2010-02-24 17:58:16

പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോയ്ക്ക്
വത്തിക്കാന്‍റെ സപ്തതി ആശംസകള്‍


 പൗരസ്ത്യസഭകളുടെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ പ്രഥമന് വത്തിക്കാനില്‍നിന്നും സപ്തതിയാശംസകളയച്ചു. യേശുവില്‍ പങ്കുവയ്ക്കുന്ന വിശ്വാസത്തിന്‍റേയും കൂട്ടായ്മയുടേയും ഒരു സാക്ഷിയായി തന്‍റെ നിസ്തുലസേവനം തുടരുവാനുള്ള ആയുസ്സും ആരോഗ്യവും ദൈവം നല്കട്ടേയെന്ന് ക്രൈസ്തവൈക്ക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍, പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോയ്ക്ക് അയച്ച സപ്തതി സന്ദേശത്തില്‍ ആശംസിച്ചു. ഫാനാറിലും റോമിലുമായി കഴിഞ്ഞ പത്തുവര്‍ക്കാലത്തില്‍ പാത്രിയാര്‍‍ക്കീസുമായി നടന്നിട്ടുള്ള സഹോദര്യത്തിന്‍റേയും സൗഹൃദത്തിന്‍റേയും കൂടിക്കാഴ്ചകളുടെ മൂഹൂര്‍ത്തങ്ങള്‍ കര്‍ദ്ദിനാള്‍ കാസ്പര്‍ സ്നേഹംപൂര്‍വ്വം ആശംസാസന്ദേശത്തില്‍ അനുസ്മരിച്ചു. തുറവും പരസ്പര വിശ്വാസവുംകൊണ്ട് വളര്‍ന്നുവന്നിട്ടുള്ള ഇരുസഭകള്‍ തമ്മിലുള്ള സൗഹൃദം, മുന്നോട്ടുള്ള പ്രയാണത്തില്‍ ഐക്യത്തിന്‍റെ സമ്മാനവും അടയാളവുമായി നിലകൊള്ളുമെന്നും കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ പറഞ്ഞു. തുര്‍ക്കിയിലെ ഈമ്റോ ദ്വീപില്‍ 1940 ഫെബ്രുവരി 29-നാണ് പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ ജനിച്ചത്. 1991-ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ അന്നത്തെ പാത്രിയാര്‍ക്കീസ് ദിമേത്രീയൂസ് കാലംചെയ്തതിനെ തുടര്‍ന്നാണ് ബര്‍ത്തലോമിയോ പ്രഥമന്‍ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കീസായി സ്ഥാനമേറ്റത്.







All the contents on this site are copyrighted ©.