2010-05-08 12:19:44

ഒരു സ്വിസ്സ് സൈനികനായിരിക്കുക അഭിമാനകരമെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


 
സുദീര്‍ഘമായ ചരിത്രമുള്ള സ്വിസ്സ് സൈനികവിദാഗത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അംഗമാകുക അഭിമാനകരമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ഈ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത 30 സ്വിസ്സ് സൈനികരെയും, ഒരു മേജറിനെയും അവരുടെ മാതാപിതാക്കമാരോടെത്ത് വെള്ളിയാഴ്ച വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. നിങ്ങളുടെ പ്രത്യേക യൂണിഫോം ധരിക്കുന്ന നിമിഷം മുതല്‍ സ്വിസ്സ് സൈനികരെന്ന നിലയില്‍ നിങ്ങളെ എല്ലാവരും ആദരിക്കുകയും, അംഗീകരിക്കുകയും ചെയ്യുന്നു, ആ ദിനം മുതല്‍ ഒരു പാരമ്പര്യത്തിന്‍െറ സംരക്ഷണചുമതലയാണ് നിങ്ങളെ ഏല്പിക്കുന്നത്. ആ ദൗത്യം മെച്ചപ്പെട്ട വിധത്തില്‍ നിര്‍വഹിക്കാന്‍ നിങ്ങള്‍ കടപ്പെട്ടവരാണ്. നൂറ്റാണ്ടുകളായി പത്രോസിന്‍െറ പിന്‍ഗാമി തന്‍െറ സൈനികരില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് അനുസാരം വര്‍ത്തിക്കുക. ഉദാരമായ സമര്‍പ്പണചൈതന്യത്തില്‍ അതിനായി പ്രതിബദ്ധരാകുക. പത്രോസിന്‍െറ പിന്‍ഗാമി നിങ്ങളെ അംഗീകരിക്കുകയും , നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. സ്വിസ്സ് സൈനികര്‍ പരോക്ഷമായി എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഭയ്ക്കായുള്ള പത്രോസിന്‍െറ ദൗത്യവുമായി ബന്ധപ്പെട്ടവരാണ്. ക്രിസ്തു തന്‍െറ ഉത്ഥാനത്തിനുശേഷം ഭരമേല്പിച്ച ഉത്തരവാദിത്വത്തിന്‍െറ വെളിച്ചത്തില്‍ പത്രോസിന്‍െറ പിന്‍ഗാമികള്‍ എല്ലാ സഭകളോടും, ഓരോ വിശ്വാസിയോടും, സഭയില്‍നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നവരോടും ഔല്‍സുക്യം കാട്ടുവാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ പത്രോസിന്‍െറ ചാരെയുള്ള സാന്നിദ്ധ്യം നിങ്ങളെ ചൈതന്യവല്‍ക്കരിക്കുന്ന ഉപവി ജീവിതത്തിന് ഒരു സാര്‍വ്വത്രികമാനം നല്‍കുവാനും, ഹൃദയം ഏറെ വിശാലമാക്കുവാനും ഉദ്ബോധിപ്പിക്കുന്നു. എല്ലാ മനുഷ്യരിലും കര്‍ത്താവിന്‍െറ സജീവ അടയാളം കാണുന്നതിന് സഹായിക്കുന്ന ഒരു വദനം തേടുന്ന തീര്‍ത്ഥാടകരെ കണ്ടെത്താന്‍ നിങ്ങളുടെ സേവനം സഹായിക്കും യേശുവിന്‍െറ നാമത്തില്‍ നാം ചെയ്യുന്നവയെല്ലാം അവ എത്ര നിസ്സാരമാണെങ്കിലും നമ്മെ രൂപാന്തരപ്പെടുത്തുമെന്നും, ക്രിസ്തുവില്‍ വീണ്ടും ജനിച്ച പുതിയ മനുഷ്യന് നമ്മെ സമാനരാക്കുമെന്നും നമുക്ക് അറിയാം. അങ്ങനെ പരിശുദ്ധ സിംഹാസനത്തിന്‍െറ ദൗത്യത്തില്‍ നിങ്ങള്‍ നല്‍കുന്ന സഹകരണം കത്തോലിക്കാവിശ്വാസത്തിന്‍െറ മനോഹാരിതയും, മനുഷ്യകുലത്തിന്‍െറ ഔന്നത്യത്തെ പറ്റിയുള്ള അവബോധവും നിങ്ങളില്‍ ഉളവാക്കും പാപ്പാ പ്രസ്താവിച്ചു. സ്വിസ്സ് സൈനികവിഭാഗത്തിലെ പ്രവര്‍ത്തനത്തില്‍ മുന്‍ഗാമികളില്‍ നിന്ന് ലഭിച്ചിരിക്കുന്ന പൈതൃകം നിങ്ങളെ ശക്തിപ്പെടുത്തുകയും വ്യക്തികളെന്ന നിലയിലും ക്രൈസ്തവരെന്ന നിലയിലും പക്വതയുള്ളവരായിത്തീരുവാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യട്ടെ, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ആശംസിച്ചു.
 All the contents on this site are copyrighted ©.