2010-04-07 16:56:34

വൈവിധ്യങ്ങള്‍ അംഗീകരിക്കുന്ന
നേതാക്കളെ തിരഞ്ഞെടുക്കണം
-ആര്‍ച്ചുബിഷപ്പ് രഞ്ജിത്


 മാനുഷികവും സാമൂഹ്യവുമായ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ജനനേതാക്കളെയാണ് തിരെഞ്ഞടുക്കേണ്ടതെന്ന് കൊളംമ്പോ ആര്‍ച്ചുബിഷപ്പ് മാല്‍ക്കം രഞ്ജിത് പ്രസ്താവിച്ചു. ശ്രീലങ്കയില്‍ ആസന്നമാകുന്ന നിയമസഭാ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി നല്കിയ ഒരു പത്രപ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് രഞ്ജിത് ഇങ്ങിനെ പറഞ്ഞത്. സമാധാനപരമായും ദേശീയ അഖണ്ഡതയും സമത്ത്വവും മാനിക്കുന്ന ഒരു ശൈലിയിലും മുന്നേറണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനംചെയ്തു.
ലിംഗത്തിലും വംശത്തിലും മതത്തിലും ഭാഷയിലും പ്രായത്തിലുമുള്ള വൈവിധ്യങ്ങളെ അംഗീകരിക്കുകയും, നീതിയും സമത്വവും ഐക്യവും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ഗവണ്‍മെന്‍റിനെയായിരിക്കണം ശ്രിലങ്കയിലെ ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് രഞ്ജിത് പ്രസ്താവിച്ചു.
വിഭിന്നങ്ങളായ സംസ്കാരങ്ങളുള്ള ശ്രീലങ്കയില്‍ എല്ലാവിധത്തിലുള്ള വിവേചനങ്ങളുമകറ്റി, മതങ്ങളെയും വംശങ്ങളെയും ഭാഷക്കാരെയും സംസ്ക്കാരങ്ങളേയും അംഗീകരിക്കുന്ന ഒരു ഭരണകൂടം ഉറപ്പുവരുത്താന്‍ സമാധാനപരവും നിഷ്കപടവുമായ ഒരു തിരഞ്ഞെടുപ്പിനായി, അക്രമവും അഴിമതിയും അന്യായമായ ഇടപെടലുകളും പാടെ ഉപേക്ഷിക്കുവാന്‍ ആര്‍ച്ചുബിഷപ്പ് ജനങ്ങളോട് ആഹ്വാനം ചെയ്തു.







All the contents on this site are copyrighted ©.