2010-03-24 17:32:25

റോം രൂപതാ
യുവജനദിനാഘോഷത്തില്‍
മാര്‍പാപ്പയോടൊപ്പം
70,000 യുവാക്കള്‍


24 മാര്‍ച്ച് 2010
റോം രൂപതയുടെയും ലാസ്സിയോ പ്രവിശ്യയുടെയും വാര്‍ഷിക യുവജനദിനാഘോഷം വത്തിക്കാനില്‍ മാര്‍പാപ്പയോടൊപ്പം നടത്തപ്പെടുന്നു.
പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 1985-ല്‍ യുവജനദിന പരിപാടിക്ക് തുടക്കമിട്ടത്. ഇത് 25-ാമത്തെ യുവജനദിനാചരണമാണ് സഭയില്‍. യുവജനദിനത്തിന്‍റെ റോം രൂപതയുടം ജൂബിലിവര്‍ഷ പരിപാടികള്‍ മാര്‍ച്ച് 25 വ്യാഴാഴ്ചയും 28, ഓശാന ഞായര്‍ ദിനത്തിലുമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. 25-ാം വാര്‍ഷികം പ്രമാണിച്ച് വിപുലമായ പരിപാടികളോടെയാണ് റോമില്‍ യുവജനദിനം അരങ്ങേറുന്നത്. യുവജനദിനത്തിന്‍റെ 25 വര്‍ഷത്തെ ചരിത്രത്തിലൂടെയുള്ള ദൃശ്യ-ശ്രാവ്യാവിഷ്ക്കരണങ്ങള്‍, ചിത്രപ്രദര്‍ശനം, ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ലോകയുവജനങ്ങളെ ഏല്പിച്ച ആഗോള സമ്മേളനങ്ങളിലുടനീളം സഞ്ചരിച്ച കുരിശ്, റോം രൂപതാ ഗായകസംഘത്തിന്‍റെ സംഗീതപരിപാടി, മാര്‍പാപ്പയും യുവജനങ്ങളുമായുള്ള തല്‍സമയ സംവാദരംഗവുമെല്ലാം, 25-ാം തിയതി വൈകുന്നേരം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലരങ്ങേറുന്ന പരിപാടികളുടെ മുഖ്യ ഇനങ്ങളായിരിക്കുമെന്ന് റോം രൂപതയുടെ പത്രപ്രസ്താവനയില്‍ അറിയിച്ചു.
മാനസാന്തരത്തിലൂടെ സുവിശേഷപ്രഘോഷകയായിത്തീര്‍ന്ന, പ്രശസ്ത നടി ബെയാട്രിസ് ഫാസിയും, മയക്കുമരുന്നിന്‍റെ പിടിയില്‍നിന്നും മോചിതനായി പൗരോഹിത്യപദവിയിലെത്തി നില്ക്കുന്ന ഓസ്ട്രേലിയന്‍ ഗായകന്‍, ഡേവിഡ് മാര്‍ട്ടിനും - അവരുടെ ജീവിതാനുഭങ്ങള്‍ യുവാക്കളുമായി പങ്കുവയ്ക്കും.
റോം രൂപതയുടെ വികാരി ജനറാള്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വില്ലോനിയും ഒരു യുവതിയും ചേര്‍ന്ന് മാര്‍പാപ്പായെ, വത്തിക്കാന്‍ ചത്വരത്തില്‍ യുവജനങ്ങളുടെപേരില്‍ സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന പാപ്പായും യുവജനങ്ങളുമായുള്ള സംവാദത്തില്‍, നിത്യായുസ്സിന്‍റെയും നന്മയുടെയും പാതയില്‍ ജീവിക്കുവാന്‍ സന്നദ്ധരാണോ എന്ന പാപ്പായുടെ ചോദ്യത്തിന് സമ്മതം പ്രകടിപ്പിച്ചുകൊണ്ട് എല്ലാ യുവജനങ്ങളും ഒന്നടങ്കം ഇതാ ഞങ്ങള്‍, എന്നു പ്രഘോഷിക്കുമെന്നും റോം രൂപതയിലെ യുവജനപ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍, ഡോണ്‍ മൗരീസ്സിയോ പത്രസമ്മേളനത്തില്‍ പറഞ്ഞു.
25-ന് വൈകുന്നേരം 7-ന് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 9.30 വരെ നീണ്ടുനില്ക്കും. പരിപാടിയില്‍ 70,000 യുവാക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. “നല്ലവനായ ഗുരോ, നിത്യായുസ്സു പ്രാപിക്കാന്‍ ഞാനെന്തുചെയ്യണം?” മാര്‍ക്കോസ് സുവിശേഷകന്‍ വിവരിക്കുന്ന ധനികനായ യുവാവാണ്, 2011-ല്‍ ആഗസ്റ്റ് മാസത്തില്‍ സ്പെയില്‍ അരങ്ങേറുന്ന അന്തര്‍ദേശിയ യുവജനദിനത്തിന്‍റെ ചിന്താവിഷയം.







All the contents on this site are copyrighted ©.