2010-02-15 17:16:06

 മാനവ ഔന്നത്യം ഉയര്‍ത്തിക്കാട്ടുന്നതിന് ജൈവധാര്‍മ്മികതയ്ക്ക് സ്വാഭാവികനിയമത്തിന്‍െറ പിന്‍ബലം ആവശ്യമെന്ന്, പാപ്പാ


 മാനവ ഔന്നത്യം ഉയര്‍ത്തിക്കാട്ടുന്നതിന് ജൈവധാര്‍മ്മികതയ്ക്ക് സ്വാഭാവിക നിയമത്തിന്‍െറ പിന്‍ബലം ആവശ്യമാണ്. ജൈവധാര്‍മ്മികതയും സ്വാഭാവികനിയമവും തമ്മിലുള്ള ബന്ധം ശാസ്ത്രതലത്തില്‍ നിരന്തരമായ പുരോഗതി നടക്കുന്ന ഇക്കാലത്ത് വളരെ പ്രസക്തമാണ്. ജൈവധാര്‍മ്മികരതയും സ്വാഭാവികനിയമങ്ങളും എന്ന വിഷയത്തെ അധികരിച്ച, ജീവനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ പതിനാറാം പൊതു അസംബ്ളിയില്‍ സംബന്ധിച്ച 120 പേരെ അതിന്‍െറ സമാപനദിനമായ ശനിയാഴ്ച വത്തിക്കാനിലെ പേപ്പല്‍ഭവനത്തില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യവെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. ജൈവധാര്‍മികതയെ ചുറ്റിപറ്റിയുള്ള ചോദ്യങ്ങള്‍ നരവംശശാസ്ത്രപ്രശ്നങ്ങളുടെ പ്രസക്തിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുക പാപ്പാ തുടര്‍ന്നു- മനുഷ്യജീവനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതും, വരുംതലമുറകളുടെ സംസ്ക്കാരത്തില്‍ സ്വാധീനം ചെലുത്തുന്നതുമായ ആ പ്രശ്നങ്ങള്‍ വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തിലെ സംതുലിതവും, രചനാത്മകവും, ഭാവാത്മകവും ആയ വീക്ഷണത്തില്‍ നേരിടുവാന്‍ സഹായിക്കുന്ന ഒരു സമഗ്ര വിദ്യഭ്യാസപദ്ധതി ആവശ്യമാണ്. ക്രൂശിക്കപ്പെട്ട് ഉത്ഥാനം ചെയ്ത യേശുക്രിസ്തുവിലെ വിശ്വാസം ഊന്നിപറയുന്ന ഒരു അടിസ്ഥാനതത്വമാണ് മനുഷ്യന്‍െറ ഔന്നത്യം. എന്നാല്‍ അത് പാവപ്പെട്ടവരിലും, വേധ്യരിലും അവഗണിക്കപ്പെടുന്നു. മനുഷ്യന്‍െറ ഔന്നത്യത്തിന്‍െറ അലംഘനീയത ആദ്യം ആലേഖിതമായത് മനുഷ്യകരങ്ങളാലല്ല. പ്രത്യുത സൃഷ്ട്രാവായ ദൈവം മനുഷ്യഹൃദയങ്ങളിലാണ് അതിനെ ആലേഖനം ചെയ്തത്. അതിനെ ആദരിക്കുവാനും, പരിപോഷിപ്പിക്കുവാനും എല്ലാ വ്യക്തികളും വിളിക്കപ്പെടുന്നു. ധാര്‍മികതത്വങ്ങളുടെ ഉറവിടവും, ആധികാരികതയും സ്വയം അവകാശപ്പെട്ടുകൊണ്ട് വ്യക്തികളെയും, സമൂഹത്ത‍െയും സ്പര്‍ശിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് രാഷ്ട്രം നിയമങ്ങള്‍ ഉണ്ടാക്കുന്നത് എത്ര അപകടകരമാണെന്നതിന് ചരിത്രം സാക്ഷിയാണ്.







All the contents on this site are copyrighted ©.