2010-02-15 17:19:05

വത്തിക്കാന്‍െറ അഭിലേഖാഗാരത്തിലെ വിവിധ രേഖകള്‍ ഇന്‍റര്‍നെറ്റിലേയ്ക്ക്.


വത്തിക്കാന്‍െറ രഹസ്യഅഭിലേഖാഗാരത്തിലെ രണ്ടാം ആഗോളയുദ്ധക്കാലത്തെ സംബന്ധിച്ച വിവിധരേഖകള്‍ ഇന്‍റര്‍നെറ്റില്‍ നല്‍കുവാന്‍ പരിശുദ്ധ സിംഹാസനം പരിപാടി ചെയ്യുന്നതായി സെനിത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 1939 മാര്‍ച്ചു മുതല്‍ 1945 മെയ് വരെയുള്ള രേഖകളായിരിക്കും അപ്രകാരം പ്രസിദ്ധീകരിക്കുക. മതങ്ങള്‍ തമ്മിലുള്ള വിടവു നികത്തുക എന്ന പ്രഖ്യാപിതലക്ഷൃം സ്വീകരിച്ചിരിക്കുന്ന PAVE THE WAY FOUNDATION എന്ന സംഘടനയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പരിശുദ്ധ സിംഹാസനം ആ തീരുമാനം കൈകൊണ്ടത്. ആ രേഖകള്‍ നേരത്തെ പ്രസിദ്ധീകരിച്ചതാണെങ്കിലും അതിനെപറ്റി വേണ്ടവിധത്തില്‍ പഠിക്കുവാന്‍ ആരുംതന്നെ ശ്രദ്ധ കാട്ടിയില്ല. അതിലുപരി നാസ്സികളുടെ ദുഷ്ടതയില്‍നിന്ന് യഹൂദന്മാരെ രക്ഷിക്കാന്‍ പന്ത്രണ്ടാം പീയൂസു പാപ്പാ ഒന്നും ചെയ്തില്ലെന്ന ആരോപണം വ്യാപകമാകുകയും ചെയ്തു. പാപ്പായുടെ മരണശേഷം സോവിയറ്റ് യൂണിയന്‍െറ രഹസ്യപോലീസുവിഭാഗമായ KGB അതിന്‍െറ ശത്രുവായികണ്ട കത്തോലിക്കാസഭയെ അവമാനിക്കാന്‍ കെട്ടിച്ചമച്ചതാണ് ആ ആരോപണമെന്നാണ്, PAVE THE WAY FOUNDATION നടത്തിയ ഗവേഷണപഠനനിഗമനം വെളിപെടുത്തുക -ആ ഫൗണ്ടേഷന്‍െറ സ്ഥാപകനും പ്രസിഡന്‍റുമായ ഗാരി കുറൂപ്പ് സെനിത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇപ്പോള്‍ പരിശുദ്ധ സിംഹാസനത്തിന്‍െറയും ഫൗണ്ടേഷന്‍െറയും വെബ്സൈറ്റ് രണ്ടാം ലോകമഹായുദ്ധകാലത്തെ സംബന്ധിച്ച വത്തിക്കാന്‍ രേഖകള്‍ പ്രസിദ്ധീകരിക്കുന്നത് പന്ത്രണ്ടാം പീയൂസു പാപ്പായെ പറ്റിയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് ലോകത്തിന് വെളിപെടുത്തുവാനും, യഹുദന്മാര്‍ക്കായി പാപ്പാ നടത്തിയ മഹത്തായ സേവനങ്ങളെ പറ്റി എല്ലാവരെയും ബോധ്യപ്പെടുത്തുവാനുമാണ്. വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുവാന്‍ പരിപാടി ചെയ്യുന്ന 9000 താളുകള്‍ തയ്യാറാക്കുന്നതിന് ഏതാണ്ടു നാലു ആഴ്ചകള്‍ വേണ്ടിവരും അദ്ദേഹം കൂട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.