2010-03-22 17:18:13

സുവിശേഷ പ്രഭപരത്തിയ
ആത്മീയ ആചാര്യന്‍
വിശുദ്ധ ബനഡിക്റ്റ്
- കര്‍ദ്ദിനാള്‍ ബര്‍ത്തോണേ


22 മാര്‍ച്ച് 2010
മാനവീയ ജീവനകലയുടെ മഹാ ആചാര്യനാണ് വിശുദ്ധ ബനഡിക്റ്റെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മൊന്തേ കസ്സീനോയില്‍ പറഞ്ഞു. റോമാ പട്ടണത്തിനു പുറത്തുള്ള മൊന്തേ കസ്സീനോയിലെ ബെനഡിക്റ്റൈന്‍ ആശ്രമത്തില്‍ മാര്‍ച്ച് 21-ന് ഞായറാഴ്ച വിശുദ്ധ ബനഡിക്റ്റിന്‍റെ മരണദിനം (transitus) അനുസ്മരിച്ചുകൊണ്ടുള്ള ദിവ്യബലിമദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണേ ഇങ്ങിനെ പറഞ്ഞത്. യൂറോപ്പില്‍ ക്രിസ്തീയ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി മഹത്തായ ആത്മീയ പാരമ്പര്യവും നവീകരണ ചൈതന്യവും പകര്‍ന്നുതന്ന സിദ്ധനാണ് വിശുദ്ധ ബനഡിക്റ്റെന്നും, അദ്ദേഹത്തിന്‍റെ ജീവസ്പന്ദനമുള്ള മൊന്തേ കസ്സീനോയില്‍ ബലിയര്‍പ്പിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കര്‍ദ്ദിനാള്‍ ബെര്‍ത്തോണെ പറഞ്ഞു. വിശുദ്ധ ബനഡിക്റ്റിന്‍റെ നാമധേയം സ്വീകരിച്ചിട്ടുള്ള ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പറഞ്ഞു, “യൂറോപ്പ് ഭൂഖണ്ഡം മുഴുവന്‍ സുവിശേഷവെളിച്ചം പരത്തിയ ആത്മീയ ആചാര്യനാണ് വിശുദ്ധ ബനഡിക്റ്റ്. യൂറോപ്പിന്‍റെ ഐക്യത്തിനും ക്രിസ്തീയതയില്‍ അടിയുറച്ച ഇവിടത്തെ സംസ്കാരത്തിനും നാഗരീകതയ്ക്കും അദ്ദേഹം നല്കിയിട്ടുള്ള സംഭാവനകള്‍ മറക്കാനാവാത്തതാണ്.”

മൊന്തേ കസ്സീനോ മറ്റൊരു സീനായ് മലയാണ്. കാരണം ഇവിടെയാണ് ക്രിസ്തുവിന്‍റെ സുഭാഷിതങ്ങളുടെ ദിവ്യപ്രഭയാല്‍ വിശുദ്ധ ബെനഡിക്റ്റ് സന്യാസജീവിത നവീകരണത്തിന്‍റെ പുതിയ കല്പനകള്‍ രൂപപ്പെടുത്തിയതെന്നു കര്‍ദ്ദിനാള്‍ ബര്‍ത്തോണെ തന്‍റെ സുവിശേഷപ്രഭാഷണത്തില്‍ പറഞ്ഞു. ദൈവം തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു നല്കുകയും, അവരില്‍ നിറയ്ക്കുകയും ചെയ്ത രക്ഷണീയ കൃപയും ഐക്യവും ലോകത്തിനു പകര്‍ന്നു നല്കിയ ദൈവികപുരുഷനാണ് ബെനഡിക്റ്റെന്ന, മഹാനായ ഗ്രിഗരി മാര്‍പാപ്പയുടെ വാക്കുകള്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ തന്‍റെ സുവിശേഷ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.
വിശുദ്ധ ബനഡിക്റ്റ് 480-ാമാണ്ടില്‍ ഇറ്റലിയിലെ നോര്‍സിയായില്‍ ജനിച്ചു. റോമില്‍ പഠിച്ച അദ്ദേഹം പട്ടണത്തിന്‍റെ ബഹളത്തില്‍നിന്നകന്ന്, തീവ്രമായ സന്യാസത്തിനായി റോമിനു പുറത്തുള്ള സുബിയാക്കോ പര്‍വ്വത നിരയിലേയ്ക്കു പോയി. പിന്നീട് മൊന്തേ കസ്സീനോയില്‍ ആശ്രമം സ്ഥാപിച്ചു. മരിക്കുന്നതിന് ആറുദിവസം മുന്‍പ് തന്‍റെ ശവകുടീരം തുറക്കുവാന്‍ അദ്ദേഹം ശിഷ്യന്മാരോടാവശ്യപ്പെട്ടു. തുടര്‍ന്ന് കഠിനമായ പനിപിടിപെട്ട ബനഡിക്റ്റ് തന്നെ ദേവാലയത്തിലേയ്ക്കു കൊണ്ടുപോകുവാന്‍ ആവശ്യപ്പെട്ടു. ദിവ്യകാരുണ്യം സ്വീകരിച്ച ബനഡിക്റ്റ് ദേവാലയത്തില്‍വച്ച് 543 മാര്‍‍ച്ച 21-ന് ശാന്തമായി നിത്യതയിലേയ്ക്കു നീങ്ങി.







All the contents on this site are copyrighted ©.