2010-03-02 15:44:52

ആണവായുധങ്ങളുടെ സമ്പൂര്‍ണ്ണനിരോധനം ജപ്പാനിലെ മെത്രാന്മാര്‍ ആവശ്യപ്പെടുന്നു.


 ആണാവയുധങ്ങളുടെ സമ്പൂര്‍ണ്ണ നിരോധനം ഹീറോഷിമാ നാഗസാക്കി രുപതകളുടെ മെത്രാന്മാര്‍ ലോകനേതാക്കന്മാരോട് അഭ്യര്‍ത്ഥിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ് ഒബാമയ്ക്ക് നല്‍കിയ ഒരു തുറന്ന കത്തിലാണ് അവരുടെ ആ അഭ്യര്‍ത്ഥന കാണുന്നത്. ആ നിരോധനത്തിന് ധീരോദാത്തമായ ഒരു ചുവടുവയ്പ് ആവശ്യമാണെന്ന് കത്തില്‍ പറയുന്ന മെത്രാന്മാര്‍, രണ്ടാം ആഗോളയുദ്ധസമാപനത്തില്‍ ആണവായുധപ്രയോഗം വരുത്തിവച്ച വിനകളെ വിവരിച്ചുകൊണ്ട് ഇപ്രകാരം തുടരുന്നു- ആ ബോംബാക്രമണം നിമിഷനേരത്തിനിടയില്‍ ലക്ഷങ്ങളുടെ ജീവനൊടുക്കി. അതിന്‍െറ കെടുതിയില്‍പ്പെട്ട അനേകര്‍ മരിച്ചില്ലെങ്കിലും ഇന്നും സഹനത്തിന്‍െറ തീച്ചൂളയിലാണ്. ആ യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ആണവായുധങ്ങളുടെ നിരോധിക്കല്‍ വളരെ ആവശ്യമാണ്. ശാസ്ത്രസാങ്കേതികതലങ്ങളില്‍ മാനവകുലം കൈവരിച്ച നേട്ടം അതിന്‍െറ തന്നെ നാശത്തിനായി ഉപയോഗിക്കുന്നതും, ആദായത്തിനായി ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതും പരിതാപകരവും വിഡ്ഢിത്തരവും ആണ്. നാഗസാക്കി അതിരൂപതാസാരഥി ആര്‍ച്ചുബിഷപ്പ് ജോസഫ് മിസ്യൂക്കിയും, ഹീറോഷിമാ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് അത്ത്സൂമി മിസ്വേയും കൂടിയാണ് ആ കത്ത് അമേരിക്കന്‍ പ്രസിഡന്‍റിന് നല്‍കിയത്.







All the contents on this site are copyrighted ©.