2010-04-01 19:50:57

ജീവിതവിളക്കില്‍
കാരുണ്യത്തിന്‍റെ എണ്ണ
വറ്റിപ്പോകാതിരിക്കട്ടെ
 


 1 ഏപ്രില്‍ 2010
(ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പെസഹാവ്യാഴാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലെ തൈലാശിര്‍വ്വാദ ദിവ്യബലിമദ്ധ്യേ നല്കിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍)

സഭാജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്ത് കൂദാശകളാണ്. ക്രൈസ്തവ ജീവിതം കൗദാശിക ജീവിതമാണെന്നു പറയുന്നത് അതുകൊണ്ടാണ്. ഈ പ്രപഞ്ചത്തിലൂടെ ദൈവം നമ്മിലേയ്ക്കു വരികയും അവിടുന്ന് പ്രപഞ്ച വസ്തുക്കളിലൂടെ നമ്മെ സ്പര്‍ശിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ നാല് മൂല പദാര്‍ത്ഥങ്ങളെ കേന്ദ്രീകരിച്ചാണ് കൂദാശകള്‍ ക്രമീകരിച്ചിരിക്കുന്നത്: വെള്ളം, ഒലിവെണ്ണ, അപ്പവും വീഞ്ഞും. ജലത്താലുള്ള ജ്ഞാനസ്നാനത്താലാണ് ക്രിസ്തുവിലുള്ള നവജീവനില്‍ നാം പങ്കുചേരുന്നത്. വെള്ളം ജീവന്‍റെതന്നെ നിലനില്പിന് അനിവാര്യമായ അടിസ്ഥാന മൂല പദാര്‍ത്ഥമാണ്. മറ്റു മൂന്നു മൂല പദാര്‍ത്ഥങ്ങള്‍ (ഒലിവെണ്ണയും അപ്പവും വീഞ്ഞും) ക്രിസ്തുമതം ഉത്ഭവിച്ച മദ്ധ്യധരണിയാഴിയുടെ പ്രവിശ്യയിലുള്ള ജനങ്ങളുടെ ജീവിതത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ്. അവ വളരെ പ്രകടമായും ക്രിസ്തുമത ചരിത്രത്തിന്‍റെ ഉറവിടങ്ങളിലേയ്ക്കും അതിന്‍റെ പശ്ചാത്തലങ്ങളിലേയ്ക്കും നമ്മെ നയിക്കുന്നു. മേല്പ്പറഞ്ഞ മൂന്നു മൂല പദാര്‍ത്ഥങ്ങളില്‍ അപ്പം മനുഷ്യന്‍റെ അനുദിന ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്‍റെ അനുദിന ജീവിത പോഷണമാണത്. വീഞ്ഞ് ആനന്ദത്തിന്‍റെയും ഉത്സവത്തിന്‍റെയും പ്രതീകമാണ്. ആത്മീയതലത്തില്‍ രക്ഷണീയ പങ്കാളിത്തിത്തിന്‍റെ സന്തോഷമാണ് അതു സൂചിപ്പിക്കുന്നത്. ഒലിവെണ്ണയ്ക്ക് വളരെ ആഴവും വ്യാപകവുമായ അര്‍ത്ഥമുണ്ട്. അത് പോഷണമാണ്, മരുന്നാണ്, സൗന്ദര്യം പകരുന്നതാണ്. ഒലിവെണ്ണ കായികാദ്ധ്വാനത്തിനും കുരുത്തു നല്കുന്നു. യുദ്ധവീരന്മാര്‍ പോര്‍ക്കളത്തിലറങ്ങും മുന്‍പ് അതുപയോഗിച്ചിരുന്നു. രാജാക്കന്മാരും പുരോഹിതന്മാരും അഭിഷേകംചെയ്യപ്പെടുന്നത് ഒലിവെണ്ണകൊണ്ടാണ്. അങ്ങിനെ അത് അന്തസ്സിന്‍റെയും ഉത്തരവാദിത്തത്തിന്‍റെയും അടയാളമാണ്. പരമമായി അത് ദൈവത്തില്‍നിന്നുതന്നെ ഊറിവരുന്ന ശക്തിയാണെന്നു പറയാം.

ക്രിസ്ത്യാനി എന്ന പേരുതന്നെ അഭിഷേകതൈലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ക്രിസ്തു എന്ന വാക്കില്‍നിന്നുമാണ് ക്രിസ്ത്യാനി എന്ന പ്രയോഗം ഉണ്ടാകുന്നത്. ക്രിസ്തു, എന്നവാക്കിന് ഗ്രീക്കില്‍ മിശിഹാ, അഭിഷിക്തന്‍ എന്നാണതിനര്‍ത്ഥം. “അങ്ങിനെ ക്രിസ്തുവിനെ അനുഗമിച്ചവര്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരായി, അന്ത്യോക്യായില്‍വച്ചാണ് ശിഷ്യന്മാര്‍ അവരെ ആദ്യമായി ക്രിസ്ത്യാനികള്‍ എന്നു വിളിച്ചത്,” (അപ്പസ്തോല നടപടി 11, 20). അങ്ങനെ മിശിഹായെ, അഭിഷിക്തനായവനെ അനുകരിക്കുന്നവര്‍ വെറും മൂലപദാര്‍ത്ഥമാകുന്ന എണ്ണകൊണ്ടു മാത്രമല്ല, അത് പ്രതിനിധാനം ചെയ്യുന്ന പരിശുദ്ധാത്മാവിനാലും അഭിഷേകംചെയ്യപ്പെടുന്നു. ഒലിവെണ്ണ അങ്ങിനെ ക്രിസ്തുവിലുള്ള പരിശുദ്ധാത്മാവിന്‍റെ ചൂഴ്ന്നിറങ്ങലിനെയാണ് സൂചിപ്പിക്കുന്നത്.
പെസഹാ വ്യാഴാഴ്ചത്തെ തൈലാശിര്‍വാദബലിയുടെ കേന്ദ്രഭാഗവും വിശുദ്ധ തൈലങ്ങള്‍ തന്നെയാണ്. മെത്രാന്‍ തന്‍റെ കത്തീദ്രല്‍ ദേവാലയത്തില്‍വച്ച് വൈദീകരുടെ കൂട്ടായ്മയില്‍ ഒരു വര്‍ഷത്തെ അജപാലന ശുശ്രൂഷയ്ക്കാവശ്യമായ തൈലങ്ങള്‍ ദിവ്യബലിമദ്ധ്യേ ആശീര്‍വദിക്കുന്നു. മെത്രാന്മാരില്‍ അധിഷ്ഠിതമായ സഭയുടെ കൂട്ടായ്മയുടെ പ്രതീകംകൂടിയാണിത്. കാരണം തുടര്‍ന്ന് അനുദിന അജപാലനമേഖലിയിലുള്ള വിവിധങ്ങളായ പൗരോഹിത്യ ശുശ്രൂഷകള്‍ പെസഹാവ്യാഴത്തെ അഭിഷേകതൈലങ്ങളില്‍ കേന്ദ്രീകൃതമാണ്. “അവര്‍ അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ഇടയുനും പാലകനുമായവന്‍റെ പക്കലേയ്ക്കു മടങ്ങിവന്നിരിക്കുന്നു,”
(1 പത്രോസ് 2, 25).

ക്രിസ്തുനാഥന്‍ സഹനത്തിന്‍റെ പാനപാത്രം സ്വീകരിച്ചതായ ഒലിവുതോട്ടത്തിലേയ്ക്കും (ഗദ്സേമന്‍ തോട്ടത്തിലേയ്ക്ക്) ഈ അഭിഷേകതൈലങ്ങള്‍ നമ്മെ നയിക്കുന്നുണ്ട്. ക്രിസ്തു പിതാവിങ്കലേയ്ക്ക് ആരോഹണംചെയ്യുന്നതും ഒലിവുതോട്ടത്തില്‍നിന്നുമാണല്ലോ. അതിനാല്‍ ഒലിവുതാഴ്വാരം രക്ഷയുടെ പ്രതീകം കൂടിയാണ്. അങ്ങിനെ ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒലിവുമലയിലൂടെ തിരുസഭ കൂദാശകള്‍ക്കായി ഉപയോഗിക്കുന്ന തൈലങ്ങളില്‍ ക്രിസ്തുവിന്‍റെ ഈ ദ്വിതീയ അത്മീയരഹസ്യങ്ങള്‍ (പീഡാസഹനത്തിന്‍റെയും സ്വര്‍ഗ്ഗാരോഹണത്തിന്‍റെയും ആത്മീയരഹസ്യങ്ങള്‍) ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, തിരുപ്പട്ടം, രോഗീലേപനം – ഈ നാലു കൂദാശകളില്‍ വിശുദ്ധ തൈലങ്ങള്‍ മനുഷ്യരിലേയ്ക്ക് ഇറങ്ങിവരികയും നമ്മെ സ്പര്‍ശിക്കുകയും ചെയ്യുന്ന ദൈവികനന്മയുടെ പാരമ്യമാണ് ഇവിടെ കാണേണ്ടത്. ക്രൈസ്തവ ജീവിതത്തില്‍ രോഗീലേപനം ഏറ്റവും അവസാനമായി നല്കുന്ന കൂദാശയാണ്. ദൈവികമായ ഒരു ഔഷധം രോഗിക്കു നല്കുന്നതുപോലെയാണത്. ജീവിതയാത്രയുടെ അന്ത്യനിമിഷങ്ങളില്‍ ദൈവികനന്മയുടെ ഉറപ്പും ശക്തിയും സമാശ്വാസവും നല്കുന്നതോടൊപ്പം രോഗീലേപനം, മനുഷ്യന്‍ അനുഭവിക്കുന്ന ശാരീകാലസ്യങ്ങള്‍ക്കെല്ലാമപ്പുറമുള്ള നിര്‍ണ്ണായകവും ശാശ്വതവുമായൊരു സൗഖ്യം, ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പങ്കാളിത്തം പകര്‍ന്നു നല്കുന്നു. “നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവര്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകംചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ,” (യാക്കോബ് 5, 14). അങ്ങിനെ ക്രൈസ്തവരുടെ ജീവിതത്തില്‍ ജനനംമുതല്‍, മരണംവരെ, തങ്ങളുടെ വിധിയാളനും രക്ഷകനുമായ ദൈവത്തെ കാണുവാന്‍ ഒരുങ്ങുംവരെ, വിശുദ്ധതൈലം വിവിധ രൂപത്തില്‍ ആത്മീയജീവിതത്തില്‍ നമ്മെ അനുയാത്രചെയ്യുന്നു.
വിശുദ്ധ ഗ്രന്ഥത്തിലെ ഉല്വത്തിപ്പുസ്തകത്തില്‍ ഒലീവ് ചില്ല സമാധാനത്തിന്‍റെയും പ്രത്യാശയുടേയും പ്രതീകമാണ്. നോഹിനും കുടുംമ്പത്തിനും ഒലീവുചില്ല ചുണ്ടിലേറി പറന്നുവന്ന പ്രാവാണ് അന്നത്തെ ലോകത്തെ നശിപ്പിച്ച ജലപ്രളയത്തിന്‍റെ അന്ത്യമറിയിക്കുന്നത്. “ഏഴാം ദിവസം വൈകുന്നേരമായപ്പോള്‍ കൊത്തിയെടുത്ത ഒരു ഒലിവിലയുമായി പ്രാവ് തിരിച്ചുവന്നു. അങ്ങനെ വെള്ളമിറങ്ങിയെന്ന് നോഹിനു മനസ്സിലായി,” (ഉല്പത്തി 8, 10).
ആദിമ ക്രൈസ്തവര്‍ മരിച്ചവരുടെ കുഴിമാടങ്ങള്‍ ഒലിവിലകള്‍കൊണ്ട് അലങ്കരിക്കുമായിരുന്നു. ജീവിതാന്ത്യത്തില്‍ വിജയകിരീടമണിഞ്ഞ് ശാന്തിയടയുന്നതിന്‍റെ അടയാളമാണ് മൃതരുടെ കുഴിമാടങ്ങള്‍ അലങ്കരിച്ചിരുന്ന ഒലിവു റീത്തുകള്‍. ക്രിസ്തു മരണത്തെ കീഴടക്കിയതുപോലെ, ക്രൈസ്തവരെല്ലാവരും മരണത്തെ ജയിച്ച് നിത്യമായ ശാന്തിയണയുന്നു എന്നാണിതിനര്‍ത്ഥം. ഈ ലോകത്തിനു നല്കാനാവാത്ത സമാധാനം ക്രിസ്തുവിന് നല്കാനാവുമെന്ന പ്രത്യാശയും ഇതു നല്കുന്നുണ്ട്. ഉത്ഥിതനായ യേശുവിന്‍റെ അന്ത്യമായ സമ്മാനം സമാധാനമായിരുന്നു. “നിങ്ങള്‍ക്കു സമാധാനം,” എന്നാണ് ഉത്ഥിതന്‍ പ്രത്യക്ഷപ്പെട്ട് ആദ്യമായി തന്‍റെ ശിഷ്യരോടു പറഞ്ഞത്. (യോഹന്നാന്‍ 20,19). അങ്ങനെ ക്രൈസ്തവരെല്ലാവരും കുരിശിന്‍റെ ദിവ്യരഹസ്യത്താല്‍ അനുരഞ്ജിതരായും നവീകൃതരായും ക്രിസ്തുവിന്‍റെ സമാധാന വാഹകരാകേണ്ടവരാണെന്നും ഇതു നമ്മെ പഠിപ്പിക്കുന്നു.
ക്രിസ്തു വാളിനാലോ ആയുധത്താലോ അല്ല, കുരിശ്ശിനാലാണ് ഈ ലോകത്തെ കീഴടക്കിയത്. സ്നേഹത്തിന്‍റെ കരുത്തിലാണ് ക്രിസ്തു എല്ലാം നേടുന്നത്. ക്രിസ്തുവിന്‍റെ കുരിശ്ശ് അതിക്രമങ്ങളോടുള്ള നിഷേധാത്മകഭാവമാണ്. ഇത് ക്രിസ്തുവിന്‍റെ നൂതന മാര്‍ഗ്ഗമാണ്. അതിക്രമങ്ങളുടേയും എതിര്‍പ്പുകളുടേയും മാര്‍ഗ്ഗം വെടിഞ്ഞ്, എന്നും സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു.
തൈലത്തിന് ഗ്രീക്കു ഭാഷയില്‍ എലെയോണ്‍ എന്നും, കാരുണ്യത്തിന് എലയോസ് എന്ന പദവുമാണ് ഉപയോഗിക്കുന്നത്. പൗരോഹിത്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ രണ്ടു പദാര്‍ത്ഥങ്ങളും തമ്മില്‍ ബന്ധപ്പെടുത്താവുന്നതാണ്. അജപാലന ശുശ്രൂഷയില്‍ വിശുദ്ധ തൈലലേപനത്തിലൂടെയും മറ്റു കൂദാശകളിലൂടെയും ദൈവത്തിന്‍റെ കാരുണ്യം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കേണ്ടവരാണ് വൈദികര്‍. ജീവിതവിളക്കില്‍ കാരുണ്യത്തിന്‍റെ എണ്ണ വറ്റിപ്പോകാതിരിക്കട്ടെ. കൂദാകളിലൂടെയും, വചനത്തിലൂടെയും അനുദിനപ്രാര്‍ത്ഥനകളിലൂടെയും നമുക്കത് കര്‍ത്താവില്‍നിന്നുതന്നെ നേടിയെടുക്കാന്‍ പരിശ്രമിക്കാം.
(An extract from the homily of the Crism Holy Mass of His Holiness Benedict XVI rendered in the Basilica of Saint Peter, Vatican).







All the contents on this site are copyrighted ©.