2010-03-31 08:47:46

പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍െറ വിശ്വാസം പാറപോലെ ഉറച്ചതായിരുന്നുവെന്ന്, പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍


ജീവിതാന്ത്യത്തിലെ ഏറെ വേദനാജനകമായ ശാരീരികാസ്വാസ്ഥ്യങ്ങളുടെ മദ്ധ്യത്തില്‍ പോലും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വിശ്വാസം പാറപോലെ ഉറച്ചതായിരുന്നുവെന്ന്, പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍െറ അഞ്ചാം ചരമവാര്‍ഷികമായ ഏപ്രില്‍ രണ്ടാം തീയതി ദുഃഖവെള്ളിയാഴ്ച ആയതിനാല്‍ മാര്‍ച്ച് ഇരുപത്തിയൊന്‍പതാം തീയതി തിങ്കളാഴ്ച അദ്ദേഹത്തിന്‍െറ ആത്മശാന്തിക്കായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍െറ ബസലിക്കായില്‍ ദിവ്യബലിയര്‍പ്പിച്ച വേളയില്‍ സുവിശേഷപ്രഭാഷണം നടത്തുകയായിരുന്നു പാപ്പാ. ദൈവം വലിയകാര്യങ്ങള്‍ക്കായി വിളിച്ച് നിയോഗിച്ച ദൈവദാസന്‍, അവിടത്തെ കൃപയോട് സഹകരിച്ച് പ്രതിസന്ധികളുടെ ഇടയില്‍പോലും സുവിശേഷവും, മനുഷ്യാവകാശങ്ങളും സധൈര്യം പ്രഘോഷിച്ചു. പാപ്പായുടെ ജീവിതം ഉപവിയാല്‍ പരിവേഷിതമായിരുന്നു. നിരുപാധികം തന്നെത്തന്നെ അപരര്‍ക്കായി നല്‍കിയ പാപ്പായുടെ ഉദാരത ഏറെ ശ്ലാഘനീയമാണ്. ക്രിസ്തുസ്നേഹമാണ് ദൈവദാസനെ നയിച്ചത്. ക്രിസ്തുവിനും, അവിടത്തെ സഭയ്ക്കും, മാനവകുലം മുഴുവനുമായി പാപ്പാ സ്വയം നിവേദിച്ചു. ദൈവസ്നേഹത്തിന്‍െറ പരിമളം പരത്തികൊണ്ട്, ഇന്നത്തെ മനുഷ്യരുടെ സഹയാത്രികനായി അവരോടെത്തായിരിക്കാന്‍ പാപ്പായ്ക്ക് സാധിച്ചു. പരിശുദ്ധപിതാവിന്‍െറ പാറപോലെ ഉറച്ച വിശ്വാസത്തെയും, തേജോമയമായ പ്രത്യാശയെയും, തീക്ഷ്ണമായ ഉപവിയെയും നിഷ്പ്രഭമാക്കാന്‍ ജീവിതസായാഹ്നത്തില്‍ നേരിടേണ്ടി വന്ന കഠിനയാതനകള്‍ക്ക് സാധിച്ചില്ല. സ്നേഹത്തെപ്രതി, സ്നേഹത്തോടെ അവസാനനിമിഷം വരെ പാപ്പാ സഹനങ്ങളെ സസന്തോഷം ആശ്ലേഷിച്ചു, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു.







All the contents on this site are copyrighted ©.