2010-02-24 18:24:08

ഹായ്ത്തിക്ക്
കാരിത്താസിന്‍റെ സാന്ത്വനസ്പര്‍ശം


 ജനുവരിയിലെ ഭൂകമ്പത്തില്‍ തകര്‍ന്ന ഹായ്ത്തിയെ ബാഹ്യമായും ആത്മീയമായും സാംസ്കാരികമായും പുനരുദ്ധരിക്കാന്‍ ഇനിയും ഏല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന്, കര്‍ദ്ദിനാള്‍ ഓസ്കര്‍ റോഡ്രീഗ്സ്, കാരിത്താസ് ഇന്‍റെര്‍നാഷണല്‍ സംഘടനയുടെ പ്രസിഡന്‍റ് തന്‍റെ സന്ദര്‍ശനത്തിനിടയില്‍ പറഞ്ഞു. കെടുതിയുടെ വിഷമതകളില്‍ ഇനിയും വലയുന്ന ഹായ്ത്തിയിലെ ജനങ്ങള്‍ക്ക്,
മദ്ധ്യ അമേരിക്കയിലെ ഹോണ്ടൂരാസില‍െ ജനങ്ങളുടെ സഹായനിധിയുമായി ഫെബ്രുവരി 22-നാണ് കര്‍ദ്ദിനാള്‍ ഓസ്കര്‍ ഹായ്ത്തിയില്‍ എത്തിയത്. ദുരന്തത്തില്‍ മരണമടഞ്ഞ തന്‍റെ സുഹൃത്തായ പോര്‍ട്ടോ-പ്രിന്‍സ് ആര്‍ച്ചുബിഷപ്പ് ജോസഫ് സേര്‍ജിയുടെയും മറ്റു സഹോദരങ്ങളുടെയും കബറിടങ്ങളില്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചു. ഭൂകമ്പത്തിന്‍റെ കെടുതിയില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം ആശുപത്രികളിലും പൊതുക്യാമ്പുകളിലുമായി സന്ദര്‍ശിച്ചു. ഹായ്ത്തിയിലെ മെത്രാന്‍ സംഘവുമായും ചര്‍ച്ചകള്‍ നടത്തിയ കര്‍ദ്ദിനാള്‍ ദുരിതാശ്വാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള സാദ്ധ്യതകള്‍ അവരോടാരാഞ്ഞു. കാരിത്താസ് ഇന്‍റെര്‍നാഷണല്‍ സംഘടന 40- രാജ്യങ്ങളില്‍നിന്നായി ശേഖരിച്ച 2 കോടി ഡോളര്‍ ധനസഹായം ഹായിത്തിക്ക് നല്കിക്കഴിഞ്ഞു. പാര്‍പ്പിടം, ഭക്ഷണം, വിദ്യാഭ്യാസം, ഉപജീവനം എന്നീ അടിസ്ഥാന മേഖലകളില്‍ തുടര്‍ന്നും കാരിത്താസ് ഹായ്ത്തിയിലെ ജനങ്ങള്‍ക്ക് തുണയായി നിലക്കുമെന്ന് കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ റോഡ്രീഗ്സ് സന്ദര്‍ശനവേളയില്‍ ജനങ്ങളെ അറിയിച്ചു.







All the contents on this site are copyrighted ©.