2010-02-09 16:58:02

ഒറീസ്സായിലെ കാണ്ടമാല്‍ പ്രദേശത്ത് നീതിയിലൂടെയുള്ള അനുരഞ്നം ആവശ്യമെന്ന്, ആര്‍ച്ചുബിഷപ്പ് റഫായേല്‍ ചീനാത്ത്


ഒറീസ്സായിലെ കാണ്ടമാല്‍ പ്രദേശത്ത് നീതിയിലൂടെയുള്ള അനുരഞ്നം, കട്ടാക്ക് ഭൂവനശ്വേര്‍ അതിരൂപതാസാരഥി ആര്‍ച്ചുബിഷപ്പ് റഫായേല്‍ ചീനാത്ത് അടുത്തയിടയിലെ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. അവിടെയുണ്ടായ സംഘര്‍ഷത്തിനു ശേഷം 15 മാസം കഴിഞ്ഞിട്ടും തങ്ങളുടെ ഭവനങ്ങളില്‍ നിന്നും ജീവരക്ഷാര്‍ത്ഥം പ്രയാണം ചെയ്യുവാന്‍ നിര്‍ബന്ധിതരായ ആദിവാസികളായ ആയിരങ്ങള്‍ ഇന്നും വഴിയോരത്തും, കാടുകളിലും, പുനരധിവാസത്തിന് ഒരു പ്രത്യാശയും ഇല്ലാതെ കഴിയുകയാണെന്ന് അദ്ദേഹം പരിതപിക്കുന്നു. ആ സാഹചര്യത്തിലും അവര്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരുടെയും, പോലീസിന്‍െറയും ഭീഷണിക്ക് വിധേയരാകുകയാണ്. ഞങ്ങള്‍ പൂര്‍ണ്ണമായ അനുരഞ്നവും, സ്ഥിരമായ സമാധാനവും ആഗ്രഹിക്കുന്നു. യഥാര്‍ത്ഥ നീതിയിലൂടെ, പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നതിലൂടെ, ഭയം കൂടാതെ സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുവാന്‍ അവര്‍ക്ക് അവസരമേകുന്നതിലൂടെ മാത്രമേ അത് ഉണ്ടാകുകയുള്ളൂ. അക്രമവിധേയര്‍ സഹതാപം അര്‍ഹിക്കുന്നു. എന്നാല്‍ പുതിയ നിയമങ്ങളും, നിരോധനങ്ങളും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ അവരെ കുടുതല്‍ കഷ്ടപ്പെടുത്തുകയും, ദുരിതാശ്വാസ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയുമാണ്. ദളിതക്രൈസ്തവരാണ് ഏറ്റവും സഹനവിധേയരാകുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാ സമൂഹങ്ങള്‍ക്കും ഉപകാരപ്രദമാകത്തക്കവിധം പ്രവര്‍ത്തിക്കണം, ആര്‍ച്ചുബിഷപ്പ് റഫായേല്‍ ചീനാത്ത് പ്രസ്താവനയില്‍ തുടര്‍ന്നു പറയുന്നു.







All the contents on this site are copyrighted ©.