2010-03-22 18:54:08

ആതിഥേയത്വം സന്തോഷവും ക്ലേശവും
ഒരുപോലെ പങ്കുവയ്ക്കുന്നു


22 മാര്‍ച്ച് 2010
ആതിഥേയത്വത്തിന്‍റെ സന്തോഷവും ക്ലേശവും ഒരുപോലെ പങ്കുവയ്ക്കുന്നതാണ് വിശുദ്ധ ബെനഡിക്ട് നല്കുന്ന ആത്മീയതയെന്ന്, ആര്‍ച്ചുബിഷപ്പ് അഗസ്തീനോ മെര്‍ക്കേത്തോ, കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി. വിശുദ്ധ ബനഡിക്ടിന്‍റെ ജന്മസ്ഥലമായ ഇറ്റലിയിലെ നോര്‍സിയായില്‍ മാര്‍ച്ച് 21-ന് വിശുദ്ധന്‍റെ മരണദിനാനുസ്മരണത്തോടനുബന്ധിച്ചു നടത്തിയ –‘വികസനവും വിനോദ-സഞ്ചാരവും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് മെര്‍ക്കേത്തോ. വിശുദ്ധ ബനഡിക്ട് കൈമാറിയിട്ടുള്ള ആഥിധേയത്വത്തിന്‍റെ ആദ്ധ്യാത്മികതയെ ആധാരമാക്കി, ‘അന്താരാഷ്ട്ര വിനോദസഞ്ചാര’മെന്ന പ്രതിഭാസത്തെ അദ്ദേഹം സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഒരു നാടിന്‍റെ സാമ്പത്തിക വികസനത്തിനും, സാംസ്കാരിക വളര്‍ച്ചയ്ക്കും ഗണ്യമായി സഹായിക്കാവുന്ന ഒരു മേഖലയാണ് വിനോദസഞ്ചാരമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് ചൂഷണത്തിനും സാന്മാര്‍ഗ്ഗിക അധഃപതനത്തതിനും സാഹചര്യം സൃഷ്ടിക്കാമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിനോദ-സഞ്ചാര മേഖലയിലെ ജനങ്ങളുടെ വികസനവും വിദ്യാഭ്യാസ പുരോഗതിയും ഉണ്ടാക്കുന്നതിനു പകരം, അവര്‍ സന്മാര്‍ഗ്ഗ വിരുദ്ധവും വികൃതവുമായ പെരുമാറ്റങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. അതുകൊണ്ട് ധാര്‍മ്മികതയില്‍ അടിയുറച്ച ഒരു വിനോദ-സഞ്ചാരമാണ് വികസിപ്പിച്ചെടുക്കേണ്ടതെന്ന് അദ്ദേഹം സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനുള്ളൊരു മേഖലമാണ് വിനോദസഞ്ചാരമെന്നും, അതുവഴി സമ്പത്തിന്‍റെ തുല്യമായ പങ്കുവയ്ക്കല്‍ സമൂഹത്തില്‍ നടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പര ധാരണ വളര്‍ത്താന്‍ കഴിവുള്ളതും, വിശ്രമത്തിനും ആരോഗ്യകരമയ വിനോദത്തിനും വേണ്ടത്ര സൗകര്യം നല്കുന്നതുമായ ഒരു സമീപനമാണ് വിനോദ സഞ്ചാരത്തോട് നമുക്കാവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.