2010-04-30 18:59:12

കാലഘട്ടത്തിന്‍റെ പ്രതിസന്ധികളെ നേരിടാന്‍
സുവിശേഷ വെളിച്ചത്തില്‍ നീങ്ങുവിന്‍


30 ഏപ്രില്‍ 2010
സത്യമായതിലുള്ള വിശ്വാസമില്ലാതെയും സത്യത്തോടു സ്നേഹമില്ലാതെയും സാമൂഹ്യനീതിയും മനസ്സാക്ഷിയും വളരുകയില്ലെന്ന് ബനഡിക്ടാ 16-ാമന്‍ മാര്‍പാപ്പാ വത്തിക്കാനില്‍ പ്രസ്താവിച്ചു. ഏപ്രില്‍ 30-ാം തിയതി വെള്ളിയാഴ്ച രാവിലെ പൊന്തിഫിക്കല്‍ സാമൂഹ്യ-ശാസ്ത്ര അക്കാഡമിയുടെ 16-ാമത് സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ വത്തിക്കാനിലെ പേപ്പല്‍ അരമനയില്‍ സ്വീകരിച്ച് അഭിസംബോധനചെയ്യുകയായിരുന്നു മാര്‍പാപ്പ. വകസനത്തിനായുള്ള സഹകരണം സാമ്പത്തിക മേഖലയില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോരെന്നും, സംസ്കാരങ്ങളും ജനതകളും തമ്മില്‍ അടുത്ത് ഇടപഴകുകയും സഹകരിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യവും ശാസ്തീയവുമായ ദര്‍ശനത്തിലൂടെ സാമ്പത്തിക മാന്ദ്യമെന്ന ആഗോളപ്രതിഭാസത്തെ നേരിടണമെന്ന്, മാര്‍പാപ്പാ ഉദ്ബോധിപ്പിച്ചു.
ഇന്ന് നമ്മുടെ മുന്നിലുള്ളത് ആഴമായ സാംസ്കാരിക-ധാര്‍മ്മിക നവീകരണം ആവശ്യമുള്ളൊരു ലോകമാണ്. ഈ പുതിയ ഉത്തരവാദിത്തം, യാഥാര്‍ത്ഥ്യ ബോധത്തോടും, എന്നാല്‍ ആത്മവിശ്വാസത്തോടുംകൂടെ നേരിടേണ്ടതാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു. ചുറ്റുമുള്ള നിഷേധാത്മക സമീപനങ്ങളെ തള്ളിക്കളഞ്ഞ്, സാമൂഹ്യ പ്രതിബദ്ധതയുടെ പുതിയ രൂപങ്ങള്‍ കണ്ടെത്താനും, സര്‍ഗ്ഗാത്മകമായൊരടിത്തറയില്‍, ലോകത്ത് നന്മയുടെ ഒരു നൂതനപാത തെളിയിക്കുവാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും മാര്‍പാപ്പാ പ്രസ്താവിച്ചു. ഈ ആഗോളപ്രതിസന്ധി തിന്മയെ വേര്‍തിരിച്ചറിയാനുള്ള ഒരവസരമാണെന്നും, ഭാവിയെ സംമ്പന്ധിക്കുന്ന ഒരു പുതിയ ദര്‍ശനം രൂപപ്പെടുത്താന്‍ ആത്മവിശ്വാസത്തോടെ വിട്ടുവീഴ്ചകളില്ലാതെ ഇക്കാലഘട്ടത്തിന്‍റെ പ്രതിസന്ധികളെ നേരിടാന്‍ നാം സുവിശേഷ വെളിച്ചത്തില്‍ മുന്നോട്ടു നീങ്ങണമെന്നും മാര്‍പാപ്പാ സമ്പൂര്‍ണ്ണ സമ്മേളനത്തോട് ആഹ്വാനംചെയ്തു. സഭയുടെ സാമൂഹ്യ പഠനങ്ങളുടെയും ധാര്‍മ്മികമൂല്യങ്ങളുടെയും വെളിച്ചത്തില്‍ ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യ-പ്രശ്നത്തെ വിശകലനം ചെയ്യുന്നതാണ് ഏപ്രില്‍ 30-മുതല്‍ മെയ് 4-വരെ നീണ്ടു നില്ക്കുന്ന പൊന്തിഫിക്കല്‍ സാമൂഹൃ-ശാസ്ത്ര അക്കാഡമിയുടെ സമ്മേളനം.







All the contents on this site are copyrighted ©.