2010-04-08 17:19:35

ചിലിയുടെ ദേശീയ ചൈതന്യം
നീതിയുടെയും സാഹോദര്യത്തിന്‍റെയും


7 ഏപ്രില്‍ 2010
ശതാബ്ദിവര്‍ഷത്തില്‍ ചിലി രാജ്യത്തിന്‍റെ ചൈതന്യം നീതിയുടെയും സാഹോദര്യത്തിന്‍റെയും സഹിഷ്ണുതയുടെയും മാനങ്ങളിലേയ്ക്ക് ഉയരണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, തര്‍ച്ചീസിയോ ബര്‍ത്തോണേ പ്രസ്താവിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയുടെ സ്വാതന്ത്ര്യത്തിന്‍റെ രണ്ടാം ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ചിലി സന്ദര്‍ശിക്കുന്ന
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി തര്‍ച്ചീസിയോ ബര്‍ത്തോണെ
അവിടത്തെ പ്രസിഡന്‍റുമായി 7-ാം തിയതി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇങ്ങിനെ പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലുണ്ടായ ഭൂകമ്പത്തിന്‍റെയും സുനാമിയുടെയും കെടുതിയില്‍ വേദനിച്ചുനില്ക്കുമ്പോഴും ചിലിയുടെ ആത്മാവ് എന്നപേരില്‍ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ-ശതാബ്ദി ആഘോഷിക്കുവാനുള്ള നേതാക്കളുടെയും ജനങ്ങളുടെയും തീരുമാനം, അവരുടെ ഐക്യത്തിന്‍റെയും പുരോഗമന വാഞ്ഛയുടെയും പ്രതീകമാണെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പറഞ്ഞു.

ദുരന്തത്തിന്‍റെ പ്രഹരമേറ്റ ചിലിയിലെ ജനങ്ങള്‍ക്കൊപ്പം സഭയുടെ സാന്ത്വന സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകുമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഉറപ്പു നല്കി. ആപത്ഘട്ടത്തില്‍ കാരിത്താസ് സംഘടനവഴിയും മറ്റുവിധത്തിലും സഭ നല്കിയ പിന്‍തുണയ്ക്ക് പ്രസിഡന്‍റ് സെബാസ്റ്റൃന്‍ പീഞ്ഞേരാ നന്ദിപറഞ്ഞു.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ ഈസ്റ്റര്‍ ദിനത്തില്‍ നല്കിയ ലോകത്തിനും പട്ടണത്തിനുമായുള്ള സന്ദേശത്തില്‍ പ്രത്യേകം ചിലി രാജ്യത്തെയും അവിടത്തെ ജനങ്ങളെയും അനുസ്മരിച്ചതിനും അദ്ദേഹം പ്രത്യേകം മാര്‍പാപ്പയ്ക്കും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിക്കും കൃതഞ്ജതയര്‍പ്പിച്ചു. അന്നുതന്നെ വൈകുന്നേരം പുന്താ എറീനാ തെക്കന്‍ പ്രവിശ്യ സന്ദര്‍ശിച്ച വിത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി 1987 ഏപ്രില്‍ മാസത്തിലെ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനം അനുസ്മരിക്കുകയുണ്ടായി. അമേരിക്കാ ഭൂഖണ്ഡത്തിന്‍റെ തെക്കേ അറ്റത്ത് കിടക്കുന്ന, അര്‍ജന്‍റീനയും ചിലിയും തമ്മില്‍ ഒരു സമാധാന ഉടമ്പടിയുണ്ടാക്കുന്നതില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വഹിച്ചപങ്ക് കര്‍ദ്ദിനാള്‍ ബര്‍ത്തോണേ പൂന്താ കത്തീദ്രല്‍ദേവാലയത്തിലെ ചടങ്ങില്‍ അനുസ്മരിച്ചു. ഏപ്രില്‍ 14 വരെ നീണ്ടു നല്ക്കുന്നതാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ ബര്‍ത്തോണെയുടെ സന്ദര്‍ശനം.







All the contents on this site are copyrighted ©.