2010-02-24 19:05:01

ഐക്യരാഷ്ട്രസംഘടയുടെ
ന്യൂയോര്‍ക്ക് സമ്മേളനത്തില്‍
ഭാരതത്തില്‍നിന്നൊരു സന്യാസിനി


സമൂഹത്തില്‍ സ്ത്രീകളുടെ സമത്വവും ശാക്തീകരണവും ചര്‍ച്ചചെയ്യുന്ന, ഐക്യരാഷ്ട്രസംഘടയുടെ മാര്‍ച്ച് 1 മുതല്‍ 12 വരെ തിയിതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുവാന്‍പോകുന്ന, സമ്മേളനത്തില്‍ ഭാരതത്തില്‍നിന്നുള്ള സന്യാസിനി പങ്കെടുക്കുന്നു. ബീഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നസ്രത്തിലെ ഉപവികളുടെ സഹോദരിമാര്‍ (The Sisters of Charity of Nazareth) എന്ന സന്യാസിനീ സഭയില്‍പ്പെട്ട സിസ്റ്റര്‍ ആന്‍ മൊയലനാണ് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഫെബ്രുവരി 24-ന് ഡല്‍ഹിയില്‍നിന്നും പുറപ്പെട്ടത്. സ്ത്രീകള്‍ക്കു ലഭിക്കേണ്ട സമൂഹ്യനീതിക്കും അവരുടെ ശാക്തീകരണത്തിനുംവേണ്ടി 1995-ല്‍ ഐക്യരാഷ്ട്രസംഘടന പുറത്തിറക്കിയ ബെയിജിങ്ങ് ഡിക്ലറേഷന്‍റെ (Beijing Declaration 1995) ആഗോള വിലയിരുത്തല്‍ കൂടിയാണ് ന്യൂയോര്‍ക്കില്‍ നടക്കുവാന്‍പോകുന്ന സമ്മേളനം. ഓരോ അംഗരാഷ്ട്രവും എപ്രകാരം ബെയ്ജിങ്ങ് തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്ന വിലയിരുത്തലായിരിക്കും ഈ സമ്മേളനമെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള ഒരു സര്‍ക്കാരേതര സംഘടനയുടെ പ്രവര്‍ത്തകയായ സിസ്റ്റര്‍ ആന്‍ മൊയലന്‍ വാര്‍ത്താ ഏജന്‍സികളോട് ഡെല്‍ഹിയില്‍ പറഞ്ഞു. സമൂഹത്തില്‍ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്കു ലഭിക്കേണ്ട സമത്വത്തിനും നീതിക്കുംവേണ്ടി ഭാരതത്തിലെ സന്യാസ സഹോദരിമാര്‍ ചെയ്യുന്ന സമര്‍പ്പിതസേവനം താന്‍ സമ്മേളനത്തില്‍ എടുത്തു പറയുമെന്ന് സിസ്റ്റര്‍ ആന്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.