2010-03-13 15:37:42

 പാപ്പാ സുഡാനിലെ മെത്രാന്മാരോട്


 
സമാധാനം ആഴത്തില്‍ ഉറപ്പിക്കപ്പെടണമെങ്കില്‍ അസ്വസ്ഥതയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ പ്രത്യേകിച്ച് അഴിമതി, വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍, നിസ്സംഗത, സ്വാര്‍ത്ഥത തുടങ്ങിയവ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനുള്ള സമൂര്‍ത്ത നടപടികള്‍ സ്വീകരിക്കുക അനിവാര്യമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. സുഡാനില്‍ നിന്ന് ആദ് ലിമിനാ സന്ദര്‍ശനത്തിന് എത്തിയ മെത്രാന്മാരെ ശനിയാഴ്ച വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. അക്രമങ്ങള്‍ കാരണമാക്കിയ മുറിവുകള്‍ സൗഖ്യമാകുന്നതിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരാം. എന്നാല്‍ നീതിപൂര്‍വ്വകവും, സ്ഥിരവും ആയ സമാധാനത്തിന്‍െറ അനിവാര്യവ്യവസ്ഥയായ മനഃപരിവര്‍ത്തനത്തിനായുള്ള കൃപാവരം ലഭിക്കുന്നതിന് ഇപ്പോള്‍തന്നെ പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പരിശുദ്ധ പിതാവ്‍ തുടര്‍ന്നു- പുനരുദ്ധരിക്കപ്പെട്ടതും, അനുരഞ്ജിതവും ആയ മാനവകുലത്തിന്‍െറ അടയാളവും, ഉപകരണവുമെന്ന നിലയില്‍ സഭ, കര്‍ത്താവിലെ അവളുടെ കൂട്ടായ്മയിലൂടെ ഇപ്പോള്‍ത്തന്നെ ദൈവരാജ്യത്തിന്‍െറ സമാധാനം അനുഭവിക്കുന്നു. സുവിശേഷത്തോടുള്ള അനുസരണത്തിലും, സഭയുടെ കൗദാശികജീവിതത്തിലെ ഭാഗഭാഗിത്വത്തിലും, മെത്രാനടുത്ത അധികാരത്തോടുള്ള വിശ്വസ്തതയിലും മനസ്സുകളെയും ഹൃദയങ്ങളെയും ഒന്നിപ്പിക്കുന്ന കൂട്ടായ്മയുടെ ആദ്ധ്യാത്മികതയാല്‍, നിങ്ങളുടെ പ്രഘോഷണവും അജപാലനപ്രവര്‍ത്തനങ്ങളും തുടര്‍ന്നും പ്രചോദിതമാകട്ടെ.







All the contents on this site are copyrighted ©.