2010-03-22 10:48:59

അയര്‍ലണ്ടിലെ കത്തോലിക്കര്‍ക്ക് മാര്‍പാപ്പായുടെ കത്ത്.


(വത്തിക്കാന്‍,20-03-2010) നിഷ്ക്കളങ്കരായ ഇളംപ്രായക്കാരുടെയുംഅവരുടെ മാതാപിതാക്കളുടെയും വശ്വാസത്തെ വഞ്ചിച്ച വൈദികരും സന്യസ്തരും ദൈവതിരുമുമ്പിലും വ്യവസ്ഥാപിത കോടതികള്‍ക്ക് മുന്നിലും ഉത്തരം പറയണമെന്ന് മാര്‍പാപ്പാ.
അയര്‍ലണ്ടിലെ കത്തോലിക്കാസഭയില്‍ സഭാംഗങ്ങളുടെ, വിശിഷ്യ, വൈദികരുടെയും സന്യസ്തരുടെയും ലൈംഗിക ചൂഷണത്തിന് ഇളംപ്രായക്കാര്‍ ഇരകളായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അന്നാട്ടിലെ കത്തോലിക്കര്‍ക്കായി നല്‍കിയ കത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ തന്‍റെ ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മാര്‍ച്ച് 19-ന് വെള്ളിയാഴ്ച പാപ്പാ കൈയ്യൊപ്പിട്ട ഈ കത്ത്, അതിനടുത്ത ദിവസം, ശനിയാഴ്ച വത്തിക്കാനില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ വച്ച് പരസ്യപ്പെടുത്തപ്പെട്ടു. തദ്ദവസരത്തില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസിന്‍റെ മേധാവി ,ഈശോസഭാവൈദികന്‍, ഫെദറീക്കൊ ലൊംബാര്‍ദി കത്തിന്‍റെ ഉള്ളടക്കം സമ്പര്‍ക്കമാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് സംക്ഷിപ്തമായി നല്‍കി.
സഭാംഗങ്ങള്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവങ്ങളില്‍ പാപ്പാ സഭയുടെ നാമത്തില്‍ ഖേദവും പശ്ചാത്താപവും പ്രകടിപ്പിക്കുന്നു ഈ കത്തില്‍. ഇളംപ്രായക്കാര്‍ക്കെതിരായി ചെയ്തുപോയ ഈ മഹാപരാധം അയര്‍ലണ്ടിലെ സഭ, സര്‍വ്വോപരി, കര്‍ത്താവിന്‍റെയും അതുപോലെ തന്നെ മറ്റുള്ളവരുടെയും മുന്നില്‍ സമ്മതിക്കുകയും, ഒപ്പം, ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പ‍െടുകയില്ലയെന്നുറപ്പാക്കാനുള്ള സമൂര്‍ത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നു. ലൈംഗികചൂ,ണത്തിനിരകളായ കുട്ടികളോടൊപ്പം അവരുടെ കുടുംബങ്ങളും ഏറെ വേദനിച്ചുവെന്നും ഈ സഹനങ്ങളെ മായിച്ചുകളയാന്‍ ആര്‍ക്കും ആവില്ലയെന്നും, അവരുടെ വിശ്വാസം കബളിപ്പിക്കപ്പെടുകയും, ഔന്നത്യം ധ്വംസിക്കപ്പെടുകയും ചെയ്തിരിക്കയാണെന്നും പാപ്പാ കത്തില്‍ അനുസ്മരിക്കുന്നു. ഈയൊരു പശ്ചത്തലത്തില്‍ പൊ‌റുക്കാനും സഭയുമായി രമ്യതപ്പെടാനും വളരെ ബുദ്ധിമുട്ടാണ് എന്ന യാഥാര്‍ത്യം മനസ്സിലാക്കാവുന്നതെയുള്ളുവെന്ന് പറയുന്ന പാപ്പാ, പ്രത്യാശ കൈവവെടിയരുതെന്ന് അവരോടഭ്യര്‍ത്ഥിക്കുകയും നാം സഭാകൂട്ടായ്മയില്‍ കണ്ടുമുട്ടുന്ന യേശുക്രിസ്തു തന്നെയും അനീതിയുടെയും പാപത്തിന്‍റെയും ഇരയായി എന്ന വസ്തുത അനുസ്മരിക്കുകയും ചെയ്യുന്നു. ലൈംഗികചൂഷണസംഭവങ്ങളുണ്ടായപ്പോള്‍ കാനന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ മെത്രന്മാരുടെ ഭാഗത്തു വന്ന വീഴ്ചകളെ പാപ്പാ കുറ്റപ്പെടുത്തുകയും ഗതകാല തെറ്റുകള്‍ തിരുത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. അയര്‍ലണ്ടിലെ സഭയെ അലട്ടുന്ന, ലൈംഗികചൂഷണ സംബന്ധിയായ, ഗൗരവതരമായ ഈ പ്രശ്നത്തെ നേരിടുന്നതിന് ചില പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ പാപ്പാ നല്‍കുന്നു. അന്നാട്ടിലെ സഭയ്ക്കായുള്ള ഒരു പ്രാര്‍ത്ഥനയോടു കൂടിയാണ് പാപ്പ തന്‍റെ കത്ത് ഉപസംഹരിച്ചിരിക്കുന്നത്.







All the contents on this site are copyrighted ©.