2010-02-08 18:29:02

ദമ്പതികളാണ് സമൂഹത്തിന്‍റെ
ഭാവിസമ്പത്തും നിധിയുമെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


8 ഫെബ്രുവരി 2010
അജപാലന ശുശ്രൂഷയില്‍ കുടുംബങ്ങളുടെ രൂപീകരണത്തിന് ഏറെ പ്രാധാന്യം നല്കണമെന്ന് കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Family)
19-ാമത് സമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ പറഞ്ഞു. ഫെബ്രുവരി 8-ന്, തിങ്കളാഴ്ച ആരംഭിച്ച കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം 10-വരെ നീണ്ടുനില്ക്കും. ആഗോളസഭയിലുള്ള കുടുംബ പ്രേഷിതജോലിയില്‍ കൂടുതല്‍ ഉത്തേജനം പകരുന്നവിധം ഭാവിപദ്ധതികള്‍ ക്രമീകരിക്കുവാന്‍ സമ്മേളനത്തോട് ആഹ്വാനംചെയ്ത മാര്‍പാപ്പ, ദമ്പതിമാരുടെ വിളിയിലും അവരുടെ രൂപീകരണത്തിലും അടിയന്തിരമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണെന്നും പറഞ്ഞു. കാരണം, ക്രൈസ്തവ ദമ്പതികളാണ് സമൂഹത്തിന്‍റെ ഭാവിസമ്പത്തും നിധിയുമെന്നും, ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ ദമ്പതികള്‍ക്ക് ലോകത്തിന്‍റെ
ഭാവി നന്മയ്ക്കായി ഒരു പ്രേഷിത-പ്രാവാചക ദൗത്യമാണുള്ളതെന്നും മാര്‍പാപ്പ അനുസ്മരിപ്പിച്ചു.

1989-ല്‍ ഐക്യ രാഷ്ട്രസംഘടയുടെ ജനറല്‍ അസംബ്ളി നടത്തിയ കുട്ടികളുടെ അടിസ്ഥാന അവകാശ പ്രഖ്യാപനത്തിന്‍റെ 20-ാമത്തെ വാര്‍ഷികത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് "കുട്ടികളുടെ മൗലികാവകാശങ്ങള്‍," എന്ന വിഷയമാണ് ഇത്തവണത്തെ സമ്പൂര്‍ണ്ണ സമ്മേളനം പഠനവിഷയമാക്കിയിട്ടുള്ളത്. കുട്ടികളെ തന്‍റെ ചാരത്തണച്ച ക്രിസ്തുനാഥന്‍റെ മാതൃകയനുകരിച്ച്, ചരിത്രകാലമൊക്കെയും ശിശുക്കളുടെ ക്ഷേമത്തിനും സംരക്ഷണയ്ക്കുംവേണ്ടി സേവനമനുഷ്ഠിച്ചിട്ടുള്ള സഭ, ഇനിയും അവരുടെ അന്തസ്സും അവകാശങ്ങളും ലോകമെമ്പാടും മാനിക്കപ്പെടുന്നതിനുവേണ്ടി നിരന്തരമായ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതാണ് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. 2009-ല്‍ മെക്സിക്കോയില്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച 6-ാമത് ലോക കുടുംബ സമ്മേളനത്തിനും 2012-ല്‍ ഇറ്റലിയിലെ മിലാനില്‍ നടത്തപ്പെടുവാന്‍ പോകുന്ന 7-ാമത് ആഗോള സമ്മേളനത്തിനുമിടയില്‍ ഈ സമ്പൂര്‍ണ്ണ സമ്മേളനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും, സമൂഹത്തിന്‍റേയും സഭയുടേയും അടിസ്ഥാന ഘടകമാകുന്ന കുടുംബങ്ങളുടെ മൂല്യബോധം വളര്‍ത്തുവാന്‍ കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ചെയ്തുകൊണ്ടിരിക്കുന്നതും തുടക്കമിട്ടതുമായ നൂതന പദ്ധതികളെ മാര്‍പാപ്പ ശ്ലാഘിക്കുകയും കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ അന്‍റൊണേല്ലിക്കും മറ്റംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദിപറയുകയും ചെയ്തു.







All the contents on this site are copyrighted ©.