2010-03-04 19:33:28

പരിസ്ഥിതിസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക് പാത്രിയാര്‍ക്കിസ്
ബര്‍ത്തലോമിയോയ്ക്ക് പുരസ്ക്കാരം


3 മാര്‍ച്ച് 2010
കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമിയോ പ്രഥമന്‍റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്കി. ഇറ്റലിയിലെ ക്രേമായിലുള്ള കര്‍ദ്ദിനാള്‍ പൊപ്പാര്‍ട് ഫൗണ്ടേഷനാണ് 15 വര്‍ഷത്തിലധികമായി മുടങ്ങാതെ അന്തര്‍ദേശീയതലത്തില്‍ പരിസ്ഥിതി സംരക്ഷണ അവബോധന പരിപാടികള്‍ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ള പാത്രിയാര്‍ക്കിസിനെ, മാര്‍ച്ച് മൂന്നിനാണ് മൊനോക്കോയിലെ മോന്തേ കാര്‍ളോയില്‍വച്ച് കര്‍ദ്ദിനാള്‍ പോപ്പാര്‍ട് പുരസ്കാരം നല്കി ആദരിച്ചത്. സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റേയും മതാന്തര സംവാദങ്ങള്‍ക്കായുള്ള കൗണ്‍സിലിന്‍റേയും മുന്‍‍‍‍‍‍പ്രസിഡന്‍റായിരുന്ന ഫ്രഞ്ച് കര്‍ദ്ദിനാള്‍ പോള്‍ പോപ്പാര്‍ഡിന്‍റെ പേരിലാണ് ഈ സവിശേഷ പുസ്കാരം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ആത്മീയ ദര്‍ശനത്തോടെയുള്ള പ്രപഞ്ചസൃഷ്ടിയെ സംരക്ഷിക്കുവാനുള്ള നിരന്തരമായ പരിശ്രമമാണ് എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസിനെ തന്‍റെ പേരിലുള്ള പുരസ്കാരത്തിന് അര്‍നാക്കിയതെന്ന് അവാര്‍ഡ് ദാനച്ചടങ്ങളില്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പോപ്പാര്‍ഡ് പറഞ്ഞു.
ഭൂഗ്രഹത്തെ സംരക്ഷിക്കുക എന്നത് ഒരു നവമായ സംസ്കാരമാണെന്നും,
അത് സ്രഷ്ടാവായ ദൈവത്തോടും സൃഷ്ടിജാലങ്ങളോടും സഹജീവികളോടുമുള്ള സഹിഷ്ണുതയുടെ പ്രതിഫലനമാണെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് പാത്രിയാര്‍ക്കിസ് ബര്‍ത്തലോമിയോ നടത്തിയ മറുപടി പ്രസംഗത്തില്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.