2010-04-30 19:45:27

അഭൗമ സൗന്ദര്യമായ ദൈവത്തിങ്കലേയ്ക്ക്
സംഗീതം മനുഷ്യനെ ഉയര്‍ത്തുന്നു –മാര്‍പാപ്പ


 ആത്മീയതയും നന്മയും ഇടകലര്‍ന്ന വ്യക്തിവളര്‍ച്ചയ്ക്ക് സംഗീതപരിശീലനം സഹായകമാണെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ നടന്ന സംഗീതനിശയ്ക്കു ശേഷം പറഞ്ഞു. തന്‍റെ സ്ഥാനാരോഹണത്തിന്‍റെ 5-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 29-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ ഇറ്റലിയുടെ പ്രസിഡന്‍റ്, ജോര്‍‍ജ്ജിയോ നെപ്പോളിത്താനോ, പാപ്പായുടെ ബഹുമാനാര്‍ത്ഥം ഒരുക്കിയ Italian Youth Orchestraയുടെ പശ്ചാത്യ-ശാസ്ത്രീയ സംഗീതനിശയുടെ സമാപനത്തില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്. സമ്പൂര്‍ണ്ണ നന്മയും അഭൗമ സൗന്ദര്യവുമായ ദൈവത്തിങ്കലേയ്ക്ക് മനുഷ്യന്‍റെ മനസ്സും ഹൃയവുമുയര്‍ത്തുവാന്‍ സംഗീതം സഹായിക്കുമെന്നും, നല്ല സംഗീതോത്സവങ്ങള്‍ സന്മനസ്സുള്ളവരെ പ്രത്യാശനിറഞ്ഞൊരു ഭാവിയിലേയ്ക്ക് ക്ഷണിക്കുകയാണെന്നും മാര്‍പാപ്പാ ആഹ്വാനംചെയ്തു.
പശ്ചാത്യ-ശാസ്ത്രീയ സംഗീതലോകത്ത് മികവുറ്റ സംഗീതജ്ഞരെ ഇറ്റിലിക്കും യൂറോപ്പിനും നല്കിയിട്ടുള്ള യൂത്ത് ഓര്‍ക്കെസ്ട്രായുടെ സംഘാടകരെ പാപ്പാ അഭിനന്ദിച്ചു. തന്‍റെ സ്ഥാനാരോഹണ വാര്‍ഷികാനുസ്മരണത്തില്‍, സമ്മര്‍ത്തീനിയുടെയും, മൊത്സ്സാര്‍ട്ടിന്‍റെയും, ബിത്തോവന്‍റെയും വിശ്വത്തരസംഗീത സൃഷ്ടികള്‍ അതിമനോഹരമായി അവതരിപ്പിച്ച, നിക്കോളാ പാസ്കോവിസ്കി നയിച്ച ഇറ്റലിയന്‍ യൂത്ത് ഓര്‍ക്കെസ്ട്രായെ പാപ്പാ അഭിനന്ദിക്കുകയും അവര്‍ക്ക് പ്രത്യേകം നന്ദിപറയുകയും ചെയ്തു.
ഇന്ന് യുവാക്കള്‍ നേരിടുന്ന ഭീഷണികളും തടസ്സങ്ങളും അവഗണിക്കാവുന്നതല്ലെന്നും, ഉന്നത ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ട് പ്രതിസന്ധികളെ നേരിടുവാനുള്ള കരുത്ത് യുവാക്കള്‍ക്കു നല്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ക്ഷമയുടെയും, കഠിനാദ്ധ്വാനത്തിന്‍റെയും, പങ്കുവയ്ക്കലിന്‍റെയും, സഹകരണത്തിന്‍റെയും വലിയ മൂല്യങ്ങള്‍, ഒരു സംഗീതകൂട്ടായ്മയ്ക്ക് നല്കാനാകുമെന്ന് തന്‍റെതന്നെ സംഗീതപഠനകാലം അനുസ്മരിച്ചുകൊണ്ട്, മാര്‍പാപ്പ നിറഞ്ഞസദസ്സിനെ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.