2010-03-05 15:59:37

ചിലിയിലെ മെത്രാന്മാര്‍ വേദനിക്കുന്ന സഹപൗരന്മാരോടെത്ത്


ഭൂകമ്പം കാരണമാക്കിയ ദുരന്തങ്ങളില്‍ നഷ്ടധൈര്യരാകാതെ പ്രത്യാശ മുറുകെ പിടിക്കുവാന്‍ ചിലിയിലെ കത്തോലിക്കാ മെത്രാന്മാര്‍ സഹപൗരന്മാരെ ആഹ്വാനം ചെയ്യുന്നു. അവിടത്തെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍െറ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് അലക്സാന്ത്രോ ഹോയിക്ക് കര്‍മലേക്കും, സെക്രട്ടറി ജനറല്‍ ബിഷപ്പ് സാന്തിയാഗോ സില്‍വായും കൂടി നാട്ടിലെ എല്ലാജനങ്ങള്‍ക്കും ആയി നല്‍കിയ സന്ദേശത്തിലാണ് ആ ആഹ്വാനം കാണുന്നത്. വേദനാജനകമായ ഈ സാഹചര്യത്തിലും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും ഉദ്ബോധിപ്പിക്കുന്ന അവര്‍ സന്ദേശത്തില്‍ ഇപ്രകാരം തുടരുന്നു- കെട്ടിടങ്ങളും, പാലങ്ങളും വീണ്ടും നിര്‍മ്മിക്കുന്നതോടെപ്പം ആത്മാവിന്‍െറ വിശുദ്ധീകരണവും നടക്കണം. തങ്ങളുടെ പ്രത്യാശയും, ശക്തിയും ദൈവമാണെന്ന് ക്രിസ്തുശിഷ്യര്‍ പ്രഖ്യാപിക്കുന്നു. തന്‍െറ ഏകസുതനെ ഈ ലോകത്തിലേക്ക് അയച്ചുകൊണ്ട് സ്നേഹം വെളിപ്പെടുത്തിയ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ. എല്ലാം നഷ്ടപ്പെട്ടാലും അവിടുന്ന് നമ്മുടെ ഹൃദയത്തില്‍ ഭരണം നടത്തുകയാണെങ്കില്‍ നാം സന്തുഷ്ടരാകും. സ്നേഹത്തിന്‍െറയും, സാഹോദര്യത്തിന്‍െറയും ചൈതന്യത്താല്‍ നമ്മെ പൂരിതരാക്കുവാനായി പ്രാര്‍ത്ഥിക്കാം. ദൈവം നമ്മുടെ മുറിവുകള്‍ സൗഖ്യമാക്കും. ക്രിസ്തുവിങ്കലേയ്ക്ക് ദൃഷ്ടികള്‍ തിരിക്കുവാന്‍, സര്‍വ്വോപരി വേദനയുടെ വേളയില്‍ അപ്രകാരം ചെയ്യുവാന്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പോളണ്ടിലെ ജനതയോട് നടത്തിയ ഉദ്ബോധനം ഉദ്ധരിച്ചുകൊണ്ടാണ് അവര്‍ സന്ദേശം സമാപിപ്പിക്കുന്നത്.







All the contents on this site are copyrighted ©.