2010-03-24 19:18:04

ന്യൂനപക്ഷ മതങ്ങളോടുള്ള
അതിക്രമങ്ങള്‍
മനുഷ്യാവകാശ ധ്വംസനമാണ്
-യുഎന്നിലെ വത്തിക്കാന്‍റെ
സ്ഥിരംനിരീക്ഷകന്‍


 24 മാര്‍ച്ച് 2010
ന്യൂനപക്ഷ മത-വിഭാഗങ്ങള്‍‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ മനുഷ്യകുലത്തിന്‍റെ സമാധാനവും സഹവര്‍തിത്ത്വവും ഇല്ലാതാക്കുമെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ജെനീവയിലെ യുഎന്‍ മനുഷ്യാവകാശ കമ്മിഷനില്‍ പ്രസ്താവിച്ചു. ഒരു മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും സമൂഹത്തിന്‍റേയും ഭാഗമായിരിക്കുക, എന്നത് ഒരു വ്യക്തിയുടെ സമഗ്രവളര്‍ച്ചയെ സഹായിക്കുന്ന മാനുഷീകാനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ മതങ്ങള്‍ക്കെതിരായ അപഹാസങ്ങളും നിന്ദനങ്ങളും നിര്‍ത്തലാക്കി, വ്യക്തികളും സമൂഹങ്ങളും തമ്മില്‍ പരസ്പരധാരണയിലും ബന്ധത്തിലും സ്വാഭാവികമായി ജീവിക്കാന്‍ അനുവദിക്കണമെന്ന്, ജനീവയില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ 13-ാമത് സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് ആര്‍ച്ചുബിഷപ്പ് തൊമാസി ലോകനേതാക്കളോടഭ്യര്‍ത്ഥിച്ചു. ആഗോളതലത്തില്‍ നിരന്തരമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന
മത-വിദ്വേഷത്തിന്‍റേയും അസഹിഷ്ണുതയുടേയും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ മനുഷ്യാവകാശത്തിന്‍റേയും മൂല്യങ്ങളുടേയും ധ്വംസനമാണെന്നും, വ്യക്തിസ്വാതന്ത്രൃവും അവകാശങ്ങളും പൊതുനന്മയ്ക്കായും ആഗോള സമാധാനലബ്ധിക്കായും സംരക്ഷിക്കപ്പെടണമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോടാവശ്യപ്പെട്ടു.







All the contents on this site are copyrighted ©.