2010-05-06 18:18:57

അരുണാചലലില്‍
സജീവമാകുന്ന സഭ


6 മെയ് 2010
പ്രതികൂലസാഹചര്യത്തിലും അരുണാചല്‍ പ്രദേശിലെ കത്തോലിക്കാ സഭ ഏറെ സജീവമാകുന്നുവെന്ന് മിയാവോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ്
പി. കെ. ജോര്‍ജ്ജ്. 2005-ല്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉയര്‍ത്തിയ അരുണാചല്‍ പ്രദേശിലെ പ്രഥമ രൂപതയായ, മിയാവോയുടെ കത്തീദ്രല്‍ ദേവാലയം മെയ് 2-ാം തിയതി ആശിര്‍വ്വദിച്ചതോടെ 70,000-ത്തോളം വരുന്ന, അവിടത്തെ വിശ്വാസസമൂഹത്തിനും തദ്ദേശവാസികള്‍ക്കും, പുതിയ കത്തീദ്രല്‍-ദേവാലയം ഐക്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും പ്രതീകമായെന്ന് സ്ഥലത്തെ മെത്രാനും പ്രഥമ രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് പി. കെ. ജോര്‍ജ്ജ് പറഞ്ഞു. റാഞ്ചി രൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ തെലസ്ഫോറോ തോപ്പോ മുഖ്യകാര്‍മ്മികനായി കത്തീദ്രല്‍ ദേവാലയം ആശിര്‍വ്വദിക്കപ്പെട്ടു.
ഗുവഹാത്തി ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍, ഷില്ലോങ്ങ് ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് ജാല, ദിബ്രൂഗാര്‍ ബിഷപ്പ് ജോസഫ് അയിന്ത്, സ്ഥലത്തെ മെത്രാന്‍ പി. കെ. ജോര്‍ജ്ജ് എന്നിവര്‍ക്കൊപ്പം രൂപതയിലെ എല്ലാ വൈദികരും സമൂഹബലിയില്‍ പങ്കുചേര്‍ന്നു. മിയാവോ പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് കുന്നിന്‍ മുകളില്‍ ഉയര്‍ന്നു നില്ക്കുന്ന പുതിയ കത്തീദ്രല്‍ ദേവാലയം വാസ്തുഭംഗികൊണ്ട് ഏറെ ശ്രദ്ധേയമാണ്. കത്തീദ്രലിന്‍റെ മുന്നില്‍ ഉയര്‍ന്നു നില്ക്കുന്ന 40 അടി ഉയരമുള്ള, കരങ്ങള്‍ വിരിച്ച് എല്ലാവരെയും ആശിര്‍വ്വദിച്ചു നില്കുന്ന ക്രിസ്തുവിന്‍റെ ഫൈബര്‍ ഗ്ലാസ്സില്‍തീര്‍ത്ത പൂര്‍ണ്ണകായ ശില്പം, പട്ടണത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ദൃശ്യമാകുന്നതും ആത്മീയതയുണര്‍ത്തുന്നതുമാണ്. മിയാവോ രൂപതാംഗങ്ങള്‍ മാത്രമല്ല, അരുണാചലിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി മറ്റു മതസ്തരും ആശിര്‍വ്വാദകര്‍മ്മത്തിലും തുടര്‍ന്നുള്ള സാംസ്കാരിക പരിപാടികളിലും പങ്കെടുത്തുവെന്ന് സ്ഥലത്തെ മെത്രാന്‍, റവ. ഡോക്ടര്‍ പി. കെ. ജോര്‍ജ്ജ് അറിയിച്ചു.All the contents on this site are copyrighted ©.