2010-04-15 19:30:54

മാര്‍പാപ്പായുടെ മാള്‍ട്ട സന്ദര്‍ശനം
പൗലോസ്ലീഹായുടെ
ആത്മീയപാതയിലുള്ള തീര്‍ത്ഥാടനം


 14 ഏപ്രില്‍ 2010
മാര്‍പാപ്പയുടെ മാള്‍ട്ടാ സന്ദര്‍ശനം വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ആത്മീയപാതയിലുള്ള സമാധാനത്തിന്‍റെയും പ്രത്യാശയുടെയും ഒരു തീര്‍ത്ഥാടനമാണെന്ന്, മാള്‍ട്ടയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ്, തൊമാസ്സോ കപ്പൂത്തോ പ്രസ്താവിച്ചു.
മാര്‍പാപ്പയുടെ 14-ാമത് അപ്പസ്തോലിക തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്കിയ ഒരഭിമുഖത്തിലാണ് ഇപ്രകാരം പറഞ്ഞത്.
മദ്ധ്യധരണിയാഴിയില്‍ മാള്‍‍ട്ടായുടെ തീരങ്ങളില്‍വച്ച് വിശുദ്ധ പൗലോസ് അപ്പസ്തോലനുണ്ടായ കപ്പലപകടത്തിന്‍റെ 1950-ാം വര്‍ഷികവുമായി ബന്ധപ്പെട്ടാണ്, വരുന്ന 17, 18 ശനി-ഞായര്‍ ദിവസങ്ങളില്‍
ബെനഡിക്ട് 16-മന്‍ മാര്‍പാപ്പ മാള്‍ട്ട സന്ദര്‍ശിക്കുന്നത്.
ഈ ചരിത്രസംഭവത്തിന്‍റെ ഓര്‍മ്മപുതുക്കലിലൂടെ മാള്‍ട്ടയിലെ സഭയ്ക്കും സമൂഹത്തിനും ലഭിക്കുന്ന കൃപാസ്പര്‍ശം പുരോഗമനത്തിന്‍റെയും വിശ്വാസജീവിതത്തിന്‍റെയും പാതയിലെ ഒരു കുതിപ്പായിരിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് കപ്പൂത്തോ പറഞ്ഞു. ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്‍റെ 5-ാം വാര്‍ഷികത്തോടുചേര്‍ന്ന് ഈ അപ്പസ്തോലിക സന്ദര്‍ശനം നടക്കുന്നത് അവിചാരിതമെങ്കിലും ദൈവാധീനവും സന്തോഷദായകവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്തുമതം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മാള്‍ട്ടയില്‍
പൂര്‍ണ്ണമായും ഭരണാധികാരികളുടെ പിന്‍തുണയും സഹകരണവും
മാര്‍പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളിലും ഉണ്ടെന്നും അപ്പസ്തോലിക് നൂണ്‍ഷ്യോ തൊമാസ്സോ കപ്പൂത്തോ അറിയച്ചു. ശനിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയും 5 മണിക്ക് മാള്‍ട്ടയിലെത്തുന്ന മാര്‍പാപ്പയുടെ സന്ദര്‍ശനം ഞായറാഴ്ച വൈകുന്നേരം 7 മണിവരെ നീണ്ടുനില്ക്കും.







All the contents on this site are copyrighted ©.