2010-04-22 18:39:19

സമാധാനം സന്മനസ്സുള്ളവര്‍ക്ക്
ദൈവം നല്കുന്ന സമ്മാനം


22 ഏപ്രില്‍ 2010
സമാധാനം മാനുഷീകാസൂത്രണത്തിന്‍റെയോ പ്രവര്‍ത്തനങ്ങളുടേയോ ഫലമല്ല,
മറിച്ച് സന്മനസ്സുള്ളവര്‍ക്ക് ദൈവം നല്കുന്ന സമ്മാനമാണെന്ന് ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പാ പ്രസ്താവിച്ചു. പരിശുദ്ധ സിംഹാസനത്തിനായുള്ള മാസിഡോണിയാ റിപ്പബ്ളിക്കിന്‍റെ പുതിയ സ്ഥാനപതി, ജോക്കോ ജോര്‍ജ്ജിവിസ്കിയുടെ ആധികാരിക സാക്ഷിപത്രങ്ങള്‍ വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍വച്ച് വ്യാഴാഴ്ച സ്വീകരിക്കവെ നടത്തിയ പ്രഭാഷണത്തിലാണ് മാര്‍പാപ്പാ ഇപ്രകാരം പറഞ്ഞത്. നീതിയും അനുരഞ്ജനവും സമാധാനത്തിന്‍റെ നെടുംതൂണുകളാണെന്ന് പാപ്പാ പ്രസ്താവിച്ചു. മനുഷ്യാവകാശങ്ങളെയും ഉത്തരവാദിത്തങ്ങളേയും ഒരുപോലെ മാനിക്കുവാന്‍ നീതി നമ്മോട് ആവശ്യപ്പെടുമ്പോള്‍, ആശയപരമായ വ്യത്യാസങ്ങളാല്‍ വിഷമതകളനുഭവിക്കുന്നവരെ സാന്ത്വനപ്പെടുത്തി, അകന്ന ബന്ധങ്ങളുടെ കണ്ണികള്‍ കൂട്ടിയിണക്കുന്നതുമാണ് അനുരഞ്ജനമെന്നും മാര്‍പാപ്പാ ആഹ്വാനംചെയ്തു. അപ്പസ്തോലിക കാലംമുതല്ക്കേ ക്രിസ്തീയ വിശ്വാസത്തിന്‍റെ പുരാതനവും പ്രകടവുമായ പാരമ്പര്യമുള്ള മാസിഡോണിയായില്‍ സംസ്കാരത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും സത്യസന്ധമായ പുതിയ ചക്രവാളങ്ങള്‍ തുറക്കുവാന്‍ ആഗോളവത്ക്കരണത്തിന്‍റെ ഈ കാലഘട്ടത്തില്‍ സാധിക്കട്ടെയെന്നും മാര്‍പാപ്പാ ആശംസിച്ചു. മാസിഡോണിയായുടെ പുതിയ അംബാസിഡര്‍ക്ക് മാര്‍പാപ്പ തന്‍റെ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകളും ആ നാടിന്‍റെ സമഗ്രമായ പുരോഗതിക്കായുളള പിന്‍തുണയും വാഗ്ദാനം ചെയ്തു.







All the contents on this site are copyrighted ©.