2010-03-04 18:28:12

50-ാമത് അന്തര്‍ദേശീയ
ദിവ്യകാരുണ്യകോണ്‍ഗ്രസ്സ്–
മാര്‍പാപ്പ കമ്മിറ്റിയെ നിയോഗിച്ചു


2012 ജൂണ്‍ മാസത്തില്‍ അയര്‍ലണ്ടിലെ ഡബ്ളിന്‍ പട്ടണത്തില്‍ നടക്കുവാന്‍ പോകുന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിനുള്ള കമ്മിറ്റി അംഗങ്ങളെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയോഗിച്ചു. നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ കേഡ്വോ ടെര്‍ക്ക്സണ്‍
ആരാധനക്രമത്തിനും കൂദാശകള്‍ക്കുംവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് – ആര്‍ച്ചുബിഷപ്പ് അന്‍റോണിയോ കാനിസാരെസ് ലൊവേരാ,
പേപ്പല്‍ അരമനയിലെ ദൈവശാസ്ത്രജ്ഞന്‍ – ഫാദര്‍ വോഷിക്ക് ഗിയേര്‍ത്തി,
പീലാര്‍ സഭാംഗവും സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെ അംഗവുമായ – ഫാദര്‍ തിയദോര്‍ മസ്ക്കരാനെസ് എന്നിവരാണ്,
2012-ലെ അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്ഗ്രസ്സിനുള്ള കമ്മറ്റി അംഗങ്ങള്‍.
സഭാജീവിതത്തിന്‍റെ കേന്ദ്രവും ലക്ഷൃവുമായ പരിശുദ്ധ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന ക്രിസ്തു, ലോകരക്ഷാര്‍ത്ഥം കൂടുതല്‍ അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ശുശ്രൂഷിക്കപ്പെടുകയും ചെയ്യുന്നതിനായി പരിശ്രമിക്കണമെന്നതാണ് ഈ കമ്മറ്റിയുടെ പ്രവര്‍‍ത്തനങ്ങള്‍വഴി ലക്ഷൃമിടുന്നത്. അതുപോലെ ഈ കോണ്‍ഗ്രസ്സിനാവശ്യമായ അജപാലനപരമായ ഒരുക്കങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയെന്നതും കമ്മറ്റിയുടെ ഉത്തരവാദിത്തമാണ്. ദേശിയ മെത്രാന്‍ സമിതിയോടും അവിടത്തെ ഇതര സഭാ സിനഡുകളോടും ആലോചിച്ച് കോണ്‍ഗ്രസ്സിന്‍റെ ഒരുക്കത്തിനായി അര്‍പ്പണബോധമുള്ള ഒരു ദേശീയ പ്രതിനിധിസംഘത്തെ രൂപീകരിക്കുക, പ്രാദേശിക മെത്രാന്‍ സമിതികളുടെ അംഗീകാരത്തോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ നടത്തിപ്പിനായി ഒരു ദേശീയ കമ്മിറ്റി തിരഞ്ഞെടുക്കുക – എന്നിവ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനായുള്ള വത്തിക്കാന്‍റെ നിബന്ധനകള്‍ പ്രകാരമുള്ള അന്തര്‍ദേശിയ കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങളാണ്. 1932-ല്‍ അയര്‍ലണ്ടില്‍ ഒരു അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് നടന്നിട്ടുള്ളതാണ്. ഏറ്റവും ആടുത്തു നടന്ന അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് 2008-ല്‍ ക്യാനഡായിലെ ക്യൂബെക്ക് പട്ടണത്തിലായിരുന്നു.







All the contents on this site are copyrighted ©.