2010-04-28 08:38:36

മെക്സിക്കോയിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കായി അവിടത്തെ സഭ ശബ്ദമുയര്‍ത്തുന്നു.


മെക്സിക്കോയിലെ ഏതാണ്ടു ഒന്നരകോടിയോളം വരുന്ന ആദിവാസികളുടെ അവകാശസംരക്ഷണത്തിന് ആ നാട്ടിലെ സാന്‍ ക്രിസ്തോബാള്‍ ദെ ലാസ് കാസാസ് രൂപതാസാരഥി ബിഷപ്പ് ഫിലിപ്പ് അറിസ്മെന്‍റി ശബ്ദമുയര്‍ത്തുന്നു. ഈയിടെ മെക്സിക്കോയിലെ അനുരഞ്ജന സമാധാന സമതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് തദ്ദേശവാസികളുടെ അവകാശങ്ങള്‍ ആദരിക്കപ്പെടേണ്ടതിന്‍െറ ആവശ്യകത അദ്ദേഹം ചൂണ്ടികാട്ടിയത്. ഇന്ന് ലോകത്തില്‍ ഏതാണ്ടു നാലരക്കോടിയോളം ആദിവാസികളുണ്ട്. അവരില്‍ ഏതാണ്ട് ഒന്നരക്കോടി മെക്സിക്കോയിലാണ്. ബിഷപ്പ് തുടര്‍ന്നു - അവരുടെ തനിമയും, നിലനില്പും ഇന്ന് വന്‍ വെല്ലുവിളികള്‍ക്ക് വിധേയമാണ്. അവരുടെ അവകാശങ്ങള്‍ ചവുട്ടിമെതിക്കപ്പെടുകയാണ്. ആ സാധുജനതയുടെ ആരോഗ്യ,വിദ്യാഭ്യാസ തലങ്ങളിലെ ആവശ്യങ്ങള്‍ ആദരിക്കപ്പെടുന്നില്ല. കിരാതവും, ക്രൈസ്തവവിരുദ്ധവുമായ വിവേചനത്തിന്‍െറ നുകത്തിന്‍ കീഴില്‍ അവര്‍ ഞെരുങ്ങുകയാണ്. ആദിവാസികളുടെ അവസ്ഥ യഥാതഥം മനസ്സിലാക്കണമെങ്കില്‍ അവരുടെ ജീവിതപ്രയാണത്തില്‍ സഹയാത്ര ചെയ്യണം. അങ്ങനെ മാത്രമേ അവരുടെ തനിമയും, അവകാശങ്ങളും ആദരിക്കപ്പെടേണ്ടതിന്‍െറ ആവശ്യകത നാം ഗ്രഹിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ അവര്‍ക്കായി ശബ്ദമുയര്‍ത്താനും, അവരുടെ ക്ഷേമത്തിനായി പ്രതിബദ്ധരാകുവാനും നമുക്ക് സാധിക്കുകയുള്ളൂ.







All the contents on this site are copyrighted ©.