2010-02-15 17:14:14

ക്രിസ്തുവില്‍ അവിടത്തോടൊത്ത് വസിക്കുകയെന്നത് ഒരു വിശുദ്ധീകരണപ്രക്രിയ ആണെന്ന്, പാപ്പാ


 
ക്രിസ്തുവില്‍ അവിടത്തോടൊത്ത് വസിക്കുകയെന്നത് ഒരു വിശുദ്ധീകരണപ്രക്രിയയാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അനുസ്മരിപ്പിക്കുന്നു. വെള്ളിയാഴ്ച റോമിലെ പൊന്തിഫിക്കല്‍ സെമ്മിനാരി, അതിന്‍െറ മദ്ധ്യസ്ഥയായ പ്രത്യാശാനാഥയുടെ തിരുനാളിനോട് അനുബന്ധിച്ച് സന്ദര്‍ശിച്ച വേളയില്‍ നടത്തിയ പ്രഭാഷണത്തിലാണ് അത് അനുസ്മരിപ്പിച്ചത്. എന്‍െറ സ്നേഹത്തില്‍ വസിക്കുവിന്‍ എന്ന് ക്രിസ്തു നമ്മെ ആഹ്വാനം ചെയ്യുന്നു പരിശുദ്ധ പിതാവ് തുടര്‍ന്നു- എവിടെ വസിക്കാനാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത്? സ്നേഹത്തില്‍ വസിക്കുവാന്‍, അവിടത്തെ സ്നേഹത്തില്‍ വസിക്കാന്‍., അവിടത്തെ സ്നേഹം അനുഭവിച്ചും, അവിടത്തെ സ്നേഹിച്ചും ജീവിക്കാനാണ് അവിടുന്ന് നമ്മെ ക്ഷണിക്കുക. തുടര്‍ന്ന് സ്നേഹത്തിന്‍െറ പുതിയ കല്പനയെ വിശദീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു- അവിടുന്നു പറഞ്ഞു “ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. സ്നേഹിതനായി സ്വജീവന്‍ നല്‍കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല.” ഈ പുതിയ നിയമത്തെപ്പറ്റി വിശുദ്ധ തോമസ് അക്വിനോസ് പറയുന്നത് ഇത്തരുണത്തില്‍ ഉദ്ധരണീയമാണ്. “പുതിയ നിയമം പരിശുദ്ധാത്മവിന്‍െറ ദാനമാണ്. മറ്റു നിയമങ്ങളെക്കാള്‍ വളരെ പ്രയാസകരമായ ഒന്നാണത്. ജ്ഞാനസ്നാനത്തിലൂടെ, സ്ഥൈര്യലേപനത്തിലൂടെ, വിശുദ്ധ കുര്‍ബാനയിലൂടെ നമുക്ക് നല്‍കപ്പെടുന്ന ആത്മാവിന്‍െറ ദാനമാണത്”. ദൈവം വിദൂരത്താണെന്ന വികലമായ ആശയത്തെ ഖണ്ഡിച്ചുകൊണ്ട് പാപ്പാ പറഞ്ഞു- ക്രിസ്തുവില്‍ ദൈവം തന്നെ പൂര്‍ണ്ണമായി നമ്മുടെ മുന്‍പില്‍ അവതരിപ്പിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നും അനേകര്‍ ക്രിസ്തുവില്‍ നിന്ന് അകന്ന് കഴിയുന്നു. അവിടത്തെ വദനം ഇനിയും അവര്‍ക്ക് അറിയില്ല. ചിലര്‍ അവിടത്തെ ശക്തിയെ സംശയിക്കുന്നു. ക്രൂശിതനായ ക്രിസ്തുവില്‍ ദൈവത്തിന്‍െറ അപരിമേയശക്തി പ്രകടമാണ്. നശിപ്പിക്കുന്നതാണ്, ഉപദ്രവിക്കുന്നതാണ് മനുഷ്യരായ നമ്മുടെ ശക്തി. എന്നാല്‍ ക്രിസ്തുവില്‍ വെളിവാക്കപ്പെട്ട ദൈവത്തിന്‍െറ അനന്തമായ ശക്തി അതില്‍ നിന്നും വിത്യസ്തമാണ്. യഥാര്‍ത്ഥ സ്നേഹം അപരിമേയ ശക്തിയാണ്. നമുക്കായി സഹിക്കുന്ന സ്നേഹമാണ് അവിടത്തെ ശക്തി. ക്രിസ്തു യഥാര്‍ത്ഥ ദൈവമാണ്. തന്നെത്തന്നെ നമുക്ക് വെളിപെടുത്തിതന്ന. സ്നേഹമായ സര്‍വ്വശക്തനായ ദൈവത്തെ അറിയുന്നവര്‍ ആ അറിവ് പ്രേഷണം ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തും. ദൈവത്തെ അറിയുന്നവര്‍. അവിടത്തെ സ്നേഹത്താല്‍ സ്പര്‍ശിക്കപ്പെടുന്നവര്‍ ക്രിസ്തുവിന്‍െറ ആദ്യശിഷ്യര്‍ ചെയ്തതുപോലെ സഹോദരന്മാരെയും സ്നേഹിതരെയും സമീപിച്ച് പറയും “പ്രവാചകര്‍ ആരെ പറ്റി പ്രവചിച്ചുവോ അവനെ ഞങ്ങള്‍ കണ്ടെത്തി. നമുക്കായി ക്രൂശിക്കപ്പെട്ട യേശുവാണ് അവിടുന്ന്” മുന്തിരിചെടിയുടെ ഉപമയില്‍ കര്‍ത്താവ് പറയുന്നു “ഫലം തരുന്ന ശാഖകളെ കുടുതല്‍ കായിക്കാനായി വെട്ടിയൊരുക്കുന്നു”. ക്രിസ്തുവിനോടെത്ത് ജീവിക്കുന്നത്, അവിടുന്നില്‍ ജീവിക്കുന്നത് ഒരു വിശുദ്ധീകരണപ്രക്രിയയാണ്. ആ പ്രക്രിയയിലൂടെയാണ് അഹത്തില്‍ നിന്നും, സ്വാര്‍ത്ഥതയില്‍നിന്നും നാം വിമുക്തരാകുന്നത്. അനുരഞ്നകൂദാശയിലൂടെയും, വിശുദ്ധ കുര്‍ബാനയിലൂടെയും നാം ജീവിതത്തില്‍ ഉടനീളം വിശുദ്ധീകരിക്കപ്പെടുകയും, ക്രിസ്തുവിന്‍െറ മൗതികശരീരത്തിലെ സജീവ അംഗങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. റോമിലെ അഞ്ചു സെമിനാരിയില്‍ നിന്നുള്ള 190 വൈദികവിദ്യാര്‍ത്ഥികള്‍ ആ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.







All the contents on this site are copyrighted ©.