2010-05-04 20:11:31

മനുഷ്യന്‍റെ ജീവിതയാതനകള്‍
പ്രതിഫലിപ്പിക്കുന്ന തിരുക്കച്ച


യേശുവിന്‍റെ മൃതശരീരം പൊതിഞ്ഞതെന്ന് വിശ്വസിക്കുന്ന ട്യൂറിനിലെ തിരുക്കച്ച മനുഷ്യകുലത്തിന്‍റെ പീഡനങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. കാരണം,
ക്രിസ്തുവിന്‍റെ പീഡകള്‍ മനുഷ്യകുലത്തിന്‍റെ പീഡകളാണ്. അതുകൊണ്ടു തന്നെ അതു നമ്മുടെ പ്രത്യാശയുടെ അടയാളവുമാണ്. ക്രിസ്തു കുരിശ്ശില്‍ നടത്തിയ സ്വാര്‍പ്പണം നമ്മുടെ പാപമകറ്റുകയും, അവിടുത്തെ പുനരുത്ഥാനത്തിന്‍റെ മഹത്വത്തില്‍ നമ്മെ പങ്കുകാരാക്കുകയും ചെയ്തു.
പീഡാസഹനത്തിലൂടെയാണ് യേശു മഹത്വീകരിക്കപ്പെട്ടത്. ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്തില്‍ പീഡാനുഭവവും ഉത്ഥാനവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. യൂദാസിന്‍റെ വഞ്ചനയെക്കുറിച്ച് വിവരിച്ചതിനുശേഷം യോഹന്നാന്‍ സുവിശേഷകന്‍ എഴുതുന്നു, “അവന്‍ പുറത്തുപോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു, ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. ദൈവം അവനില്‍ മഹത്വപ്പെട്ടുവെങ്കില്‍ ദൈവം അവനെ തന്നില്‍ മഹത്വപ്പെടുത്തും, ഉടന്‍തന്നെ മഹത്വപ്പെടുത്തും.”
യൂദാസിന്‍റെ ചെറുചുംമ്പനത്തില്‍ നിന്നാണ് ക്രിസ്തുവിന്‍റെ പീഡാസഹനം ആരംഭിക്കുന്നത്. യേശുവിന്‍റെ മഹത്വം പീഡാസഹനത്തില്‍നിന്നും ആരംഭിച്ചതായി യോഹന്നാന്‍ വ്യക്തമാക്കുന്നു. തന്‍റെ സഹനത്തിലൂടെ ഈശോ അവിടുത്തെ മഹത്വം വെളിപ്പെടുത്തുന്നു. അവിടുത്തെ മഹത്വം സ്നേഹമാണ്, തന്നെത്തെ സമ്പൂര്‍ണ്ണമായി പിതാവിനു സമര്‍പ്പിക്കുന്ന സ്നേഹം. തന്‍റെ ജീവന്‍ സമര്‍പ്പിച്ചുകൊണ്ട് മനുഷ്യകുലത്തോടുള്ള തന്‍റെ സ്നേഹം പ്രകടമാക്കി. അവസാനമായി താന്‍ ഈ ലോകത്തുനിന്ന് പിരിഞ്ഞു പോകുന്നതിനുമുമ്പ് തന്‍റെ ശിഷ്യന്മാര്‍ക്ക് തന്‍റെ അന്തിമശാസനം നല്കി. “ഞാന്‍ നിങ്ങള്‍ക്കൊരു പുതിയ കല്പന നല്കുന്നു, നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍.
ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്വോന്യം സ്നേഹിക്കുവിന്‍.” 13, 34. നാം പരസ്പരം സ്നേഹിച്ചു ജീവിക്കുമ്പോള്‍ ക്രിസ്തു നമ്മുടെ മദ്ധ്യേ തുടര്‍ന്നും ജീവിക്കുന്നു. ഈ കല്പനയില്‍ നവമായുള്ളത്, യേശു സ്നേഹിച്ചതുപോലെ നമ്മളും സ്നേഹിക്കണം എന്നതാണ്. സ്നേഹിക്കുവാനുള്ള കല്പന പഴയ നിയമത്തിലുണ്ട്.
എന്നാല്‍ മാതൃകയൊന്നും നല്കുന്നില്ല. സ്നേഹത്തിന്‍റെ മാതൃകയും സ്രോതസ്സുമായി യേശു തന്നെത്തന്നെ നല്കുന്നു. യേശുവിന്‍റെ സ്നേഹം അതിരുകളില്ലാത്തതാണ്, സാര്‍വ്വലൗകികമാണ്. ജീവിതത്തിലെ വിഷമസന്ധികളും വിപരീത സാഹചര്യങ്ങളു മകറ്റി, സ്നേഹത്തില്‍ നമ്മെ വളര്‍ത്താനും പരിവര്‍ത്തനം ചെയ്യുവാനും കരുത്തുള്ളതാണ് യേശു പഠിപ്പിക്കുന്ന സ്നേഹം.

ലോകത്ത് വിഭജനത്തിന്‍റെയും, എതിര്‍പ്പിന്‍റെയും ഏറെ വിഷമസന്ധികളുള്ള ഇക്കാലത്ത് നമ്മിലുള്ള ക്രിസ്തുവിന്‍റെ സ്നേഹമാണ് ജീവിതത്തില്‍ കരുത്തേകേണ്ടത്. ക്രിസ്തുവിലുള്ള ഐക്യം നാം നിലനിര്‍ത്തുകയാണെങ്കില്‍ നാം അവിടുത്തെ സ്നേഹം അനുദിനം ജീവിക്കുകതന്നെ ചെയ്യും. പ്രതിസന്ധികളിലും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും എന്നൊരു ഉറപ്പ് ക്രിസ്തു നമുക്കു നല്കുന്നുണ്ട്. അവിടുത്തെ ജീവാര്‍പ്പണം നല്കുന്നത് സ്നേഹമാണ്. ആ സ്നേഹസാന്നദ്ധ്യമാകുന്ന പരിശുദ്ധ ദിവ്യകാരുണ്യം
ഈ ജീവിതയാത്രയില്‍ നമുക്ക് കരുത്തേകേണ്ടതാണ്.
ജീവിത പ്രതിസന്ധികളിലും ക്ലേശങ്ങളിലും പതറാതെ നില്ക്കാന്‍ നമുക്ക് കരുത്തേകേണ്ടത് ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന ചിന്തയാണ്. ഉത്ഥിതനായ ക്രിസ്തു നല്കുന്ന സ്നേഹത്തിന്‍റെ ശക്തിയാല്‍ ജീവിത ചുറ്റുപാടുകളെയും യാഥാര്‍ത്ഥ്യങ്ങളെയും നവീകരിച്ച് അനുദിനം മുന്നോട്ടു നീങ്ങുവാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ.
An extract from the homily of Pope Benedict XVI at the Eucharistic Celebration
in the Square of St. Charles, Turin 2, May 2010.







All the contents on this site are copyrighted ©.