹാസനത്തിന്‍െറ ഒരു വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. കുവെയിറ്റിലെ ജനതയില്‍ 85% മുസ്ലിങ്ങളാണ്. അവിടത്തെ അപ്പസ്തോലിക് വികാരിയാത്തിന്‍െറ കണക്കനുസരിച്ച് വിവിധരാജ്യങ്ങളില്‍ നിന്നുള്ള 3 ലക്ഷം ക്രൈസ്തവര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. 1968 ലാണ് പരിശുദ്ധ സിംഹാസനവുമായി കുവെയിറ്റ് നയതന്ത്രബന്ധം സ്ഥാപിച്ചത്. അതിനുശേഷം അന്നാടിന്‍െറ ഒരു രാഷ്ട്രപതി വത്തിക്കാനിലെത്തി പാപ്പായെ സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്.







All the contents on this site are copyrighted ©.